സംവാദവും അസഹിഷ്ണുതയും

Society

സംവാദവും അസഹിഷ്ണുതയും


സംവാദം എന്ന ഉപാധിയിലൂടെയാണ് മനുഷ്യർ സമൂഹവും സംസ്‌കാരവും കെട്ടിപ്പടുത്തത്. ഉപാധികൾ മെച്ചപ്പെടുത്തുകയും സംവാദം നിരന്തരം തുടരുകയും ചെയ്തതിലൂടെയാണ് അത് മുന്നോട്ട് പോയത്. എന്തിനാണ് ഈ പ്രക്രിയയ്ക്ക് പിന്നെ അവർ തടസ്സമിടുന്നത്? ചില താൽപര്യങ്ങൾ സംരക്ഷിക്കുവാൻ അത് ആവശ്യമാണെന്ന് കരുതുന്നതുകൊണ്ടാകാം, അതിനുവേണ്ടി ഉയർത്തിയ അസത്യങ്ങളുടെ കൂമ്പാരങ്ങൾ പൊളിയുമെന്ന ഭയംകൊണ്ടാകാം. അല്ലെങ്കിൽ വെറും മുതിർന്നവരെന്ന അഹങ്കാരമാകാം, തങ്ങളാണ് ലോകത്തിന്റെയും കാലത്തിന്റെയും അവസാനവാക്കെന്ന മിഥ്യാബോധമാവാം.

അക്ഷരലോകത്തിലേക്കു കൈപിടിച്ച് പ്രവേശിപ്പിക്കുന്നുവെന്നൊക്കെ നാം കാവ്യാത്മകമായി പറയുന്ന ചടങ്ങിൽ പങ്കെടുക്കുന്ന 'മുതിർന്നവർ' അറിയുന്നില്ല അവർ ഹരിശ്രീ എഴുതിക്കുന്ന ശിശുക്കൾ വരുന്ന ചുരുക്കം കൊല്ലങ്ങളിൽ അവരെയും കടന്ന് ഏറെ മുമ്പിൽ പോകുമെന്ന്. ഇരുപതിനായിരമോ മുപ്പതിനായിരമോ കൊല്ലങ്ങളിൽ ആദിമാനവൻ കടന്നുവന്ന ദൂരം ജനനത്തിന് ശേഷമുള്ള നാലഞ്ചു കൊല്ലങ്ങളിൽ കടന്നുവരുന്നവരാണ് ശിശുക്കൾ. തങ്ങൾക്കപ്പുറം ലോകമില്ലെന്നു കരുതുന്ന വയോധികരും ഗുരുക്കന്മാരും പലപ്പോഴും മനസ്സിലാക്കാതെ പോകുന്നു വരുംതലമുറകൾ പിന്നിലുള്ളവയേക്കാൾ സമർത്ഥന്മാരാകുക എന്നതാണ് പ്രകൃതിനിയമമെന്ന്.

എനിക്കു പിന്നാലെ വരുന്നവർ എനിക്ക് മുമ്പെ നടക്കുന്നവനാകും എന്ന സ്‌നാപകയോഹന്നാന്റെ വചനമാണ് ഒരുപക്ഷേ, പൗരാണികഗ്രന്ഥങ്ങളിലെ ഏറെ ശ്രദ്ധേയമായ വാക്യം. പ്രവാചകന്മാർക്കും ദൈവദൂതന്മാർക്കും ദിവ്യന്മാർക്കുമുള്ള താക്കീതാണ് അതിൽ അന്തർഭവിച്ചിട്ടുള്ളത്. ആ താക്കീത് ഉൾക്കൊള്ളാതിരിക്കുക എന്നതാണ് അവരുടെ സ്വഭാവമെങ്കിലും.


Related Articles