ശാസ്ത്രസാങ്കേതികരംഗത്തെ സ്‌തോഭജനകമായ മുന്നേറ്റംകൊണ്ട് ഇരുപതാം നൂറ്റാണ്ടിനെ അമ്പരപ്പിച്ച രാജ്യമാണ് സോവിയറ്റ് യൂണിയൻ. മതത്തെ മയക്കിയിട്ട 75 വർഷങ്ങളിൽ സോവിയറ്റ് യൂണിയൻ കൈവരിച്ച നേട്ടങ്ങളിൽ പലതും സമാനതകളില്ലാത്തതായിരുന്നു. പക്ഷേ, ശാസ്ത്രത്തെ പ്രത്യയശാസ്ത്രം വിഴുങ്ങിയപ്പോൾ സോവിയറ്റ് സമൂഹം അതിനു കനത്ത വില കൊടുക്കേണ്ടിവന്നു. സ്റ്റാലിന്റെ കാലത്ത് ജനിതകശാസ്ത്രത്തിന്റെ പിതാവായ ഗ്രിഗർ മെൻഡലിനെ തള്ളിപ്പറഞ്ഞ സോവിയറ്റ് സർക്കാർ, ജനിതകശാസ്ത്രം കപടശാസ്ത്രമാണെന്ന നിലപാടാണ് സ്വീകരിച്ചത്. മാർക്‌സിന് ഡാർവിനോടുള്ള കടുത്ത ആരാധനയും സ്റ്റാലിന് ശാസ്ത്രത്തോടുണ്ടായിരുന്ന വികലമായ കാഴ്ചപ്പാടുമായിരുന്നു ഈ നിരാസത്തിന്റെ മുഖ്യകാരണം.
തന്മാത്രാജീവശാസ്ത്രത്തിലെ മഹാപ്രതിഭകളായിരുന്ന ബയവും (Alexander A. Bayev) വാവിലോവും (Nikolai Ivanovich Vavilov/1887-1943) പരിധികളില്ലാത്ത പീഡനത്തിന് വിധേയരായി. ബയവിന്റെ അദ്ധ്യാപകനായ സ്‌ളെപ്പ്‌ക്കോവിന്റെ സഹോദരൻ സ്റ്റാലിന്റെ രാഷ്ട്രീയ എതിരാളിയായിരുന്ന ബുഖാറിന്റെ സുഹൃത്തായിരുന്നുവെന്നതായിരുന്നു കാരണം. ബുഖാറിന്റെ സുഹൃത്തുക്കളെ സോവിയറ്റ് രഹസ്യപ്പോലീസ് വേട്ടയാടി. ബയവിനെ നാടുകടത്തി. സൈബീരിയയിലെ കാരാഗൃഹത്തിൽ കിടന്ന് തണുത്തുറഞ്ഞായിരുന്നു വാവിലോവിന്റെ അന്ത്യം.
മെൻഡലിന്റെ ജനിതക സിദ്ധാന്തത്തെ ആധാരമാക്കി വിത്തുകളുടെ ജനിതകതത്ത്വം ആവിഷ്‌കരിച്ച റഷ്യൻ ശാസ്ത്രജ്ഞനായിരുന്നു വാവിലോവ്. സ്റ്റാലിന്റെ മാനസപുത്രനായിരുന്ന ടി.ഡി ലൈസങ്കോവ് (Trochym Denysovyc Lysenko /1898-1976) ഇതിനെ എതിർത്തതാണ് വാവിലോവിന്റെ ജീവിതത്തിൽ കാളിമ പരത്തിയത്. വാവിലോവിന്റെ ശാസ്ത്രം മാർക്‌സിസ്റ്റ് വിരുദ്ധമാണെന്നാണ് ലൈസങ്കോ സ്റ്റാലിനെ ധരിപ്പിച്ചത്. ലൈസങ്കോയെ സയൻസിലെ അവസാന വാക്കായി കരുതിയ സ്റ്റാലിൻ ജനിതകശാസ്ത്രത്തെ സോവിയറ്റ് പാഠ്യപദ്ധതിയിൽ നിന്ന് പറിച്ചുകളഞ്ഞു. ജനിതക- പാരമ്പര്യശാസ്ത്ര സംബന്ധിയായ ഗ്രന്ഥങ്ങൾ തിരഞ്ഞുപിടിച്ച് കൂട്ടത്തോടെ കത്തിച്ചു. മാർക്‌സിസ്റ്റ് അനുകൂല ശാസ്ത്രമെന്നും മാർക്‌സിസ്റ്റ്‌വിരുദ്ധ ശാസ്ത്രമെന്നും ഉള്ള കൃത്രിമ ദ്വന്ദം നിർമ്മിക്കപ്പെട്ടതോടെ സോവിയറ്റ് യൂണിയനിൽ ജനിതകശാസ്ത്രവും കൃഷിഗവേഷണവും കുഴഞ്ഞുവീണു. ലോകമെങ്ങും ഹരിതവിപ്ലവത്തിന്റെ ഗുണപ്രഭാവം അലയടിച്ചപ്പോൾ സോവിയറ്റ് റഷ്യയിൽ പട്ടിണി ഇരമ്പിയാർത്തു. ഈ തെറ്റു തിരുത്തപ്പെടുന്നത് സ്റ്റാലിന്റെ പിൻഗാമിയായിരുന്ന നികിത ക്രൂഷ്‌ചേവിന്റെ കാലത്താണ്. ഇന്നും ജനിതകശാസ്ത്രത്തിൽ മറ്റു വികസിതരാജ്യങ്ങളെ അപേക്ഷിച്ച് പിന്നിൽ നിൽക്കുന്ന രാജ്യമാണ് റഷ്യ.
