കുരിശു വഹിച്ച് കൊലസ്ഥലത്തേക്ക് നടക്കുന്ന യേശുവിനെ പിന്തുടരാനും അവനുവേണ്ടി അല്പം കണ്ണീരു തൂകാനും ഒരുപറ്റം സ്ത്രീകളല്ലാതെ ഒറ്റ ഒരു പുരുഷനും ഉണ്ടായിരുന്നതായി ബൈബിൾ രേഖപ്പെടുത്തിയിട്ടില്ല. അവരെ നോക്കി യേശുവിനും പറയാനുണ്ടായിരുന്നത് ഇത്രമാത്രം; 'യെരുശലേം പുത്രിമാരെ, നിങ്ങളെന്നെച്ചൊല്ലി കരയേണ്ട. നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിൻ.' യെരുശലേം പുത്രിമാരുടെ ആ കണ്ണുനീരിന് ഇന്നും അറുതി വന്നിട്ടില്ല. അവരിപ്പോഴും അവരുടെ മക്കളെച്ചൊല്ലി കരഞ്ഞുകൊണ്ടിരിക്കുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ചതിന്റെ പേരിൽ കുറ്റവിചാരണ നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെയും വിവാഹവാഗ്ദാനം നൽകി കാമുകിയെ വഞ്ചിച്ച വൈദികനെയും കുമ്പസാരരഹസ്യത്തിന്റെ മറവിൽ ഭർത്തൃമതിയും രണ്ടു കുട്ടികളുടെ മാതാവും ആയ അദ്ധ്യാപകയുവതിയെ പരസ്പരം കൂട്ടിക്കൊടുത്ത് അവഹേളനപാത്രമാക്കിയ മറ്റ് സഹ വൈദികരെയും പ്രസവിച്ച ഓരോ അമ്മമാരുണ്ട്. തീർച്ച. അവർ പരിശുദ്ധസഭയുടെ പുത്രിമാരാണ്. അവരെങ്ങനെ അവരുടെ ഇത്തരം മക്കളെ ചൊല്ലി കരയാതിരിക്കും. 'ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനഹേതുവാകുന്നു' (സദൃശ്യവാക്യങ്ങൾ 10:1) എന്ന് സോളമൻ പറഞ്ഞത് ഇത്തരം മക്കളെക്കുറിച്ചാകും.
ബൈബിൾ വീണ്ടും ഉദ്ധരിക്കുന്നത് വായനക്കാർ ക്ഷമിക്കുക. 'ഒരമ്മയുടെ മക്കളായ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു. അവർ യൗവനത്തിൽതന്നെ പരസംഗം ചെയ്തു. അവിടെ അവർ അവരുടെ മുലപിടിച്ചു. അവരുടെ കന്യാകുചാഗ്രം ഞെക്കി. അവരിൽ മൂത്തവൾക്കു ഒഹാലാ എന്നും ഇളയവൾക്കു ഒഹാലീബാ എന്നും പേരായിരുന്നു. അവർ എനിക്കുള്ളവരായിരുന്നു. ഒഹാലാ എന്നത് ശമര്യയും ഒഹാലീബാ എന്നത് യെരുശലേമും ആകുന്നു' (യെഹസ്ക്കേൽ 23:2-4). ഏറെയൊന്നും വായിക്കപ്പെടാത്തതും വ്യാഖ്യാനിക്കപ്പെടാത്തതുമായ ഇത്തരം നിരവധി പരാമർശങ്ങൾകൊണ്ട് സമൃദ്ധമാണ് ബൈബിൾ പഴയ നിയമത്തിലെ പ്രവചനഗ്രന്ഥങ്ങൾ. ഏതെങ്കിലും ചില ഒറ്റപ്പെട്ട വ്യക്തികളല്ല ഇവിടെ വ്യഭിചാരക്കുറ്റത്തിൽ ഏർപ്പെടുന്നത്. പിന്നെയോ, ശമര്യയും യെരുശലേമും എന്ന രണ്ടു പൗരാണിക മതസമൂഹങ്ങളാണ്.
കേരള ക്രിസ്ത്യാനികളുടെ വർത്തമാനകാല പശ്ചാത്തലത്തിൽ ഇവിടെ ഉദ്ധരിച്ച ബൈബിൾ വാക്യത്തിലെ ശമര്യ കത്തോലിക്കാസഭയും യെരുശലേം ഓർത്തഡോക്സ് സഭയും ആണ്. രണ്ടും ഒരേ തായ്ത്തടിയിൽനിന്നു മുളച്ച രണ്ടു മരക്കൊമ്പുകളാണ്. 1612 ലെ കൂനൻകുരിശുസത്യത്തോടെ ഒരുകൂട്ടർ പുത്തൻ കൂറ്റും മറ്റേക്കൂട്ടർ പഴയ കൂറ്റും എന്ന പേരിൽ പരസ്പരം വേർപിരിയുകയായിരുന്നു. സ്ത്രീകൾക്കെതിരായ വിവേചനം, പുരോഹിതവാഴ്ചയുടെ അപ്രമാദിത്വം, അംഗീകരിക്കൽ, ദൈവത്തെക്കാളേറെ പുണ്യവാളന്മാരെയും പുണ്യവതികളെയും പൂജിക്കൽ, സിമ്പിളും ഓർഡിനറിയുമായ പാവം വിശ്വാസികളെ ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഒപ്പം നിറുത്തുക ഈവക കാര്യങ്ങളിലൊന്നും ഈ രണ്ടു പുരാതന സഭകളും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല.
