സഞ്ജയനു ശേഷം രൂക്ഷമായ രാഷ്ട്രീയ പരിഹാസംകൊണ്ട് മലയാളിയുടെ പത്രവായനയെ പോഷിപ്പിച്ച പത്രപ്രവർത്തകനാണ് എൻ. പി. രാജേന്ദ്രൻ. മുപ്പത്തിമൂന്നു വർഷത്തെ പത്രപ്രവർത്തന ജീവിതത്തിൽനിന്നും അദ്ദേഹം കഴിഞ്ഞ വർഷം ആഗസ്റ്റിൽ വിരമിച്ചു. വിരമിക്കുമ്പോൾ മാതൃഭൂമിയിൽ ഡെപ്യൂട്ടി എഡിറ്ററായിരുന്നു. 'വിശേഷാൽപ്രതി' എന്ന ശ്രദ്ധേയ മായ പ്രതിവാരകോളത്തിലൂടെ ഇന്ദ്രൻ എന്ന തൂലികാനാമം ഉപയോഗിച്ച് തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഇരുപതു വർഷക്കാലമായി മലയാളിയോട് പങ്കുവച്ചുകൊണ്ടിരിക്കുകയുമാണ് അദ്ദേഹം. പ്രസ് അക്കാദമിയുടെ ചെയർമാനും വൈസ് ചെയർമാനും കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡണ്ടും കോഴിക്കോട് ജില്ലാ പ്രസിഡണ്ടും ആയിരുന്നു. തന്നിലെ പത്രപ്രവർത്തകനെ രൂപപ്പെടുത്തിയ രാഷ്ട്രീയത്തെ കുറിച്ചും പത്രപ്രവർത്തനത്തിന്റെ വർത്തമാനകാല നൈതികതയെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
ജീവൻ ജോബ് തോമസ്: ഉള്ളിലെ പത്രപ്രവർത്തകനെ നിർമ്മിച്ചെടുത്ത ഒരു രാഷ്ട്രീയബോധം ഉണ്ടാവുമല്ലോ. അതെങ്ങനെയാണ് രൂപപ്പെട്ടത്?
എൻ.പി. രാജേന്ദ്രൻ: തലശ്ശേരി സെന്റ് ജോസഫ്‌സിലായിരുന്നു എന്റെ ഹൈസ്‌കൂൾ വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് 67 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വരുന്നത്. അത് വലിയ സമരങ്ങളുടെ ഒരു കാലം കൂടിയായിരുന്നല്ലോ. ഭക്ഷ്യ പ്രശ്‌നമൊക്കെ വല്ലാതെ ഉയർന്നു വന്നു. അരിവില കുതിച്ചുയർന്നു. അരി കിട്ടാനില്ലാതെയായി. കേന്ദ്രം കേരളത്തിന്റെ ഭക്ഷ്യക്വാട്ട കുറച്ചു. അന്ന് സെന്റ് ജോസഫ്‌സിൽ വിദ്യാർഥികളുടെ സമരം ഉണ്ടായിരുന്നു. സംഘടനയൊന്നും ഇല്ല. പക്ഷേ, വിദ്യാർത്ഥികൾ സമരം നടത്തി. എട്ടാം ക്ലാസിലാണെങ്കിലും, എന്താ സംഭവം എന്നൊന്നും കാര്യമായി അറിയില്ലെങ്കിലും ഞാനും സമരത്തിൽ പങ്കെടുത്തു. സമരം കഴിഞ്ഞതോടെയാണ് സ്‌കൂളിൽ കെ.എസ്.യു. ഉണ്ടാകുന്നത്. മറ്റു സംഘടനകളൊന്നും അന്ന് ആ സ്‌കൂളിലില്ല. അപ്പൊ ഞാനും കെ.എസ്.യു ആയി. പക്ഷേ, അതൊന്നുമല്ലാതെ തന്നെ വല്ലാത്ത ഒരു രാഷ്ട്രീയ അഭിനി വേശം ഉണ്ടായിരുന്ന കാലമായിരുന്നു അത്. സ്ഥിരമായ പത്രം വായന ഉണ്ടാക്കിയ ഒരു രാഷ്ട്രീയ സ്വാധീനമുണ്ട്. പിന്നെ ബ്രണ്ണൻ കോളജിലാണ് പ്രീഡിഗ്രിക്കു ചേർന്നത്. അക്കാലത്ത് ഈ രാഷ്ട്രീയം തുടർന്നു പോന്നു. പ്രീഡിഗ്രിക്കാലം മുഴുവൻ ഞാൻ കെ. എസ്. യു ആയിരുന്നു. പിന്നെ പരിവർത്തനവാദികളുടെ കൂടെയായി. അതിന്റെ കീഴിൽ ഇലക്ഷനു മത്സരിച്ചു. അപ്പോഴൊക്കെയാണ് പൊതുപ്രവർത്തനമാണ് മേഖല എന്ന തോന്നലുണ്ടായത്.
