വായനശാല കള്ളുഷാപ്പ് ചായക്കട

Society

വായനശാല കള്ളുഷാപ്പ് ചായക്കട


ചായക്കടയും വായനശാലയും കള്ളുഷാപ്പുംപോലുള്ള പൊതുഇടങ്ങളുടെ സ്വഭാവത്തെയും പരിണാമത്തെയും കുറിച്ചുള്ള ചർച്ചയാണിത്. മാധ്യമപ്രവർത്തകനായ കെ. വി. മധുവാണ് ചർച്ച നയിച്ചത്. സിപിഎം പോളിറ്റ് ബ്യൂറോ മെമ്പർ എം എ ബേബി, സിനിമാനടൻ ഇന്ദ്രൻസ്, നടനും എഴുത്തുകാരനും ഗായകനുമായ അരിസ്റ്റോ സുരേഷ് എന്നിവരാണ് ഈ ചർച്ചയിൽ പങ്കെടുത്തത്.

കെ. വി. മധു: വായനശാല, ചായക്കട, ഷാപ്പ്. ഇതാണ് നമ്മുടെ വിഷയം. ചായക്കടതന്നെയാണ് അതിൽ ഏറ്റവും പ്രധാനം. ചായക്കട എന്നത് മലയാളിയെ സംബന്ധിച്ച് ആദ്യം പറയുന്ന ഒരു സ്വപ്നമല്ല. കായംകുളം കൊച്ചുണ്ണിയെ പറ്റിയുള്ള സിനിമയിലുള്ള ഒരു രംഗം എനിക്ക് ഓർമ്മ വരികയാണ്. 1881-ലൊക്കെയാണ് അദ്ദേഹത്തിന്റെ ജന്മകാലം പറയുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനവും ഉള്ള കേരളത്തിലെ ചായക്കടയുടെ സ്വഭാവം അതിലുണ്ട്. നമ്മുടെ സമൂഹത്തിൽ സാമൂഹികമായി ഇടപെടുന്ന ആൾക്കാരെ കള്ളനും കൊള്ളക്കാരനും ആക്കി മാറ്റുക എന്നത് അന്നത്തെ പ്രത്യേകരീതി ആയിരുന്നു. വെള്ളായണി പരമുവും കായംകുളം കൊച്ചുണ്ണിയും അങ്ങനെയുണ്ടായവരാണ്. അമ്പലത്തിൽ കയറാൻ അവകാശം ചോദിച്ചു, പാവങ്ങളുടെ വിഷയത്തിൽ ഇടപെട്ടു. ബ്രാഹ്‌മണ വിലാസം ഹോട്ടൽ എന്ന പേരിൽ ബ്രാഹ്‌മണർക്കും നായന്മാർക്കും മാത്രം പ്രവേശനം ഉള്ള ഒരു ഹോട്ടലിൽ ഒരു പട്ടികജാതിക്കാരനായ ആൾ വെള്ളം ചോദിച്ചു ചെന്നപ്പോൾ നേരിടേണ്ടി വന്ന അനുഭവവും അതിനെത്തുടർന്ന് കായംകുളം കൊച്ചുണ്ണി ഇടപെടുകയും ചെയ്ത ഒരു സംഭവം ഉണ്ട്. ഈ പറഞ്ഞത് നമ്മൾ ഇന്നു കാണുന്ന തരത്തിലുള്ള ചായക്കട അല്ല അന്നുണ്ടായിരുന്നത് എന്നുപറയാനാണ്. ബ്രാഹ്‌മണ വിലാസം ചായക്കടകളിൽനിന്നും നമ്മൾ ഒരുപാട് വളർന്നു. ചായക്കട പല പരിണാമങ്ങൾക്കും വിധേയമായി. നമ്മുടെ സാമൂഹിക പരിണാമത്തിലെ സ്വഭാവങ്ങൾ ചായക്കടയിലും സംഭവിച്ചു. തൊള്ളായിരത്തി അമ്പതുകളോടുകൂടി അത് വലിയ തരത്തിൽ സംഭവിച്ചു. വായനശാലയും അങ്ങനെ തന്നെയാണ് സാധാരണക്കാരൻ വായിക്കാൻ തുടങ്ങിയപ്പോഴാണ് വായനശാലയും വരുന്നത്. നവോത്ഥാന ഇടപെടലുകളുടെ ഭാഗമായി തന്നെ വായനശാലയും വളർന്നു വരികയാണ് ഉണ്ടായത്. സാധാരണക്കാരൻ കൂടിയിരുന്ന് കള്ളുകുടിക്കാൻ അനുവാദം നേടുന്നത് ഒരു പ്രത്യേക കാലത്താണ്. കള്ളുഷാപ്പുകളുടെ ഉത്ഭവത്തോടുകൂടിയാണ് അതു സംഭവിക്കുന്നത്. അതുവരെ സാധാരണക്കാരന് അങ്ങനെ കൂടിയിരുന്നു കള്ളുകുടിക്കാൻ ഉള്ള ഒരു സാഹചര്യം ഉണ്ടാകുമായിരുന്നില്ല. ഈ മൂന്നു തലങ്ങളിലുള്ള സ്ഥലങ്ങളെയും എങ്ങനെയാണ് ഇപ്പോൾ പരിഗണിക്കപ്പെടുന്നത് എന്നാണ് നമ്മൾ ഇവിടെ ആലോചിക്കുന്നത്. എല്ലാം അവസാനിച്ചുകൊണ്ടിരിക്കുകയാണ് എന്ന തരത്തിലുള്ള വിമർശനങ്ങളും ഉണ്ട്. സൈബർ ചായക്കടകളും സൈബർ വായനശാലകളും നമ്മുടെ മുമ്പിലുണ്ട്. സൈബർ ഷാപ്പുകളും നമ്മുടെ മുമ്പിലുണ്ട്. പഴയ ചായക്കടകളിലും കള്ളുഷാപ്പുകളും വായനശാലകളിൽനിന്ന് ലഭിക്കുന്ന അനുഭവങ്ങൾ ഇത്തരം സ്ഥലങ്ങളിൽനിന്നു ലഭിക്കുന്നുണ്ട് എന്നുള്ളതും നമുക്ക് അനുഭവമാണ്. നമ്മുടെ സാമൂഹിക സാഹചര്യങ്ങളിൽ പോസിറ്റീവ് ആയി മാറ്റങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലുള്ള ഒരു ശുഭചിന്തയോടുകൂടി നമുക്കു ചർച്ച ആരംഭിക്കാം.

എം. എ. ബേബി: ഇവിടെ ഇരിക്കുന്നതിൽ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരാണ്. പ്രായം കൂടിയവർ എത്രപേർ ഇവിടെ ഉണ്ട് എന്നുതന്നെ സംശയമാണ്. നാടൻ ചായക്കടകളിൽ പോയി ഇരുന്നു സ്വച്ഛമായി വർത്തമാനം പറയാനും വഴക്കുകൂടാനും ഒക്കെ സാഹചര്യം ഉണ്ടായിട്ടുള്ള എത്രപേർ ഇവിടെ ഉണ്ടാകും എന്നത് എനിക്കറിയില്ല. നമ്മളുടെ എല്ലാം സമയം പിടിച്ചെടുത്തുകൊണ്ടിരിക്കുന്ന സൈബർ ലോകവും കയ്യിലെ മൊബൈലിൽ വാട്‌സപ്പും ഫേസ്ബുക്കും ഒക്കെ ആയി ഉണ്ടാകുന്ന സൈബർ ഇടങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ എന്റെയൊക്കെ ചെറുപ്പത്തിൽ ഉണ്ടായിരുന്ന ചായക്കടകളുടെ സ്വഭാവവും മാറി മറിഞ്ഞിരിക്കുന്നു. അതാണ് എന്റെ ഓർമയിലേക്ക് ആദ്യം കടന്നുവരുന്നത്.


Related Articles