വി.കെ.എൻ രചിച്ച പിതാമഹൻ എന്ന നോവലിലെ നായകനായ സർ ചാത്തു എന്ന ചാത്തു നായർ കൊച്ചി വാഴുന്ന ഭരണിതിരുനാൾ മഹാരാജാവിന്റെ പ്രജയാണെന്ന് ആദ്യ അദ്ധ്യായത്തിലേ പറയുന്നു. കർഷകനാണെങ്കിലും തൊഴിൽ കൊച്ചി അങ്ങാടിയിൽ അരി എത്തിക്കലാണ്. തൃശൂരിൽ നായരങ്ങാടി ഉണ്ടെങ്കിലും നായന്മാർ പൊതുവേ കച്ചവടം ചെയ്യുന്ന സമൂഹമല്ല. പ്രത്യേകിച്ച് ചാത്തു നായരുടെ തട്ടകമായ തിരുവില്വാമലയിലെ നായന്മാർ. കൊച്ചി ഭരണിതിരുനാൾ മഹാരാജാവിെന്റ പ്രജയാണ് നായകനെന്ന് പറയുന്നു. കൊച്ചി രാജാക്കന്മാർക്ക് ആകെ മൂന്നു പേരുകളേയുള്ളൂ–രവിവർമ്മ, കേരളവർമ്മ, രാമവർമ്മ. ഡോ. എഫ് ഡേയുടെ പെരുമാക്കന്മാരുടെ രാജ്യം എന്ന കൃതിയിൽ 16-ാം നൂറ്റാണ്ടുമുതൽ കൊച്ചി വാണ രാജാക്കന്മാരുടെ കാലാനുക്രമമമായ പട്ടിക കൊടുത്തിട്ടുണ്ട്. 1805ൽ തീപ്പെട്ട ശക്തൻ തമ്പുരാന്റെ പേരുതന്നെ രാമവർമ്മ എന്നാണ്. ജന്മനാളുകൾ വരുന്നത് തിരുവിതാംകൂർ രാജാക്കന്മാർക്കാണ്. തിരു-കൊച്ചി സംയോജനത്തോടെ രാജവാഴ്ചയും ഇല്ലാതായി.
ഒരു ചരിത്രപുരുഷന്റെ ജീവിതമോ ചരിത്ര സംഭവങ്ങളോ ഭാവനയിൽ ആവിഷ്‌ക്കരിക്കുന്നതാണ് ചരിത്രനോവൽ. മാർത്താണ്ഡവർമ്മ മുതൽ നിരവധി ചരിത്രനോവലുകൾ ഭാഷയിൽതന്നെ ഉണ്ടായിട്ടുണ്ട്. കൊച്ചി രാജ്യചരിത്രമാണ് ‘പിതാമഹൻ' പശ്ചാത്തലമാക്കുന്നത്. കൊച്ചി പ്രധാനമന്ത്രിയായിരുന്ന ടി.കെ. നായർ വി.കെ.എന്റെ ബന്ധുവാണ്. അദ്ദേഹം കോൺഗ്രസ് പക്ഷത്തല്ല, രാജപക്ഷത്തുനിന്നാണ് തിരഞ്ഞെടുപ്പ് വിജയിച്ചത്. എന്നാൽ അദ്ദേഹത്തിന് വിക്ടോറിയ രാജ്ഞി സർ സ്ഥാനം നൽകുന്നതായോ കൊച്ചി രാജ്യം വിറ്റ് കാശാക്കി തൃശൂരിലെ കൊച്ചി നായർ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യുന്നതായോ ചരിത്രത്തിന് നിരക്കുന്നതല്ല. യഥാർത്ഥ ടി.കെ. നായർ തിരഞ്ഞെടുപ്പുകൾക്ക് മത്സരിച്ച് പാരമ്പര്യ സ്വത്ത് നശിപ്പിക്കുകയും പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതോടെ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ച് സ്വത്തെല്ലാം നശിച്ച് ദരിദ്രനായി കഴിയുകയുമായിരുന്നു. അവസാനം ഒരു വാടകവീട്ടിൽ കിടന്നു മരിച്ചു. മനോരോഗിയായ ഭാര്യ നേരത്തെ മരിച്ചിരുന്നു. മക്കളുമില്ല. എങ്കിലും പഴയ കൊച്ചിയുടെ ചരിത്രത്തിൽ അദ്ദേഹത്തിന് ഒരു സ്ഥാനമുണ്ട്. തീരെ പിന്നോക്കമായിക്കിടന്നിരുന്ന തിരുവില്വാമലയിലേക്ക് റോഡ് നേരാക്കി ബസ് സർവ്വീസ് കൊണ്ടുവന്നതും എഴുത്തു പള്ളിക്കൂടത്തിന്റെ സ്ഥാനത്ത് സ്വന്തം തറവാട്ടിലെ സ്ഥലം വിട്ടുനൽകി സ്‌കൂൾ തുടങ്ങിയതും മലമുകളിൽ കുടിവെള്ളം എത്തിച്ചതും ഓട്ടുകമ്പനി തുടങ്ങിയതും ടി.കെ. നായരായിരുന്നു.
