വൈക്കം സത്യഗ്രഹം ഗാന്ധിജി ആരംഭിച്ചതല്ല. വാസ്തവത്തിൽ തിരുവിതാംകൂറിലെ ഈഴവനേതാവായ ടി.കെ. മാധവന്റെ നിരന്തര ഇടപെടലുകളിലൂടെ ഗാന്ധിജി അതിൽ എത്തിപ്പെടുകയായിരുന്നു (ടി.കെ. രവീന്ദ്രൻ വൈക്കവും ഗാന്ധിയും)
1924 മാർച്ച് 30 ന് ആരംഭിച്ച വൈക്കം സത്യഗ്രഹം 1925 നവംബർ 29 ന് അവസാനിച്ചു. അറസ്റ്റുകളും ജയിൽവാസവും ശാരീരികോപദ്രവങ്ങളും സന്ധിസംഭാഷണങ്ങളും പൊതുസമ്മേളനങ്ങളും ജാഥകളും പരാജയങ്ങളും നിറഞ്ഞ സംഭവബഹുലമായ സമരമായിരുന്നു വൈക്കം സത്യഗ്രഹം. വൈക്കത്ത് നടന്ന ഓരോ സംഭവവികാസത്തിലും ഗാന്ധിജി അദ്ദേഹത്തിന്റെ നിലപാടുകൾ അറിയിച്ചിരുന്നു. ഗാന്ധിജിയുടെ നിലപാടുകളോട് ചില സന്ദർഭങ്ങളിൽ യോജിച്ച സത്യഗ്രഹികൾ മറ്റുചില സന്ദർഭങ്ങളിൽ വിയോജിച്ചു. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട ഗാന്ധിയൻ നിലപാടുകളെ വിമർശനാത്മകമായി സമീപിക്കാവുന്ന നിരവധി സന്ദർഭങ്ങളുണ്ട്.
സത്യഗ്രഹം ആരംഭിക്കുന്നതിന് മുമ്പ്
വൈക്കം സത്യഗ്രഹവുമായി ഗാന്ധിജിക്കുള്ള ബന്ധം വൈക്കം ഈ സങ്കല്പനം രൂപംകൊള്ളുന്നതിനുമുമ്പേ ആരംഭിച്ചിരുന്നു. അതായത് സത്യഗ്രഹത്തിനുള്ള സ്ഥലവും സാഹചര്യവും തീരുമാനിക്കുന്നതിനുമുന്നേതന്നെ ഗാന്ധിജി അയിത്തനിർമാർജനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നർത്ഥം. 1922 ൽ ടി.കെ. മാധവൻ തിരുനെൽവേലിയിലെത്തി ഗാന്ധിജിയെ സന്ദർശിച്ച് സംഭാഷണം നടത്തിയതുമുതൽ ഔദ്യോഗികമായി ഗാന്ധിജി സമരവുമായി ബന്ധപ്പെട്ടു.
