കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്നുള്ള വ്യാപകമായ പരാതികൾ സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് 05-11-2020 ലെ മന്ത്രിസഭായോഗ തീരുമാനപ്രകാരം ജസ്റ്റീസ് (റിട്ട.) ജെ.ബി കോശി അധ്യക്ഷനായും, ജേക്കബ് പുന്നൂസ് (റിട്ട. ഐ.പി.എസ്), ക്രിസ്റ്റി ഫെർണാണ്ടസ് (റിട്ട. ഐ.എ.എസ്) എന്നിവർ അംഗങ്ങളുമായി ജെ.ബി കോശികമ്മീഷനെ നിയോഗിച്ചത്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച കമ്മീഷന്റെ പരിഗണന വിഷയങ്ങൾ 09 ഫെബ്രുവരി 2021ന് ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
വ്യത്യസ്ത പ്രാർത്ഥനാക്രമവും, ആരാധനയിൽ വ്യത്യസ്ത ഭാഷ ഉപയോഗിക്കുന്നവരും, വ്യത്യസ്ത ജാതിയിൽ നിന്നും ക്രിസ്തുമതത്തിലേക്ക് എത്തപ്പെട്ടവരും, ജാതി അടിസ്ഥാനത്തിൽ വിവാഹം നടത്തിവരുന്നവരുമായ ശ്രേണീകൃതമായ ഒരു ജാതിസമൂഹമാണ് കേരളത്തിലെ ക്രിസ്തുമതം. സാമൂഹിക അകലവും വിവേചനവും നിലനിർത്തിയിരിക്കുന്ന കേരളത്തിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ മുന്നോക്ക ക്രിസ്ത്യൻ, പിന്നോക്ക ക്രിസ്ത്യൻ, പരിവർത്തിത ക്രിസ്ത്യൻ എന്നിങ്ങനെയാണ് സർക്കാർതലത്തിൽ വിഭജിച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാവരും പരിവർത്തിത ക്രിസ്ത്യാനികൾ ആണെങ്കിലും ദലിതർക്കാണ് പരിവർത്തിതക്രിസ്ത്യാനി എന്ന പരിഹാസ 'ബഹുമതി' ലഭിച്ചത്. മുന്നോക്ക ക്രിസ്ത്യാനികൾ എന്നാൽ സുറിയാനി ക്നാനായ ജെനറൽ ക്രിസ്ത്യാനികളും (സംവരണേതര ക്രിസ്ത്യൻ), പിന്നോക്ക ക്രിസ്ത്യാനികൾ എന്നാൽ മുക്കുവ നാടാർ SIUC (South India United Church) (മലബാറിലെ സി.എസ്.ഐ)) വിശ്വാസികളും, പരിവർത്തിത ക്രിസ്ത്യാനികൾ എന്നാൽ ദളിത് അല്ലെങ്കിൽ പട്ടികജാതി ക്രിസ്ത്യാനികൾ (S.C.C.C) എന്നുമാണ് നിർവചിക്കപ്പെട്ടിരിക്കുന്നത്. ഇത് ഐക്യകേരളത്തിലെ ആദ്യസർക്കാർ ബോധപൂർവം സൃഷ്ടിച്ചതല്ല, മറിച്ച് പതിനഞ്ചാം നൂറ്റാണ്ടു മുതലേ ക്രൈസ്തവ വിശ്വാസികൾക്കിടയിൽ നിലനിന്നിരുന്ന ഈ മൂന്ന് തട്ടുകളെ സർക്കാർ അതേപോലെ പകർത്തിയെടുക്കുകയായിരുന്നു.
കേരളത്തിലെ ക്രിസ്ത്യൻ വിശ്വാസികൾക്കിടയിൽ നിലനിൽക്കുന്നത് ജാതിക്രമത്തിലുള്ള വിവേചനമാണ്. അതായത് മുന്നോക്ക ക്രിസ്ത്യാനികൾ താഴെയുള്ള പിന്നോക്കരെയും പരിവർത്തിതരെയും അകറ്റിനിർത്തുമ്പോൾ, രണ്ടാംനിലയിലെ പിന്നോക്ക (മുക്കുവ/ നാടാർ) ക്രിസ്ത്യാനികൾ 'പരിവർത്തിതരെ' അകറ്റി നിർത്തുന്നു. ക്രൈസ്തവ ന്യൂനപക്ഷത്തിനുള്ളിലെ ദളിത്ക്രിസ്ത്യാനികളാകട്ടെ സഭയുടെ ഉള്ളിൽ നിന്നും സമൂഹത്തിൽ നിന്നും ഒരേപോലെ വിവേചനം നേരിടുന്നവരാണ്. ദളിത്ക്രിസ്ത്യാനികൾ എല്ലാവിധ ക്രൈസ്തവ സഭകളിലും അംഗങ്ങളായി എത്തിച്ചേർന്നിട്ടുണ്ട്. അതോടൊപ്പം ചില സഭകൾ സ്വന്തമായി നടത്തുന്നവരുമാണ് ദളിത്ക്രിസ്ത്യാനികൾ. എന്നാൽ ക്രിസ്തുമത സ്വീകരണത്തിലൂടെ ദളിത് ക്രിസ്ത്യാനികൾക്ക് സാമൂഹിക ഉയർച്ച നേടുന്നതിനോ, ക്രിസ്തുമതത്തിനെ ഒരു സാമൂഹ്യ മൂലധനമായിട്ടോ (Social Capital)ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. ദുരഭിമാന കൊലയെന്ന് കേരളത്തിലെ കോടതി വിലയിരുത്തിയ ആദ്യസംഭവം കോട്ടയം സ്വദേശിയായ കെവിൻ ജോസഫ് എന്ന ദളിത് ക്രിസ്ത്യാനിയുടെ (2018) കൊലപാതകമാണ്. ഇത്തരത്തിൽ ആന്തരിക സംഘർഷവും സാമൂഹ്യവിവേചനവും ശക്തമായി നിൽക്കുന്ന ക്രിസ്ത്യൻ വിശ്വാസികളെ ഏക ശിലയായി കണ്ടുകൊണ്ട് പഠിക്കുവാനായാണ് കേരള സർക്കാർ ജെ. ബി. കോശി കമ്മീഷനെ നിയമിച്ചിരിക്കുന്നത്.
