പണം ഇടാനുമില്ല എടുക്കാനുമില്ല

Society

പണം ഇടാനുമില്ല എടുക്കാനുമില്ല


2016 ലെ വാക്ക് ആയി ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറി തിരഞ്ഞെടുത്തത് Post truth (പോസ്റ്റ് ട്രൂത്ത് )എന്ന പ്രയോഗമാണ്. അതിനെ സത്യാനന്തരം എന്ന് മലയാളീകരിക്കാം. (പൊയ്‌സത്യം എന്നോ വ്യാജസത്യം എന്നോ വിശേഷിപ്പിക്കാം. അതിസത്യം എന്ന വിവർത്തനത്തിന് കുറച്ചുകൂടി ഊന്നൽകിട്ടുമെന്നു തോന്നുന്നു).

സാമൂഹികബോധം എന്ന സങ്കല്പം റദ്ദ് ചെയ്യുകയും വ്യക്തികേന്ദ്രീകൃതമായ വൈകാരികതയ്ക്ക് ഊന്നൽ നൽക്കുകയും ചെയ്തുകൊണ്ടുള്ള സംവാദമാണ് ഈ പ്രയോഗം കൊണ്ട് ഏറക്കുറെ അർത്ഥമാക്കുന്നത്.ഒരു വ്യക്തിയുടെ ഉള്ളിലേക്ക് പുറമെ നിന്ന് ഒരു പാട് ആശയങ്ങളുടെ തിരത്തള്ളിച്ചകൾ കടത്തി വിടുകയും ആ വ്യക്തിയുടെ സ്വന്തവും നൈസർഗ്ഗികവുമായ വിവേചന / വിവേക ബോധത്തിന് മറയിടും വിധം കൃത്യമായി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന ഇവന്റ് സംവാദങ്ങളാണ് പുതിയ കാലത്തിന്റെ സാമ്പത്തിക/രാഷ്ട്രീയ / സാംസ്‌കാരിക അജണ്ടകൾ സൃഷ്ടിക്കുന്നത്. ഒരു കെട്ടിടം പോലെ സൃഷ്ടിക്കപ്പെടുന്ന പൊതുബോധ നിർമ്മിതി. വംശീയവും ദേശീയവുമായ അതിവൈകാരികാ വാദങ്ങൾ താരാട്ടു പാട്ടു പോലെ വ്യക്തികളിലേക്കു കടത്തി വിടാൻ ഇത്തരം സംവാദങ്ങൾക്ക് സാധിക്കുന്നു.വസ്തുനിഷ്ഠമായ പ്രമേയങ്ങളെ അത് അപ്രസക്തമാക്കുകയും വ്യാജപ്രമേയങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. സർഗാത്മകമായ തുറന്ന ആശയപ്രകടനങ്ങൾ ഏറെ പരിഹസിക്കപ്പെടാനിടയുണ്ട്. വികാരപരമായി എടുക്കുന്ന ഏതു തെറ്റായ തീരുമാനവും ഉറച്ച ശരിയായ തീരുമാനം എന്ന പ്രതീതിയുളവാക്കും വിധം ഏകാഭിപ്രായത്തിലെത്തുന്നു. നുണ വലിയ സത്യം പോലെ കാലത്തിലേക്ക് പോസ്റ്റ് ചെയ്യുന്നു. ഇത്തരം വ്യാജ പ്രതീതികളാൽ നയിക്കപ്പെടുകയും ഭരിക്കപ്പെടുകയും ചെയ്യുന്നു പൊതുബോധം.

2016 അമേരിക്കയിലെന്ന പോലെ, ഇന്ത്യയിലും ചില പുതിയ ആശയങ്ങൾ മേൽക്കൈ നേടിയ വർഷമാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ വിച്ഛേദനങ്ങളുടെ കാലം കൂടിയാണിത്.നവമ്പർ 8 ന് ശേഷം ഇന്ത്യയിൽ മുൻപുണ്ടായിട്ടില്ലാത്ത വിധമുള്ള ഒരു സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടു. സ്വന്തം ഭരണകൂടത്തിൽ നിന്ന് പൗരന്മാർ സാമ്പത്തിക ഉപരോധത്തിന്റെ ഇരകളായി. 2016 നവംബർ എട്ടിന് രാത്രിക്കു ശേഷം ഇന്ത്യൻ ജനത ഉണർന്നത് ഒരു ദുഃസ്വപ്നം കണ്ടു ഞെട്ടിയുണരുന്നത് പോലെയാണ്. ആദ്യദിനങ്ങളിലുണ്ടായ മെട്രോ മനുഷ്യരുടെ അനുകൂല വികാര പ്രകടനങ്ങളും വലിയൊരു വിഭാഗം മാധ്യമങ്ങളുടെ മോദി സ്തുതികളുമൊക്കെ കുറച്ചു ദിവസങ്ങൾക്കുശേഷം തുറന്ന അങ്കലാപ്പിനു വഴിമാറി. ഒറ്റരാത്രി കൊണ്ട് അസാധുവാക്കപ്പെട്ട സ്വന്തം വിയർപ്പിന്റെ വില സാധുവാക്കുന്നതിനു വേണ്ടി പൗരന്മാർ നിന്ന് വിയർത്തു. പലയിടത്തും ഹൃദയസ്തംഭനങ്ങളുണ്ടായി. എല്ലാ അധികാരങ്ങളും തന്നിൽ നിക്ഷിപ്തമായ പഴയൊരു നാടുവാഴിയുടെ ശൈലിയിൽ അവതരിപ്പിക്കുന്ന ആശയങ്ങളും സംഗീതംപോലെ പലരും കേട്ടു. അസത്യത്തിന്റെ സംഗീതാത്മകമായ അവതരണ രീതികൾ. ഉയർന്ന കറൻസികൾ അസാധുവാക്കിയത് ഇടത്തരക്കാരെയും താഴെത്തട്ടിൽ ജീവിക്കുന്നവരെയും അക്ഷരാർത്ഥത്തിൽ തന്നെ ഉലച്ചുകളഞ്ഞു.സൂക്ഷിക്കപ്പെട്ട പണത്തിന്റെ പേരിൽ അല്ല,അന്നന്നത്തെ ജീവിതത്തിന് ഇന്ധനമായി തീരേണ്ട തുച്ഛമായ വരുമാനം പോലും തടസ്സപ്പെട്ടതിൽ സാധാരണക്കാർ ദുഖിതരും ഏറെ നിരാശരുമായി. വൈകുന്നേരം കൂലി വാങ്ങുകയും അത് പലചരക്കു കടയിൽ കൊടുത്ത് സാധനം വാങ്ങുകയും രോഗം വരുമ്പോൾ കടം വാങ്ങി മുടിയുകയും ചെയ്യുന്ന അസംഖ്യം മനുഷ്യരാണ് ഇന്ത്യയെ ജൈവികമായി നിർവചിക്കുന്നത് എന്ന് ഓർമിക്കുക. ബലൂൺ വിൽപനക്കാർ, ചന്തകളിലെ മിഠായി വിൽപനക്കാർ, ഓട്ടോ ഡ്രൈവർമാർ, അസംഘടിതരായ ചെറുകിട കച്ചവടക്കാർ, ചെരുപ്പ് തുന്നൽ തൊഴിലാളികൾ,തയ്യൽ ജോലിക്കാർ, സർവത്ത് വിൽപനക്കാർ, മൽസ്യത്തൊഴിലാളികൾ, കടല വിൽപനക്കാർ, പഴം, പച്ചക്കറി വിൽപനക്കാർ... ഇങ്ങനെ നിരവധി തൊഴിൽ ജീവിതങ്ങൾ തങ്ങൾക്കുനേരെ നീണ്ടു വരുന്ന രണ്ടായിരത്തിന്റെ വർണ്ണക്കടലാസിന് മുന്നിൽ ചില്ലറയില്ലാതെ പകച്ചുപോയി. ആ അങ്കലാപ്പ് തുടരുന്നു.


Related Articles