വിനാശകാലത്തെ  രാഷ്ട്രതന്ത്രം

Society

വിനാശകാലത്തെ രാഷ്ട്രതന്ത്രം


കോവിഡ് മഹാമാരി അതിരൂക്ഷമായി നമ്മെ ഗ്രസിച്ചു തുടങ്ങിയ 2020 ഏപ്രിലിലാണ് സമാധാനത്തിനുള്ള ലീ ഹൊകൂൾ സാഹിത്യപുരസ്‌കാരം എനിക്കു ലഭിക്കുന്നത്. പുരസ്‌കാരസമിതിയുടെ സെക്രട്ടറിയായ വീനസ് ചെ അയച്ച കത്തിലൂടെയാണ് ഞാൻ വിവരമറിയുന്നത്. മഹാമാരിക്കാലത്ത് അവാർഡ് ദാനച്ചടങ്ങ് മാറ്റിവയ്‌ക്കേണ്ടി വരുമെന്ന് അന്നേ സംശയമുണ്ടായിരുന്നു. അന്നുതൊട്ടിന്നോളം നമുക്ക് സങ്കല്പിക്കാൻ പോലും കഴിയാത്തത്ര മനോവ്യഥയിലൂടെയാണ് നാം ഓരോരുത്തരും, ഈ മനുഷ്യരാശി മുഴുവനും, കടന്നു പോയത്. ഇന്നിപ്പോൾ ഈ മുറിയിൽ ഇങ്ങനെയൊരു ഒത്തുചേരൽ സാധ്യമായതുപോലും ആശ്ചര്യകരമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവഹാനി സംഭവിച്ചു. അതിലുമേറെപ്പേർക്ക് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടു. പലർക്കും ജോലി ഇല്ലാതെയായി. ജീവസന്ധാരണം വഴിമുട്ടി. മനുഷ്യരാശിക്ക് സംഭവിച്ച ദുരന്തത്തിന്റെ യഥാർത്ഥരൂപവും അതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളും എന്തൊക്കെയാവുമെന്ന് നമുക്കിപ്പോഴും വലിയ പിടിപാടില്ല. ഇത്രയും കാലംകൊണ്ട് രോഗത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ നമുക്ക് കഴിഞ്ഞെന്നു മാത്രം. എണ്ണമറ്റ മനുഷ്യരെ മരണക്കയത്തിൽ നിന്ന് രക്ഷിക്കാൻ കഴിവുള്ളതെന്ന് തോന്നിപ്പിച്ച വാക്‌സിനുകളുണ്ടാ യതായി നാമറിഞ്ഞു. ഈ മഹാമാരി വെറുമൊരു രോഗമായിരുന്നില്ല. നമ്മുടെ സമൂഹം നിലനിർത്തിപ്പോരുന്ന, സാമ്പത്തികവും വംശീയവും മതപരവും ദേശീയവുമായ കടുത്ത അനീതികളെയെല്ലാം അപ്പാടെ തുറന്നുകാണിക്കുന്ന എക്‌സ്‌റേ തന്നെയായിരുന്നു അത്. നാമുൾപ്പെടുന്ന ജീവിവർഗം ഭൂമിക്കുമേൽ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന ദുർനടപടികളെ മുഴുവൻ അടിവരയിട്ടുകാണിക്കുന്ന വെളിപ്പെടുത്തൽകൂടിയായി അത്.

ഈ പുരസ്‌കാരത്തിന് കാരണഭൂതനായ കൊറിയയിലെ മഹാനായ എഴുത്തുകാരൻ ലീ ഹൊകൂളിനെപ്പോലെ, കൊളോണിയലിസം വിഭജിച്ച രാജ്യങ്ങളിൽ ജീവിക്കുകയും എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് അവാർഡ് ജേതാക്കളായ ഞാനും ജെന്നി എർപെൻ ബൈക്കുമെന്നത് ഒട്ടും യാദൃശ്ചികമല്ല. (2021 ലെ ലീ ഹൊകൂൾ പുരസ്‌കാരജേതാവാണ് ജർമ്മൻകാരിയായ ജെന്നി എർപെൻബെക്ക്) യുദ്ധങ്ങൾ, കോളനിവൽക്കരണം, വംശീയവും മതപരവുമായ വിദ്വേഷം എന്നിവയെല്ലാം കൊണ്ട് വെട്ടിമുറിക്കപ്പെട്ടവയാണ് ഈ മൂന്നു രാജ്യങ്ങളും. കുടുംബങ്ങളും സമൂഹങ്ങളും നഗരഗ്രാമങ്ങളും വിഭജനത്തിലൂടെ വേർതിരിക്കപ്പെട്ട രാജ്യങ്ങൾ. 1947-ൽ ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ഇന്ത്യയെന്നും പടിഞ്ഞാറൻ പാക്കിസ്ഥാനെന്നും കിഴക്കൻ പാകിസ്ഥാനെന്നും വെട്ടിമുറിച്ചത് ഒറ്റരാത്രികൊണ്ടാണ്. കിഴക്കൻ പാക്കിസ്ഥാൻ പിന്നീട് വിമോചനയുദ്ധത്തിലൂടെ ബംഗ്ലാദേശായിത്തീരുകയും ചെയ്തു. ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിൽ കലാശിച്ചതും ദശലക്ഷക്കണക്കിന് ഹിന്ദുക്കൾ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കും ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ എതിർദിശയിലേക്കും പലായനം ചെയ്യാനിടയാക്കിയതുമായ, മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റത്തിനാണ് 1947-ലെ വിഭജനം വഴിവച്ചത്. ആ വിഭജനം വരുത്തിവച്ച വലിയ ആഘാതത്തിന് സമാനമായ മട്ടിലാണ് 2020-ലെ ഇന്ത്യയിലെ ലോക് ഡൗൺ പ്രഖ്യാപനമുണ്ടായത്. 2020 മാർച്ച് 24 ന് രാത്രി 8 മണിക്ക് ടിവിയിൽ പ്രത്യക്ഷപ്പെട്ട് അന്നേ ദിവസം അർദ്ധരാത്രി മുതൽ രാജ്യത്ത് ലോക്ക്ഡൗണായിരിക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച ആ ലോക് ഡൗൺ 1947 ലെ സംഭവങ്ങളുമായി സമാനതകളുള്ളത് രക്തച്ചൊരിച്ചിലിന്റെ കാര്യത്തിലല്ല, മറിച്ച് മാനസികാഘാതത്തിന്റെ കാര്യത്തിലാണ്. നാല് മണിക്കൂർ മാത്രം സമയം നൽകി, തയ്യാറെടുപ്പുകൾ ഒന്നുമില്ലാതെ, 138 കോടി ജനങ്ങളുള്ള ഒരു രാഷ്ട്രത്തെ അപ്പാടെ പൂട്ടിയിടുകയായിരുന്നു. പൊതുശത്രുക്കളോടെന്നപോലെ സാധാരണക്കാരായ മനുഷ്യരെ പതിയിരുന്നാക്രമിക്കുന്ന തരത്തിലുള്ളതായി ക്രൂരമായ ആ പ്രഖ്യാപനം. ഒരു രാസപരീക്ഷണം പോലെയാണ് രാജ്യത്ത് അതു പ്രവർത്തിച്ചത്. ഇന്ത്യയിലെ വൻനഗരങ്ങളിൽ താമസിച്ചിരുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികൾ മണിക്കൂറുകൾക്കുള്ളിൽ തൊഴിൽരഹിതരായി. വാടക കൊടുക്കാനോ കുടുംബം പോറ്റാനോ നിവൃത്തിയില്ലാതെ നിരാലംബരായിത്തീർന്ന മനുഷ്യർ ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള അവരുടെ ഗ്രാമങ്ങളിലേക്ക് കാൽനടയായി മടങ്ങിപ്പോകാൻ തുടങ്ങി. പോലീസ് അവരെ വഴിയിൽവച്ച് മർദ്ദിച്ചവശരാക്കുകയും മൃഗങ്ങളോടെന്നപോലെ ക്രൂരമായി പെരുമാറുകയും ചെയ്തു. അവർക്കുനേരെ അണുനാശിനിപ്രയോഗംവരെ നടത്തി. പ്രഖ്യാപിച്ച ലോക്ക്ഡൗൺ കൊണ്ടൊന്നും വൈറസ് പടരുന്നത് തടഞ്ഞുനിർത്താൻ സർക്കാരിനായില്ല. കഴിഞ്ഞ വേനൽക്കാലത്ത് ഇന്ത്യയിൽ ഗ്രാമനഗരഭേദമില്ലാതെ വൈറസ് പടർന്നുപിടിക്കുന്നത് ലോകം മുഴുവൻ കണ്ടു. ഓക്‌സിജന്റെ അഭാവം കൊണ്ടും സമയത്ത് വൈദ്യസഹായം ലഭിക്കാത്തതുകൊണ്ടും ആയിരകണക്കിന് ആളുകൾക്ക് ഏറ്റവും നിന്ദ്യമായ വിധത്തിൽ മരണത്തിനു കീഴടങ്ങേണ്ടി വന്നു. മൃതദേഹങ്ങൾ നദികളിലൂടെ ഒഴുകിനടന്നു. ശ്മശാനങ്ങളിൽ ചിതയൊരുക്കാൻ വിറകില്ലാതെയായി, ശവപ്പറമ്പുകളിൽ സ്ഥലമില്ലാതായി.


Related Articles