നിങ്ങൾ ഒരു പുതിയ രാഷ്ട്രീയ പാർട്ടി തുടങ്ങാൻ പോകുന്നു എന്ന് കരുതുക. കട തുടങ്ങുന്നത് പോലെയോ വ്യവസായ സംരംഭം പോലെയോ സ്‌കൂളോ കോളജോ ആശുപത്രിയോ തുടങ്ങുന്നത് പോലെയോ ആണോ രാഷ്ട്രീയ പാർട്ടി തുടങ്ങുന്നത് എന്ന് തോന്നാവുന്നതാണ്. പക്ഷേ, എന്തു തുടങ്ങുമ്പോഴായാലും അടിസ്ഥാനപരമായ ഒരു മാർക്കറ്റ് പഠനം ആവശ്യമായിരിക്കുമല്ലോ. നിങ്ങൾ ജനങ്ങൾക്ക് മുന്നിലേക്ക് വെക്കുന്ന രാഷ്ട്രീയതത്ത്വചിന്ത എന്ത് തരത്തിലാവും ചെലവാക്കുക എന്ന മുൻധാരണ കൂടിയേ തീരൂ. ആ മാർക്കറ്റ് പഠനത്തിൽ നിങ്ങൾ പ്രധാനമായും ഉൾപ്പെടുത്തുന്ന വിഷയങ്ങൾ എന്തായിരിക്കും?
കേരളജനതയുടെ രാഷ്ട്രീയ സ്വഭാവത്തിന്റെ പരിണാമം വിശദമായ പല തരത്തിലുള്ള അവലോകനങ്ങൾക്കും നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും ഇന്ത്യയിലെ തന്നെ ഏറ്റവും വിദ്യാസമ്പന്ന സമൂഹം എന്ന നിലയിൽ സ്വാഭാവികമായും രാഷ്ട്രീയ വിചാരത്തിൽ ഔന്നത്യം ഉണ്ട് എന്ന് സ്വയം വിശ്വസിക്കുന്ന ഒരു ജനതകൂടിയാണ് നമ്മുടേത്. അതുകൊണ്ടുതന്നെ ഏറ്റവും പുതിയ കാലത്ത് ഒരു രാഷ്ട്രീയ സംവിധാനത്തോട് ഇവിടുത്തെ ജനത ഏതു വിധത്തിലാണ് അടുപ്പം കാണിക്കുന്നത് എന്ന് നമ്മൾ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ഏതു തരം രാഷ്ട്രീയ തത്ത്വചിന്തകളാണ് ഇവിടുത്തെ ജനതയെ ഏറ്റവും അധികം സ്വാധീനിക്കുക? എന്തിന്റെ പിൻബലത്തിലാണ് ഓരോ പൗരനും ഇവിടെ വോട്ടു ചെയ്യുന്നത്? താൻ ഒരു വോട്ടു ചെയ്തു എങ്കിൽ തിരിച്ച് ആ വോട്ടർ എന്താണ് പ്രതീക്ഷിക്കുന്നത്? ഇത്തരം കാര്യങ്ങളെ നിങ്ങൾ വളരെ സൂക്ഷമായി വിലയിരുത്തേണ്ടിവരും. ഒരു പുതിയ രാഷ്ട്രീയ പാർട്ടി തുടങ്ങിമ്പോൾ ആ പരിശോധനയ്ക്കായിരിക്കും നിങ്ങൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കേണ്ടി വരിക.
കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് യാത്ര ചെയ്യുകയാണ്. എല്ലാ പ്രധാന രാഷ്ട്രീയ കക്ഷികളും കേരളമെമ്പാടും ഇളക്കി മറിച്ചു കൊണ്ടുള്ള ജാഥകൾ തുടങ്ങി കഴിഞ്ഞു. പുതിയ രാഷ്ട്രീയ സമസ്യകൾ, വികസന സങ്കൽപ്പങ്ങൾ എല്ലാം ആവേശപൂർവം നമ്മുടെ സമൂഹം ചർച്ച ചെയ്യാൻ തുടങ്ങി. പതിറ്റാണ്ടുകളായി കേരളത്തിൽ മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്ന രണ്ടു കക്ഷികൾക്കപ്പുറം, അവർ ഇതുവരെ പറഞ്ഞ രാഷ്ട്രീയത്തിനപ്പുറം ഇനി പുതിയതെന്ത് പറയും എന്ന ചിന്ത സാധാരണ മനുഷ്യർക്കിടയിൽ സ്വാഭാവികമായി നിലനിൽക്കുന്നതാണ്. ആ സാഹചര്യത്തിൽ ഈ തരത്തിലുള്ള സൂക്ഷ്മചിന്തയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ട്. അതിനപ്പുറമുള്ള ചില കാര്യങ്ങളും ഉണ്ട്. പുതുതായി രൂപം കൊണ്ട രാഷ്ട്രീയ ചലനങ്ങളും പുതുതായി ശക്തിപ്പെടുന്ന രാഷ്ട്രീയ ചലനങ്ങളും എങ്ങനെയാണ് നമ്മുടെ സമൂഹത്തെ സ്വാധീനിക്കാൻ പോകുന്നത് എന്നറിയണമെങ്കിലും ഇത് അത്യാവശ്യമാണ്.
