The snarling tiger had become the keeper of the zoo. (Mumbai Fables - Gyan Prakash)
കോളനിയനന്തര മുംബൈ എന്നാൽ ശിവസേനയുടെ മുംബൈ എന്നാണർത്ഥം. എന്നാൽ, ആ മഹാനഗരം മഹാരാഷ്ട്രയ്ക്കു പുറത്തേക്കു സഞ്ചരിക്കുമ്പോഴൊക്കെയും ശിവസേനയെ ബോധപൂർവ്വം മാറ്റിവയ്ക്കുന്നു. ഈ പ്രസ്താവനയിൽ സംശയം തോന്നുന്നവർ ആനന്ദിന്റെ 'ആൾക്കൂട്ടം' മാത്രം തുറന്നു വായിക്കട്ടെ. ബോംബെയുടെ വ്യവസായ നാഗരികതയുടെ അതിസൂക്ഷ്മസംഭ്രമങ്ങളെ അറുപതുകളവസാനമുള്ള ജീവിതത്തിന്റെ വ്യഥിതബോധങ്ങളിലൂടെ അടയാളപ്പെടുത്തിയ ആ ക്ലാസ്സിക് ശിവസേനയെ അറിഞ്ഞുകൊണ്ടു മറന്നു.
റുഷ്ദിയിൽ മറ്റൊരു വികാരത്തോടെയാണ് അതു പ്രതിഫലിച്ചത്. 'അർദ്ധരാത്രിയുടെ കുഞ്ഞുങ്ങ'ളിൽ അദ്ദേഹം ശിവസേനയെ അതിന്റെ ഭൂതകാല അക്രമങ്ങളിലൂടെ വരച്ചിട്ടു. കലഹങ്ങളുടെയും കലാപങ്ങളുടെയും പ്രകോപനപരമായ വിദ്വേഷങ്ങളുടെയും സാധ്യതകൾക്കുവേണ്ടി തന്ത്രപൂർവ്വം പണിയെടുത്തുകൊണ്ടിരുന്ന ആൾക്കൂട്ടരാഷ്ട്രീയത്തെ തനിക്കു പുറത്തേക്കു പരിചയപ്പെടുത്താൻ ഒരിക്കലും ആ നഗരം ആഗ്രഹിച്ചില്ല. വിശാലമാനവലോകത്തിന്റെ ഭൂപടത്തിൽ അങ്ങേയറ്റം അപരിഷ്‌കൃതമായ ചരിത്രത്തോടെയാണ് എന്നും ആ പ്രസ്ഥാനം നിലനിന്നത്. ഇപ്പോൾ, വളരെ നിർണായകമായ പ്രതിസന്ധികളുടെ ദ്വീപുകളിൽ പെട്ടുഴലുന്ന അതിനെ സഹതാപം നിറഞ്ഞ ഒരു ചിരി പിന്തുടരുന്നതുപോലെ തോന്നുന്നു. അതിന്റെ സാംസ്‌കാരികചിഹ്നവിജ്ഞാനീയം (cultural semiotics) മാത്രമാണ് ഈ ലേഖനത്തിന്റെ അന്വേഷണവിഷയം.
