കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധനിയമങ്ങൾക്കെതിരെ ഡെൽഹി അതിർത്തികളിൽ സംയുക്ത കിസാൻ മോർച്ച നടത്തിവരുന്ന സമരം രണ്ടുമാസങ്ങൾ പിന്നിട്ടു. നാൾക്കുനാൾ സമരത്തോടൊപ്പം അണിചേരാൻ സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള നിരവധി മനുഷ്യർ എത്തിക്കൊണ്ടിരിക്കുന്നു. ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്റ്റർ റാലി, വാസ്തവത്തിൽ 'കർഷക റിപ്പബ്ലിക്' എന്ന വാഗ്‌രൂപത്തിലേക്ക് വാർത്താചാനലുകളെ എത്തിച്ചു എന്നത് നിസ്സാരകാര്യമല്ല. യഥാർത്ഥത്തിൽ ഇന്ത്യ ഒരു കാർഷിക റിപ്പബ്ലിക് ആണെന്നതും അതിൽ അഭിമാനിക്കേണ്ടതുമാണെങ്കിലും, വ്യാജപ്രതിനിധാനങ്ങളുടെയും കോർപ്പറേറ്റ്‌വത്കരണത്തിന്റെയും ദല്ലാൾമാരായി മാറിയ ഭരണകൂടതന്ത്രം പരസ്യവിമർശനത്തിന് പാത്രമാവുകയാണ് 'കർഷകറിപ്പബ്ലിക്' എന്ന വീണ്ടെടുക്കലിലൂടെ. സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും രൂപപ്പെടേണ്ടുന്ന ജനാധിപത്യസംവിധാനത്തെ ഒന്നാകെ അട്ടിമറിക്കുകയോ അപഹസിക്കുകകയോ ചെയ്യുകയാണ് ചർച്ചകൾ നടത്തിയിട്ടും അനുനയത്തിന് തയ്യാറാവാത്ത കേന്ദ്രസർക്കാരിന്റെ നയം. ആയുധശേഷിയുടെയും സാംസ്‌കാരികപൈതൃകത്തിന്റെയും പ്രദർശനവേദിയാവാറുള്ള റിപ്പബ്ലിക് പരേഡ് ഒരു വശത്തും കർഷകജാഥ മറ്റൊരുവശത്തും ഒരേദിവസം ഇന്ത്യ സാക്ഷ്യം വഹിച്ചു എന്നത് പ്രതീകാത്മക ഇന്ത്യയും യഥാർത്ഥ ഇന്ത്യയും തമ്മിലുള്ള അന്തരത്തെ തുറന്നുകാട്ടുന്നതായി. അഭിമാനിക്കാൻ ഒന്നുമില്ലെന്ന് റിപ്പബ്ലിക് ദിനത്തിലെ കർഷകസമരം രാജ്യത്തോട് പറയുന്നു. സമകാലിക ഇന്ത്യയിലെ കർഷകരോഷം പൊടുന്നനെ ഉണ്ടായതല്ല എന്നതാണ് വാസ്തവം.
ഒന്നിനൊടൊന്ന് ഒട്ടിനിൽക്കുന്ന മൂന്ന് ബില്ലുകൾ ജനാധിപത്യ പ്രക്രിയകളെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് സത്യസന്ധമായ വോട്ടെടുപ്പിലൂടെയല്ലാതെ പാസ്സാക്കിയെടുത്ത കേന്ദ്രസർക്കാരിന്റെ അടിയന്തിരനടപടിമൂലമാണ് കർഷക യൂണിയനുകൾ സംഘടിതമായി സമരരംഗത്തേക്കിറങ്ങാൻ നിർബന്ധിതമായത്. എങ്കിലും മൂന്ന് പതിറ്റാണ്ടെങ്കിലുമായി ഇന്ത്യയിൽ തുടർന്നുപോരുന്ന കാർഷിക സമ്പദ്‌വ്യവസ്ഥയുടെ പതനം അതിന്റെ അടിക്കല്ലിൽ തൊടുന്ന കാഴ്ചയാണ് ഇപ്പോൾ നാം കാണുന്നത്. നാഷണൽ ക്രൈം റൊക്കോർഡ് ബറോയുടെ കണക്കുപ്രകാരം ദിവസവും ഇരുപത്തിയെട്ട് കർഷകർ എങ്കിലും ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നു എന്നത് നമ്മെ ഞെട്ടിക്കുന്നില്ല എങ്കിൽ, ഈ സമരത്തിന്റെ സാംഗത്യവും നമ്മെ ഞെട്ടിക്കാൻ പോവുന്നില്ല. പരമ്പരാഗതമായി കാർഷികവിഭവങ്ങൾ കൈമാറി വന്ന നാട്ടുചന്തകൾ ഇല്ലാതാക്കുന്നതോടെ കർഷകർക്ക് തങ്ങളുടെ ഉല്പന്നങ്ങൾ എവിടെയും വില്ക്കാമെന്ന് വാഗ്ദാനം ചെയ്യുമ്പോഴും, പരോക്ഷമായി അവ ആരാവും കൈക്കലാക്കുക എന്ന് ഇന്ന് പകൽ പോലെ വ്യക്തമായിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നായി കോർപ്പറേറ്റ്‌വത്കരണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്ന ഒരു സർക്കാർ സംവിധാനം ഇന്ത്യയുടെ നട്ടെല്ലായ കാർഷികവൃത്തിയെയും കൊള്ളലാഭമുണ്ടാക്കാൻ വിട്ടുകൊടുക്കുന്നതാണ് പുതിയ നിയമനിർമ്മാണങ്ങൾ.
