മലയാളക്കരയ്ക്കു പുറത്ത് മറ്റൊരു കേരളം സാധ്യമാണ്. അത് ഒരു നൂറ്റാണ്ടിലേറെയായി, ആദ്യം തെളിയിച്ച ഒരു കൂട്ടരുണ്ട്; സിംഗപ്പൂരിലെ മലയാളികൾ. കുറഞ്ഞത് 1910 കളുടെ മദ്ധ്യം മുതൽ 1940-കൾ വരെ നീണ്ടുനിന്ന സമ്മോഹനമായ ഒരു കാലം മലയാളത്തിന്റേതായി സിംഗപ്പൂരിനു പറയാനുണ്ട്. അതിന് മുമ്പും ശേഷവും മലയാളികൾ അവിടെയുണ്ടായിരുന്നില്ലെന്നല്ല. ഇപ്പോഴും അവിടുത്തെ ശ്രദ്ധേയ സമൂഹങ്ങളിൽ ഒന്നാണ് ‘സിംഗപ്പൂർ മലയാളികൾ’. ‘സുവർണകാല’ത്തിനുശേഷവും ഇപ്പോൾ സിംഗപ്പൂരിൽ 26,693 മലയാളികളുണ്ട്.1 തമിഴർ കഴിഞ്ഞാൽ (എണ്ണം 198,449) ഏറ്റവുമധികമുള്ള ഇന്ത്യക്കാർ മലയാളികളാണ്.2 ഭാഗ്യാന്വേഷികളായി 1901-1941 കാലത്തുമാത്രം സിംഗപ്പൂർ ഉൾപ്പെടെയുള്ള കേരളത്തിൽനിന്ന് പോയവരുടെ എണ്ണം ഒന്നരലക്ഷത്തിലധികമാണ്.
സിംഗപ്പൂരിലേക്കു മലയാളികൾ ആദ്യമായി എത്തിയതെന്നാണ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. 1062-1070 കാലത്ത് രാജേന്ദ്ര ചോളൻ ‘സിംഹപുരിയായിരുന്ന’ സിംഗപ്പൂരുൾപ്പെടെയുള്ള ഭാഗങ്ങളിൽ എത്തിയതായും അദ്ദേഹത്തിെന്റെ പിൻമുറക്കാർ അവിടം ഭരിച്ചതായുമൊക്കെ വാദങ്ങളുണ്ട്.3 മിക്ക ചരിത്രകാരും ആധുനിക സിംഗപ്പൂരിന്റെ തുടക്കമായി പറയുന്നത് 1819 ജനുവരിയിൽ ബ്രിട്ടീഷുകാരനായ തോമസ് സ്റ്റാംഫോർഡ് റാഫിൾസ് എത്തിയതാണ്. അന്ന് ടെമെൻഗുങ്ങിന്റെ ഭരണത്തിൻ കീഴിൽ സിംഗപ്പൂരിൽ ഏകദേശം 120 മലായ് വംശജരും 30 ചൈനക്കാരും ചില തദ്ദേശീയ ഗോത്രങ്ങളും (ഒറാങ് ലൗട്ട്) ഉണ്ടായിരുന്നുവെന്നാണ് വാദം.3 1826-ലെ ഔദ്യോഗിക സെൻസസ് കണക്കുകൾപ്രകാരം സിംഗപ്പൂരിലെ മൊത്തം ജനസംഖ്യ 13,750 ആയിരുന്നു, ഇതിൽ 6,088 പേർ ചൈനക്കാർ, 4,790 മലായ് വംശജർ, 1,242 ബുഗികളുമായിരുന്നു. അന്ന് അവിടെ 1,021 പേർ ഇന്ത്യക്കാരുണ്ട്. അതിൽ 244 പേർ ബംഗാളിൽനിന്നുള്ളവരാണ്. 777 പേർ കോറമാണ്ടൽ തീരത്ത് നിന്നുള്ളവരായിരുന്നു.4 1920-കളുടെ അവസാനം മുതൽ 1940-കളുടെ മധ്യംവരെ മലയായിലും സിംഗപ്പൂരിലും അഭിഭാഷകനായി പ്രവർത്തിച്ച, മാതൃഭൂമിയുടെ മുൻ പത്രാധിപർ കെ.പി.കേശവമേനോൻ 1956-ൽ എഴുതിയ ആത്മകഥയിൽ മുകളിലെ കഥ പറയുന്നുണ്ട്: ‘‘1819-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനായ തോമസ് സ്റ്റാംഫോർഡ് റാഫിൾസ് വേറേ രണ്ടുപേരോടുകൂടി ആ ദ്വീപിലിറങ്ങിയപ്പോൾ ചുള്ളിക്കാടുകളും മുക്കുവക്കുടിലുകളും മാത്രമാണവിടെ കണ്ടത്. അന്ന് ആ ദ്വീപ് ജോഹൂർ സുൽത്താന്റെ അധീനത്തിലായിരുന്നു. ഒരു കാലത്ത് "സിംഹപുരി' എന്നറിയപ്പെട്ടിരുന്ന ഒരു വലിയ പട്ടണം ആ ദ്വീപിലുണ്ടായിരുന്നുവെന്നും പതിനാലാം നൂറ്റാണ്ടിൽ ജാവക്കാരാണ് ആ പട്ടണം നശിപ്പിച്ചതെന്നും ചരിത്രത്തിൽ കാണുന്നു. "സിംഹപുരി'യുടെ നഷ്‌ടപ്പെട്ടുപോയ പെരുമ വീണ്ടെടുക്കുന്നതിനു റാഫിൾസ് തീർച്ചപ്പെടുത്തി. 1824-ൽ ജോഹൂർ സുൽത്താന്റെ കൈയിൽ നിന്ന് ആ ദ്വീപിനെ സംബന്ധിച്ച എല്ലാ അവകാശങ്ങളും അധികാരങ്ങളും ബ്രിട്ടീഷുകാർ ഏറ്റെടുത്തു. അതിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം കണ്ടറിയുവാൻ കഴിഞ്ഞിരുന്ന റാഫിൾസ് സിംഗപ്പൂരിന്റെ അഭിവൃദ്ധിക്കാവശ്യമായ പ്രാരംഭപ്രവൃത്തികൾ തുടങ്ങി. ഇന്നും ഓരോ വിധത്തിൽ അവ തുടർന്നുവരുന്നു.കുറേക്കാലം സിംഗപ്പൂരിന്റെ ഭരണം നടത്തിയിരുന്നത് ഇന്ത്യാ ഗവൺമെന്റായിരുന്നു. 1867-ലാണ് ആ ബന്ധം വേർപെടുത്തിയത്. പന്ത്രണ്ട് ലക്ഷത്തോളം ജനങ്ങളുള്ള സിംഗപ്പൂരിൽ എട്ടര ലക്ഷത്തിലധികം ചീനന്മാരാണ്. ഒന്നര ലക്ഷം മലയാക്കാരും. ഇന്ത്യക്കാർ 87,000 ഉണ്ടാകും. വെള്ളക്കാരും മറ്റുമാണ് ബാക്കിയുള്ളവർ.’’5 സിംഗപ്പൂരിലെ ഏറ്റവും പഴക്കമുള്ള മലബാർ മുസ്‌ലിം കബറിസ്ഥാനിൽനിന്നുള്ള തെളിവുകൾ സൂചിപ്പിക്കുന്നതനുസരിച്ച് 1819-ൽ അവിടെ മലയാളികൾ ഉണ്ടായിരുന്നുവെന്നാണ്.6 മലയായുമായി കെട്ടുപിണഞ്ഞതാണ് സിംഗപ്പൂരിന്റെ ചരിത്രം. സമാനമാണ് മലയാളി പുറംവാസത്തിന്റെയും കഥ.
