ഹർപ്പനഹള്ളി, കർണാടകത്തിലെ ദാവൻഗരെ ജില്ലയിലെ ഒരു താലൂക്ക് ആസ്ഥാനമാണ്. ഹർപ്പനഹള്ളി ടൗണിൽ നിന്ന് അധികം അകലെയല്ല രേണുക താമസിക്കുന്ന കോളനി. കോളനിയിലേക്കുള്ള വഴിയിലെല്ലാം ജോഗമ്മമാരെന്നു തോന്നിക്കുന്ന, ധാരാളം സ്ത്രീകളെ കണ്ടു.
ഉച്ചയ്ക്ക് മൂന്നു മണിയോടെ രേണുകയുടെ വീട്ടിലെത്തുമ്പോൾ ക്ഷീണിതയായ ഒരു സ്ത്രീയാണ് ഞങ്ങളെ സ്വീകരിച്ചത്. അത് രേണുകതന്നെയായിരുന്നു. അവരെപ്പറ്റി കേട്ടതുവച്ച് ഇത്ര ക്ഷീണം ബാധിച്ച ഒരു സ്ത്രീയെയല്ല ഞങ്ങൾ പ്രതീക്ഷിച്ചത്. രണ്ടു ദിവസമായി പല സ്ഥലങ്ങളിൽ അലഞ്ഞു നടക്കുകയായിരുന്നു എന്ന് അവർ പറഞ്ഞു.
''പലയിടത്തും ഇപ്പോഴും പെൺകുട്ടികളെ ദേവദാസിയാക്കുന്നുണ്ട്. നമ്മൾ കണ്ണും തുറന്നിരുന്നാലേ അതൊക്കെ കണ്ടുപിടിക്കാൻ പറ്റൂ. ഞാൻ മാത്രമല്ല, ദേവദാസി വിമോചന മുന്നണിയുടെ പ്രവർത്തകരെല്ലാം രണ്ടു ദിവസമായി ഉറക്കമിളച്ചു നടപ്പാണ്.''പരിചയപ്പെടലിനുശേഷം ആമുഖമെന്നോണം അവർ പറഞ്ഞു.
ക്ഷീണിതയായ അവരെ പിന്നീട് കേൾക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി. പിറ്റേന്ന് വരാമെന്നു പറഞ്ഞ് ഞങ്ങൾ ഹർപ്പനഹള്ളി ടൗണിലേക്ക് മടങ്ങി.
