ഫുട്‌ബോൾ എന്നരാഷ്ട്രീയ കലാപം

Society

ഫുട്‌ബോൾ എന്നരാഷ്ട്രീയ കലാപം


സൗദിഅറേബ്യയിലെ ജിദ്ദയിലെ ഫൈസലീയയിൽ പൊടിക്കാറ്റ് ആഞ്ഞുവീശുന്ന സായാഹ്‌നമായിരുന്നു അത്. മേഘങ്ങൾ വന്ന് ഇരുണ്ടതുപോലെയുള്ള ആകാശം. നാലു മണിക്കുള്ള ഷിഫ്റ്റിൽ ജോലിക്കു കയറാനായി താമസസ്ഥലത്തുനിന്നു നടക്കുമ്പോൾ ഒരു കാർ അടുത്തു വന്നു നിന്നു. 12നും 20നും ഇടയിൽ പ്രായമുള്ള അഞ്ചു പേരായിരുന്നു കാറിൽ. അതിലൊരാൾ പൊണ്ണത്തടിയനാണ്.

കാറിന്റെ മുൻസീറ്റിൽനിന്ന് ഒരുകുട്ടി ഇറങ്ങി വന്നു. അയാളുടെ കയ്യിൽ ശീമക്കൊന്നയെന്ന് തോന്നിക്കുന്ന ഒരു വടിയുണ്ട്. ''നീ അഹ്‌ലിയുടെ ആളാണല്ലേ, അതാണ് ഒരുസന്തോഷവുമില്ലാതെ തലയും താഴ്ത്തി നടക്കുന്നത്, ഞങ്ങൾ ഇത്തിഹാദുകാരാണ്--'' ആ കുട്ടി പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. പൊടുന്നനേ അവൻ വടി ഉയർത്തി, എന്റെ മുതുകിൽ അതിശക്തമായി അടിച്ചു, പൊണ്ണത്തടിയൻ അയാളുടെ കയ്യിലുണ്ടായിരുന്ന പിസ്റ്റൾ എനിക്കു നേരേ ചൂണ്ടി (അത് കളിത്തോക്കാണോ ശരിത്തോക്കാണോ എന്നറിയില്ല). പെട്ടെന്ന് അപായത്തിന്റെ മിന്നൽ ഉള്ളിലൂടെ പാഞ്ഞു. റോഡിൽ കിടക്കുന്ന ഒരു കല്ല് കയ്യിലെടുത്ത് അവരുടെ കാറിനു നേരെ എറിയാൻ ഞാൻ ശ്രമിച്ചു. കാറിന്റെ പിറകിലെ ചില്ല് എറിഞ്ഞുടച്ച് ഭീതി പരത്തി രക്ഷപ്പെടാമെന്ന തോന്നലിൽനിന്നാണ് കല്ലെടുത്തത്. അപ്പോഴാണ് കാറിന്റെ പിറകിലെ ചില്ല് പൂർണ്ണമായും തകർന്നിരിക്കുന്നു എന്ന് മനസ്സിലായത്.

''അത് രണ്ടു തെരുവിനപ്പുറം ഒരാൾ എറിഞ്ഞു തകർത്തു കഴിഞ്ഞു, നിനക്ക് തകർക്കാൻ വേറേ ചില്ല് വേണം,'' എന്നു പറഞ്ഞ് കാറിലെ സംഘം പൊട്ടിച്ചിരിക്കാൻ തുടങ്ങി. പെട്ടെന്നാണ് സ്വദേശിയായ അബു ഇമാദ് തന്റെ കാറുമായി ഞങ്ങൾക്കിടയിലേക്ക് എത്തിയത്. അദ്ദേഹം സലാം പറഞ്ഞു കാറിൽനിന്നിറങ്ങി. ഞാൻ ഒരു ഫുട്ബാൾ ആക്രമണത്തിൽ പെട്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന് പെട്ടെന്ന് മനസ്സിലായി. കുട്ടികളെ അബു ഇമാദ് ശരിക്കും പേടിപ്പിച്ചു, വിരട്ടി. പോലീസിനെ വിളിക്കും, അല്ലെങ്കിൽ നിങ്ങളുടെ ബാബമാരെ (പിതാവ്) വിളിച്ചു വരുത്തും എന്ന് പറഞ്ഞായിരുന്നു വിരട്ടൽ. മുൻസീറ്റിലിരുന്ന കുട്ടിയുടെ കയ്യിൽനിന്ന് വടി വാങ്ങി നോക്കി, വടിയുടെ പച്ചപ്പിനിടയിലൂടെ ചുകപ്പിന്റെ ഒരു വര ഒട്ടിക്കിടക്കുന്നുണ്ട്, ചോരയാണത്, അബു ഇമാദ് ചോദിച്ചു. നീ ഇന്ന് എത്രപേരെ തല്ലി? 13- ആ കുട്ടി പറഞ്ഞു. 13 പേരുടെ ചോരയുണങ്ങി ഒട്ടിപ്പിടിച്ചതാണ്, അദ്ദേഹം വടിയുയർത്തി പറഞ്ഞു.


Related Articles