ബദൽ സമീപനത്തിന് ഒരാമുഖം

Society

ബദൽ സമീപനത്തിന് ഒരാമുഖം


ന്ത്യൻ നവോത്ഥാന പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ചർച്ചകളുടെ ഏറ്റവും വലിയ പരിമിതി ഈ നവോത്ഥാനം ആരുടെ നവോത്ഥാനം എന്ന ചോദ്യം അവർ വിട്ടുകളയുന്നു എന്നതാണ്. നവോത്ഥാനത്തെ ജാതിപരമോ വർഗ്ഗപരമോ ആയ വിഭജനങ്ങളുടെ അഥവാ കീഴാള മേലാള വിഭജനങ്ങളുടെ സവിശേഷ പ്രശ്‌നങ്ങളെ സ്പർശിക്കാത്ത ആധുനിക വത്കരണത്തിലൂടെയുള്ള പുരോഗതിയെ കുറിക്കുന്ന ഒരു പൊതു പരികല്പനയായാണ് പൊതുവേ ഈ ചർച്ചകളെല്ലാം പരിഗണിച്ചുപോരുന്നത്. പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെയും രാഷ്ട്രമീംമാംസയുടെയും മാനദണ്ഡങ്ങളിലൊതുങ്ങുന്ന ഒരു നവോത്ഥാന സങ്കല്പമാണിത്. പാശ്ചാത്യ മുഖ്യധാരാ ആധുനികത ലോകത്തെ ബഹുഭൂരിപക്ഷം വരുന്ന പാശ്ചാത്യേതര സമൂഹ സംസ്‌കൃതികളെ മുഴുവൻ പ്രാകൃതമെന്ന് മുദ്രകുത്തിയ കൊളോണിയൽ മേധാവിത്വത്തിന്റെ ഒരു അധികാര ജ്ഞാനഘടനയായിരുന്നു എന്ന വസ്തുത ഇന്ന് വെളിവാക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ മുതലാളിത്ത വർഗ്ഗ താത്പര്യങ്ങളും മത ദേശീയ പ്രത്യയശാസ്ത്രങ്ങളും കൂടിക്കുഴഞ്ഞു രൂപപ്പെട്ട നമ്മുടെ മേലാള നവോത്ഥാന സങ്കല്പങ്ങൾക്ക് അടിസ്ഥാനമായിത്തീർന്നത് ഈ കൊളോണിയൽ അധികാര ജ്ഞാന ഘടനതന്നെയായിരുന്നു.

ആദിവാസികളും ദലിതരും കൈവേലക്കാരും കൃഷിക്കാരുമടങ്ങുന്ന ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ കീഴാള ജനസഞ്ചയത്തിന്മേൽ ആധിപത്യം സ്ഥാപിക്കുന്നതിനും അവരെ അധഃകൃതരായി നിരന്തരം പാർശ്വവത്കരിക്കുന്നതിനും ഇന്ത്യൻ ഭരണവർഗ്ഗങ്ങൾക്ക് ഏറ്റവും പറ്റിയ ഒരുപകരണമായിരുന്നു പാശ്ചാത്യ ആധുനികതയിൽ അടിയുറച്ച ഈ നവോത്ഥാന സങ്കല്പം.

ഈപശ്ചാത്തലത്തിലാണ്, 'കീഴാളർക്ക് ഉരിയാടാൻ കഴിയുമോ?' (Can the Subaltern Speak?) എന്ന ഗായത്രി ചക്രവർത്തി സ്പിവാക്കിന്റെ ചോദ്യം പ്രസക്തമാകുന്നത്. കീഴാളരെ പൂർണ്ണമായും നിശ്ശബ്ദരാക്കുന്ന നവസവർണ്ണ വരേണ്യ നവോത്ഥാനത്തിന്റെ അധികാര ബന്ധത്തിലേക്കാണ് ഗായത്രി സ്പിവാക്കിന്റെ ഈ ചോദ്യം വിരൽ ചൂണ്ടുന്നത്. കീഴാളരുടെ ശബ്ദം നവോത്ഥാനത്തിന്റെ പേരിൽ മേലാളർ ഏറ്റെടുക്കുമ്പോൾ കീഴാളർ ശബ്ദിക്കാനാവാത്തവരായിത്തീരുന്നു. രാജ റാം മോഹൻ റോയിയെ പോലുള്ളവർ നയിച്ച മേലാള നവോത്ഥാന പ്രസ്ഥാനങ്ങളിലെല്ലാം ഇതാണു സംഭവിച്ചത്. സതി അടക്കമുള്ള അനാചാരങ്ങൾക്ക് എതിരേയും സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും ഉയർന്ന ശബ്ദങ്ങൾ എല്ലാം ആധുനിക നവ സവർണ്ണ പുരുഷന്റേതായിരുന്നു. ഇവിടെ സ്ത്രീക്കു വേണ്ടി സംസാരിക്കുന്ന രക്ഷകനായ മേലാള പുരുഷന്റെ ശബ്ദം കീഴാളയായ സ്ത്രീയെ നിശ്ശബ്ദയാക്കുന്നു. ഈ മാതൃകയിലാണ് ആധുനിക നവോത്ഥാനത്തിനു മുൻപിൽ കീഴാളർ എങ്ങനെ നാവില്ലാത്തവരായി അല്ലെങ്കിൽ ഉരിയാടാൻ കഴിയാത്തവരായിത്തീരുന്നു എന്ന് ഗായത്രി സ്പിവാക്ക് വ്യക്തമാക്കുന്നത്.


Related Articles