നീതിന്യായം

Society

നീതിന്യായം


ന്ത്യൻ ഭരണഘടന രചിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും പ്രാബല്യത്തിൽ വരികയും ചെയ്ത 1950 കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഒരു പാർട്ടിയായിരുന്നു. ഭരണഘടനയുടെ കീഴിൽ പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കാലവുമായിരുന്നു അത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവും ഭരണഘടനാപരമായ നിയമവ്യവസ്ഥയുടെ വളർച്ചയും അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുകയാണ്.

സ്വതന്ത്രവും നീതിപൂർവകവുമാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെന്നും ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങൾക്കും അതിൽ നിന്ന് നീതി ലഭിക്കുന്നുണ്ടെന്നും അടുത്തിടെ ചീഫ് ജസ്റ്റിസ് രമണ പ്രസ്താവിച്ചു കണ്ടു. ഇന്ത്യയിലെ ജുഡീഷ്യറിയുടെ മഹത്വത്തെക്കുറിച്ച് ലോകരാജ്യങ്ങളെ അറിയിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ജനങ്ങൾക്ക് നീതി ലഭിക്കുക എന്നതാണ് ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയുടെ പ്രാഥമിക ലക്ഷ്യമായിരിക്കേണ്ടത്. അത്തരത്തിൽ നീതി ലഭിക്കുന്നുണ്ടോയെന്ന ചോദ്യം ഇന്ന് വളരെയേറെ പ്രസക്തമാണ്. ഇവിടുത്തെ നീതിന്യായവ്യവസ്ഥ ഇന്ത്യൻ ഭരണഘടനയെ എത്രത്തോളം സംരക്ഷിച്ചിട്ടുണ്ട് എന്ന ഗൗരവമേറിയ ചോദ്യവും നമ്മുടെ മുന്നിൽ ഉയർന്നു നിൽക്കുന്നുണ്ട്. നമ്മുടെ നീതിന്യായവ്യവസ്ഥ സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ടോ എന്ന ആശങ്ക അനുദിനം ഉയർന്നുവരുന്ന കാലമാണിത്.

'ഭരണഘടനാ സംരക്ഷണവും നീതിന്യായവ്യവസ്ഥയും' എന്ന വിഷയത്തെക്കുറിച്ച് ആലോചിക്കുമ്പോൾ നീതിന്യായവ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ജഡ്ജിമാരെക്കുറിച്ചും നമുക്ക് ആലോചിക്കേണ്ടിവരും. സുപ്രീം കോടതിയിലെ ജഡ്ജിമാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം ഗവർണർമാരായി നിയമിക്കപ്പെടുന്നു, ചീഫ് ജസ്റ്റിസുമാർ രാജ്യസഭാംഗങ്ങളായി നോമിനേറ്റ് ചെയ്യപ്പെടുന്നു. ഏതുതരത്തിലുള്ള സ്വാധീനമാണ് ഇതെല്ലാം നീതിന്യായവ്യവസ്ഥയിൽ ഉണ്ടാക്കുന്നതെന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് വിരമിച്ചതിനുശേഷം രാജ്യസഭാംഗമായിരിക്കുന്ന കാര്യത്തിൽ ഒരു തരത്തിലുള്ള മാനക്കേടും തോന്നിയിട്ടില്ല. മോദിസർക്കാർ നൽകിയ രാജ്യസഭാംഗത്വം ഒരു പ്രയാസവുമില്ലാതെ അദ്ദേഹം സ്വീകരിച്ചു. ചീഫ് ജസ്റ്റിസായിരുന്ന താങ്കൾ അത്തരമൊരു സ്ഥാനം സ്വീകരിച്ചത് ഉചിതമായോ എന്ന ചിലരുടെ ചോദ്യത്തിന് അതിലൊരു കുഴപ്പവുമില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. താനൊരു ആത്മകഥ എഴുതാൻ പോവുകയാണെന്നു പറഞ്ഞ് അദ്ദേഹം ഒരു ആത്മകഥ എഴുതുകയും ചെയ്തു. 'ജഡ്ജിമാർക്ക് നീതി' എന്ന അർത്ഥം വരുന്ന തരത്തിൽ 'ജസ്റ്റിസ് ഫോർ ജഡ്ജ്' എന്നാണ് ആത്മകഥയ്ക്ക് അദ്ദേഹം പേരിട്ടത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ജഡ്ജിക്ക് നീതി ലഭിക്കുന്നില്ലെന്ന് ആർക്കെങ്കിലും പറയാനാകുമോ? എല്ലാത്തിനുമുപരി, ഡൽഹിയിൽതന്നെ തന്റെ ആത്മകഥയുടെ പ്രകാശനവും അദ്ദേഹം നടത്തി. പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റു വാങ്ങാൻ ഡൽഹിയിലേക്ക് വരാമോയെന്ന് അദ്ദേഹമെന്നോട് ചോദിച്ചിരുന്നു. അത്തരമൊരു ചടങ്ങിൽ പങ്കെടുക്കുവാൻ താൽപര്യമില്ലെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു. എന്നെ അതിൽ നിന്ന് ഒഴിവാക്കണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പുസ്തകപ്രകാശന ചടങ്ങുകഴിഞ്ഞ്, ഇന്ത്യൻ ജുഡീഷ്യറിയിൽ അഴിമതി ഇല്ലേയെന്ന് ഒരു ടിവി ജേർണലിസ്റ്റ് അദ്ദേഹത്തോട് ചോദിച്ചു. തനിക്കത് നിഷേധിക്കാനാവില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നമ്മുടെ നീതിന്യായവ്യവസ്ഥ അഴിമതിരഹിതമല്ലെന്ന് പരോക്ഷമായി സമ്മതിക്കുകയായിരുന്നു അദ്ദേഹം. നീതിന്യായവ്യവസ്ഥ അഴിമതിമുക്തമല്ലെന്ന് അതിന്റെ തലപ്പത്തിരുന്ന ഒരാൾ തന്നെ സമ്മതിച്ചിരിക്കുന്നു.


Related Articles