ഗുരുദേബും  ഗുരുദേവനും

Society

ഗുരുദേബും ഗുരുദേവനും


വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ നൂറ്റി അറുപതാം ജന്മവാർഷികമായിരുന്നു 2021 മെയ് 7. നോബൽ സമ്മാനിതനായി ലോകമെങ്ങും പുകൾപെറ്റ ഇന്ത്യയുടെ ദേശീയ കവിയും വിശ്വദാർശനികനുമാണ് അദ്ദേഹം. കവിയെ കവിയുന്ന വിമർശചിന്തകനും ചിത്രകാരനും സംഗീതകാരനും വിദ്യാഭ്യാസ പ്രവർത്തകനും തത്ത്വചിന്തകനും മിസ്റ്റിക്കുമെല്ലാമായിരുന്നു വംഗനാടിന്റെ ഗുരുദേബ് (1861 - 1941). തെക്കനേഷ്യയിലെ മൂന്നു രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ ഗുരുദേബിനാൽ വിരചിതമോ പ്രചോദിതമോ ആണ്. ഇന്ത്യ, ബാംഗ്ലദേശ്, ശ്രീലങ്ക എന്നിങ്ങനെ മൂന്നു പഴയ നാഗരീക സഞ്ചയങ്ങളുടെ ദേശീയതകളെയും ഉപദേശീയതകളേയും സാർവദേശീയതകളേയും അദ്ദേഹം തന്റെ കവിതയിലും സംഗീതത്തിലും നിർണയിച്ചിരിക്കുന്നു. സങ്കുചിത ദേശീയതകൾക്കും പ്രാദേശിക ഭാഷാസ്വത്വവാദങ്ങൾക്കും സംസ്‌കാര വരേണ്യവാദങ്ങൾക്കും കുറുകേ സഞ്ചരിച്ച ബഹുസ്വര വ്യക്തിത്വവും രചനാ കർതൃത്വവുമാണ് ഠാക്കൂർ സാഹിബ് എന്ന ഗുരുദേബ്.

1922 സെപ്തംബറിൽ, വംഗദേശത്തുനിന്നുള്ള തന്റെ പൂർവീകരായ വിജയരാജകുമാരനും കൂട്ടരും രണ്ടായിരത്തഞ്ഞൂറു വർഷം മുമ്പ് നാഗരീകമാക്കിയ, തുടർന്ന് അശോകമകളായ തേരി സംഘമിത്ത ബോധിവൃക്ഷത്തൈ കപ്പലിൽ കൊണ്ടുപോയി നട്ടുനനച്ചു വളർത്തിയ, ബുദ്ധസംഘത്തിന്റെ അഥവാ തമിഴിൽ ഈഴത്തിന്റെ സ്വന്തനാടായ ഈഴമെന്ന ശ്രീലങ്ക സന്ദർശിച്ച ശേഷം അദ്ദേഹം നേരേ കരയീളമായിരുന്ന കേരളത്തിലേക്കു വന്നു. തിരുവിതാംകൂറിൽ വന്നപ്പോൾ കേരള ബുദ്ധനെന്ന് കവിശിഷ്യരായ മൂലൂരും കറുപ്പനും സഹോദരനും പാടിയ, അനുകമ്പയുടെ ആധുനികമായ തിരുക്കുറൽ തെന്നിന്ത്യയിൽ പാടിയ നാരായണഗുരുവിനെ വർക്കലമഠത്തിൽ വന്നു നേരിട്ടു കണ്ടു സംസാരിച്ചു. ലോകത്തിത്തരം ഒരു മഹാമനുഷ്യനെ താൻ കണ്ടിട്ടില്ല എന്നു വ്യക്തമായി എഴുതി ചരിത്രത്തിലേക്കു രേഖപ്പെടുത്തുകയും ചെയ്തു. രണ്ടു ഗുരുദേവന്മാരുടെ സംഗമമായിരുന്നു 1922 സെപ്തംബർ 22 നു വർക്കലക്കുന്നിൽ നടന്നത്. വിപുലവും സൂക്ഷ്മവുമായ നൈതിക ലോകബോധമുള്ള ഠാക്കൂർ സാഹിബിന്റെ ദേശീയതാ വിമർശവും രാജ്യാന്തര സംസ്‌കാരവും ഇന്നേറ്റവും നിർണായകമായി വന്നിരിക്കുന്നു. സങ്കുചിതവും സൈനികവും സായുധവും അപരോന്മൂലനപരവുമായ വംശഹത്യാത്മകമായ അതിദേശീയത ജാതിഹിന്ദുസ്വത്വവാദത്തെ പുനസ്ഥാപിക്കുമ്പോൾ, ടാഗോറിന്റെ ഉദാരവും മാനവികവും സ്വതന്ത്രവുമായ ബഹുസ്വര സംസ്‌കാരവും കാരുണികമായ കാവ്യദർശനവും മാർഗ ദർശനപരമാകുന്നു.

ലോകസഞ്ചാരിയും നാഗരീകനുമായിരുന്നു ഗുരുദേബ് എന്ന കവിമനുഷ്യൻ. അമേരിക്കയിലാണ് 1917 ൽ മക്മില്ലൻ ദേശീയവാദത്തെ വിമർശിക്കുന്ന ടാഗോറിന്റെ രാഷ്ട്രീയ രചന പ്രസിദ്ധീകരിച്ചത്. ജപ്പാനിൽ 1916 ൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളായിരുന്നു അതിന്റെ ഉള്ളടക്കം. ഗീതാജ്ഞലിയടക്കമുള്ള തന്റെ കാവ്യങ്ങളും നാടകങ്ങളും പോലെ ബാംഗ്‌ളാ ഭാഷയിൽ നിന്നും അദ്ദേഹം നേരിട്ടാണ് പ്രസംഗപാഠങ്ങളുടെ ആംഗല വിവർത്തനം നടത്തിയത്. 1917 ൽ തന്റെ ദേശീയവാദത്തെക്കുറിച്ചുള്ള പുസ്തകം അമേരിക്കൻ പ്രസിഡന്റ് വുഡ്‌റോ വിൽസണു സമർപ്പിക്കാനാണ് ഗുരുദേബ് ആഗ്രഹിച്ചിരുന്നത്. എന്നാൽ അന്ന് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നതിനാൽ അമേരിക്കയിലെ ഖദറൈറ്റ് പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നുള്ള അഭിപ്രായത്തിൽ അദ്ദേഹത്തിനതിന് അനുമതി കിട്ടിയില്ല. പാശ്ചാത്യ ലോകത്തെ ദേശീയവാദ സങ്കൽപ്പങ്ങളും ഏഷ്യയിൽ ജപ്പാനിൽ വികസിച്ച ദേശീയവാദവും ഇന്ത്യയിലെ ദേശീയവാദവും അദ്ദേഹം നിശിതമായ വിമർശവിചാരത്തിനു വിധേയമാക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്ത വിരുദ്ധ നിലപാടു സ്വീകരിക്കുമ്പോഴും ഗാന്ധിജിയും തിലകും പട്ടേലും അതിനു മുമ്പ് ഓരബിന്ദോ, ബങ്കിംചന്ദ്രോ ബിബേകാനന്ദോ എന്നീ ദേശീയവാദ വംഗത്രയങ്ങളും പ്രതിനിധാനം ചെയ്ത വരേണ്യ ദേശീയവാദത്തേയും അതിന്റെ അടിത്തറയായ ഹൈന്ദവവും ബ്രാഹ്‌മണികവുമായ രാജ്യസ്‌നേഹവാദത്തേയും അദ്ദേഹം കാലത്തെ കടന്നു തുറന്നെതിർത്തു. നാമൊരു ദേശീയരാഷ്ട്രമേയാകുന്നില്ല എന്നദ്ദേഹം തുറന്നു പ്രഖ്യാപിച്ചു. കവികൾ സത്യം കാണാനും പറയാനും വെമ്പുന്നവരാണല്ലോ. കൃത്രിമമായി ഉണ്ടാക്കുന്ന ദേശീയവാദ സങ്കൽപ്പത്തേക്കാൾ സഹജമാണ് മനുഷ്യരുടെ സാഹോദര്യ ഭാവനയും സഹഭാവവുമെന്നദ്ദേഹം കണ്ടു. കൃത്രിമമായ ദേശവും ദേശീയതയും മനുഷ്യ സാഹോദര്യധാർമിക ഭാവനയെ കാർന്നുതിന്നുന്ന മാരകമായ മഹാമാരിയായാണ് ഗുരുദേബ് കണ്ടത്.


Related Articles