അമേരിക്കയും ബ്രിട്ടനുമടക്കമുള്ള വിദേശശക്തികളുടെ ആക്രമണത്തിന് നമ്മുടെ രാജ്യം വീണ്ടും ഇരയായിരിക്കുകയാണ്–– നമ്മെ അങ്ങനെ വിശ്വസിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എന്താണ് കാരണം? കൊളോണിയലിസ്റ്റുകൾക്കും നവസാമ്രാജ്യത്വവാദികൾക്കും നമ്മുടെ രാജ്യത്തിന്റെ അഭിവൃദ്ധിയോ ഐശ്വര്യമോ ഒന്നും സഹിക്കാൻ കഴിയുന്നില്ലത്രേ. രാജ്യത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ അടിത്തറ തകർക്കുകയാണ് അവരുടെ ലക്ഷ്യം.
കേന്ദ്രസർക്കാരിന്റെ അഭിപ്രായത്തിൽ, ഇതിനുവേണ്ടി രഹസ്യമായി കരുനീക്കം നടത്തിയവർ രണ്ടുപേരാണ്: ‘ഇന്ത്യ: ദി മോദി ക്വസ്റ്റിൻ’ എന്ന രണ്ടുഭാഗങ്ങളുള്ള ഡോക്യുമെന്ററി ഈ വർഷം ജനുവരിമാസത്തിൽ സംപ്രേക്ഷണം ചെയ്ത ബി ബി സിയാണ് ഇതിലെ ഒന്നാം പ്രതി. 38 കാരനായ നഥാൻ ആൻഡേഴ്സന്റെ ഉടമസ്ഥതയിലുള്ള ഹിൻഡൻബർഗ് റിസർച്ച് എന്ന യുഎസ് സ്ഥാപനമാണ് രണ്ടാം പ്രതി. ഷോർട്ട് സെല്ലിംഗ് ആക്ടിവിസത്തിനു പേരുകേട്ടവരാണ് ഇതിലെ രണ്ടാമത്തെ കക്ഷികൾ.
ഇന്ത്യയിലെ "ഇരട്ടഗോപുരങ്ങൾ"ക്കുനേരെ ആക്രമണമുണ്ടായി എന്ന മട്ടിലാണ് ഈ വിഷയത്തെ ഇന്ത്യൻ മാധ്യമങ്ങൾ ചിത്രീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയുമാണ് അവരുടെ നോട്ടത്തിലുള്ള ആ ഇരട്ടഗോപുരങ്ങൾ. ഈ അടുത്തകാലം വരെ ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനെന്ന സ്ഥാനമുണ്ടായിരുന്നയാളാണ് അദാനി എന്ന ഈ ഇന്ത്യൻ വ്യവസായപ്രമുഖൻ. ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾക്ക് അത്രയ്ക്കൊന്നും രഹസ്യാത്മകതയില്ല. ആൾക്കൂട്ടക്കൊലപാതകത്തിന് പ്രേരണ നൽകിയെന്ന കുറ്റത്തിനാണ് ബിബിസി ചിത്രം മോദിയെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. "കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി" നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് ജനുവരി 24 ന് പ്രസിദ്ധീകരിച്ച ഹിൻഡൻബർഗ് റിപ്പോർട്ട് അദാനിയ്ക്കെതിരെ മുന്നോട്ടുവയ്ക്കുന്നത്.
