എതിർവർഗ്ഗത്തിലെ മുഖമില്ലാത്തവൾ

Society

എതിർവർഗ്ഗത്തിലെ മുഖമില്ലാത്തവൾ


ഇക്കഴിഞ്ഞ ജനുവരി അവസാനവാരം കേരള തലസ്ഥാനത്ത് ആയിരത്തി മുന്നോറോളം ദേശീയ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന സ്ത്രീമഹാസമ്മേളനത്തിൽ പ്രധാനമായും ഉയർന്നത് സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കും, അത്യാചാരങ്ങൾക്കും എതിരെയുള്ള മുഴക്കങ്ങളായിരുന്നു. പുതിയ അന്വേഷണങ്ങൾ ആവശ്യമാണ്, അധികാരി വർഗ്ഗങ്ങളാൽ നടത്തപ്പെടുന്ന, പൊതുസമൂഹം മൗനം പാലിക്കുന്ന അതിക്രമങ്ങൾക്കെതിരെയും സംസാരിക്കേണ്ടതുണ്ട്, ഇറോംശർമ്മിളയുടെ വർഷങ്ങൾ നീണ്ട നിരാഹാര സഹനസമരത്തോടു പൊതുസമൂഹം പുലർത്തുന്ന നിസ്സംഗത അപലപിയ്ക്കപ്പെടേണ്ടതാണ് എന്നൊക്കെയുള്ള ചിന്തകൾ കൂടി അവിടെ ഉയർന്നു വന്നു. 'സ്ത്രീകൾ, വർഗ്ഗീയതയുടെ ഇരകൾ' എന്ന സെമിനാറിൽ പങ്കെടുത്ത മനുഷ്യാവകാശപ്രവർത്തകനും, ജസ്റ്റിസ് കൃഷ്ണയ്യരുടെ സഹചാരിയുമായ ബോംബെ ഹൈക്കോടതി റിട്ട. ജസ്റ്റിസ് സുരേഷ് ഹോസ്‌ബെറ്റ് 2002 ലെ ഗുജറാത്തിനെപ്പറ്റി ഏറെ സംസാരിച്ചു. നരേന്ദ്രമോഡിയുടെ ചോരപുരണ്ട കൈകളെപ്പറ്റിയും അധികാരസ്ഥാനങ്ങളുടെ അനുമതിയോടെ അരങ്ങേറിയ ജീനോസൈഡ്(Genocide) അല്ലെങ്കിൽ വർഗ്ഗോന്മൂലനപ്രക്രിയയെപ്പറ്റിയും ആധികാരികമായി സംസാരിക്കാൻ ആർജ്ജവം കാണിച്ചു അദ്ദേഹം. ഗുജറാത്തിൽനിന്നുവന്നസ്ത്രീകൾ (അവർ വർഗ്ഗോന്മൂലന ശ്രമത്തിനു വിധേയരായ വിഭാഗത്തിൽപ്പെട്ടവരല്ലായിരുന്നു) വികാരാവേശത്തോടെ മോഡിയ്‌ക്കെതിരെ ആത്മരോഷം കൊള്ളുന്നതും കണ്ടു. ഝാർഖണ്ഡിൽ നിന്നുള്ള സ്ത്രീപ്രതിനിധി കോർപ്പറേറ്റുകൾക്കു വേണ്ടി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന സ്വന്തം കുടുംബത്തിന്റെ അനുഭവം ഭീതിയോടെ, നിസ്സഹായതയോടെ അവതരിപ്പിച്ചതും ഞെരുക്കുന്ന അനുഭവമായി.

വാസ്തവത്തിൽ പീഡകനായ പുരുഷനും പീഡിതയായ സ്ത്രീയും എന്ന രണ്ടു ദ്വന്ദങ്ങളായല്ല നാമീ സമസ്യയെ സമീപിക്കേണ്ടത് എന്നു തോന്നുന്നു. വർഗ്ഗങ്ങളും ജാതികളും വിവിധ സാമ്പത്തികശ്രേണികളും, ഭിന്നദേശവാസികളുമായി വിഭജിച്ചു കിടക്കുന്ന സ്ത്രീ സമൂഹങ്ങളുടെ പ്രശ്‌നങ്ങൾ വ്യത്യസ്തങ്ങളാണെന്നും എങ്കിലും എല്ലാറ്റിനെയും ബന്ധിപ്പിക്കുന്ന അമൂർത്തമായ സാദൃശ്യങ്ങൾ ഉണ്ടെന്നും, വ്യത്യസ്തമായി പ്രശ്‌നങ്ങളെ കാണുമ്പോഴും സ്ത്രീകൾ മുഖമില്ലാത്ത വെറും കൂട്ടങ്ങളായി മാത്രം പരിഗണിക്കപ്പെട്ടു കൂടെന്നുമുള്ള വിവേകമായിരിക്കണം ഉണ്ടാകേണ്ടത് എന്നു തോന്നുന്നു.

ഇന്ത്യയിൽ ഇതുവരെ നടന്നിട്ടുള്ള ഭീകര കൂട്ടക്കൊലകളിലും കലാപങ്ങളിലും വലിയൊരു പങ്ക് വർഗ്ഗീയ പരിവേഷമുള്ളവയാണ്. എങ്കിലും രാഷ്ട്രീയത്തിന്റെ കറുത്ത കൈകൾ അവയിൽ പലതിന്റെ പുറകിലും നിഴലായി കാണാം. മതപരമായ ഉരസലുകൾക്കപ്പുറം സാമൂഹ്യസാമ്പത്തിക അസമത്വത്തിന്റെ അസഹിഷ്ണുതകൾ പ്രതിഫലിപ്പിക്കുന്നവയായിരിക്കും മറ്റു ചിലവ. പൊതുവേ മതതീവ്രവാദമെന്നു കരുതിയേക്കാവുന്ന ഒറ്റപ്പെട്ട സംഭവങ്ങളിലും ഹീനരാഷ്ട്രീയത്തിന്റെ കള്ളക്കളികൾ കാണാവുന്നതാണ്. മതപരിവർത്തന ശ്രമങ്ങളാരോപിച്ച് കന്യാസ്ത്രീകളെയും പാതിരിമാരെയും ആക്രമിക്കുന്ന സംഭവങ്ങളും, ലൗജിഹാദ് വിവാദങ്ങളും, ദുരഭിമാനക്കൊലകളും ഒക്കെ മാറി വരുന്ന വർഗ്ഗീയരാഷ്ട്രീയത്തെക്കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. തീവ്രവാദ പ്രവർത്തനങ്ങളെപ്പറ്റിയുള്ള ഭീതികൾക്കപ്പുറത്ത് എതിർവർഗ്ഗത്തെ താറടിയ്ക്കാനായി ഉണ്ടാക്കിയെടുക്കുന്ന വ്യാജ ആക്രമണങ്ങളിലും ഏറ്റുമുട്ടൽ കൊലപാതകങ്ങളിലും രാജ്യസുരക്ഷാനിയമങ്ങളുടെ പേരിലുള്ള ഭരണകൂട പിൻബലമുള്ള അതിക്രമങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും പുരുഷ രാഷ്ട്രീയത്തിന്റെ നഗ്നമായ കളികളുണ്ട്. എല്ലാറ്റിലും ഏറെ മുറിവേല്ക്കപ്പെടുന്നതും സ്ത്രീക്കാണുതാനും.


Related Articles