ഒരിക്കൽ കൊണ്ട വെട്ട്, ചീന്തിയ ചോര, അറ്റു വീണ തല, കാലങ്ങളോളം ഉണങ്ങാതെ നീറി നീറിക്കിടക്കും. അവസരം കാത്തിരുന്ന് ആ മുറിവുകൾ വരുത്തിയവന്റെ നേരെ വിഷം ചീറ്റും. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരകൾ ചെയിൻ റിയാക്ഷനുകളായി സംഭവിച്ചുകൊണ്ടിരിക്കെ ചുവന്ന ചോരയ്ക്ക് മുന്നിൽ നിന്നുകൊണ്ട് സമൂഹം ഇടയ്ക്കിടെ ചോദിക്കും; ഇത് കാടത്തമല്ലേ? കൊന്നതിനു പകരം കൊന്നു തീർക്കുന്നത് നീതിയുടെ ഏതു ന്യായമാണ്? ചെയ്തു തീർക്കുന്ന പ്രതികാരങ്ങൾ ആധുനിക ബോധത്തിന് ചേർന്നതാണോ?
സൗമ്യയുടെ ഘാതകൻ ഗോവിന്ദസ്വാമിയെ സുപ്രീം കോടതി തൂക്കുകയറിൽനിന്നും മുക്തനാക്കിയപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം വലിയ നിരാശരൂപപ്പെട്ടു വന്നു. ഇത്ര ക്രൂരമായ വിധത്തിലുള്ള ഒരു കൊലപാതകം ചെയ്തവനായി കരുതപ്പെട്ടയാൾ കുറച്ചുനാൾ ജയിലിൽ കഴിയുകയും അവിടുത്തെ സുഖസമൃദ്ധമായ ഭക്ഷണം കഴിച്ച് ജീവിക്കുകയും ചെയ്തിട്ട് വീണ്ടും പുറത്തിറങ്ങി നടക്കുക എന്നത് ഒരു സമൂഹത്തെ മുഴുവനും അസ്വസ്ഥമാക്കുന്ന സംഗതിയായി വളർന്നു വന്നത് വിധിവന്ന സമയത്തെ മാധ്യമ ചർച്ചകളിൽനിന്നും സാമൂഹ്യമാധ്യമ പ്രതികരണങ്ങളിൽനിന്നും തിരിച്ചറിയാനാകുമായിരുന്നു.
കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു കൊലപാതകമാണ് സൗമ്യയുടേത്. പ്രതിയെ പോലീസ് നിയമസംവിധാനത്തിന് മുന്നിൽ എത്തിക്കുന്ന സമയത്തു തന്നെ ജനങ്ങൾക്കിടയിൽ രൂപപ്പെട്ട ചർച്ചയിൽ, ഇയാളെയൊക്കെ നീതിന്യായ വ്യവസ്ഥയുടെ വഴികളിൽ കൊണ്ടു നടക്കാതെ കഴിയുന്നത്ര വേഗം തല്ലിക്കൊല്ലണം എന്ന തരത്തിലുള്ള അഭിപ്രായമുയർന്നിരുന്നു. നീതിന്യായ വ്യവസ്ഥയുടെ ഇഴകീറിയുള്ള പരിശോധനകളിൽ പ്രതി രക്ഷപ്പെട്ടെക്കാം എന്ന ഭയം ആ സമയത്തൊക്കെ പൊതുമനസ്സുകളിൽ കറങ്ങി നടന്നു. സുപ്രീംകോടതി വിധി ആ 'ഭയ'ത്തെ ശരിവച്ചു.
