എന്നെ കേൾക്കാൻ ആരുണ്ട്?

Society

എന്നെ കേൾക്കാൻ ആരുണ്ട്?


VEER SAVARKAR: The man who could have prevented partition (ഉദയ് മാഹുർക്കർ, ചിരായു പണ്ഡിറ്റ്) എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിൽ (ഹിന്ദു: 13/10/2021) പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മഹാത്മാഗാന്ധിയുടെ അപേക്ഷപ്രകാരമാണ് സവാർക്കർ ആൻഡമാൻ ജയിലിൽനിന്ന് സ്വതന്ത്രനാകാൻ ബ്രിട്ടീഷ് സർക്കാരിന് ദയാഹർജി കൊടുത്തതെന്ന് പ്രസ്താവിക്കുകയുണ്ടായി. സവാർക്കർ ഇന്ത്യൻ ചരിത്രത്തിന്റെ വിഗ്രഹമാണെന്നും (Icon) അദ്ദേഹം തുടർന്ന് പറഞ്ഞു. അടിസ്ഥാനപരമായി മൂന്നു കാര്യങ്ങളാണ് ഈ പ്രകാശനവേളയിൽ സംഭവിക്കുന്നത്. പുസ്തകത്തിന്റെ തലവാചകം ആദ്യത്തേത്: സവാർക്കറിന് ഇന്ത്യാ വിഭജനം തടയാൻ കഴിയുമായിരുന്നു. രണ്ടാമത്തേത്, ഗാന്ധിയുടെ അപേക്ഷപ്രകാരമാണ് സവാർക്കർ ദയാഹർജി നൽകിയത്. മൂന്നാമത്തേത് സവാർക്കർ ഇന്ത്യാ ചരിത്രത്തിന്റെ icon ആണ്. ആ പ്രകാശന ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ മുഖ്യൻ മോഹൻഭഗത്തും സവാർക്കറിനെ ന്യായീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. സവാർക്കറിന്റെ ചെറുമകൻ രഞ്ജിത് സവാർക്കർ ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവല്ലെന്ന്പറഞ്ഞതായി മാതൃഭൂമി പത്രം (14-10-2021) റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗാന്ധിജിക്ക് സവാർക്കറുടെ മാപ്പപേക്ഷയെക്കുറിച്ച് എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്നും മഹാത്മാഗാന്ധി സമ്പൂർണ്ണ കൃതികൾ വാല്യം 19 ൽ പേജ് 347-ൽ ഇതെല്ലാം വ്യക്തമാക്കുന്നുണ്ടെന്നും ആർ.എസ്.എസ്. പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ.നന്ദകുമാർ അതേ പത്രത്തിൽതന്നെ പ്രസ്താവിക്കുന്നുണ്ട്. എന്നാൽ വാല്യം 19 പേജ് 347 ൽ നന്ദകുമാർ പറയുന്നതുപോലെയുള്ളതൊന്നും കാണാനില്ല. പേജ് 347 ൽ ഉള്ളത് 10-02-1921 ൽ ഗാന്ധിജി ഗുജറാത്തി നവജീവനിലെഴുതിയതിന്റെ വിവർത്തനവും ഗാന്ധിജി 10-02-1921 ൽ കാശി വിദ്യാപീഠത്തിൽ നടത്തിയ പ്രസംഗത്തിന്റെ തുടക്കവുമാണ്.

ഗാന്ധിജിയുടെ സമ്പൂർണ്ണ കൃതികളിൽ (90 വാള്യങ്ങൾ- പേജ്43000) വിനായക് ദാമോദർ സവർക്കറിനെപ്പറ്റി ഗാന്ധി പരാമർശിക്കുന്നത് 20, 25, 32, 33, 53, 65, 70, 71, 73, 76, 77, 79, 80, 75, 17 വാല്യങ്ങളിലാണ്. 19 ഇടങ്ങളിലായി. ഇവയിലൊന്നിലും തന്നെ ഗാന്ധി സവാർക്കറോട് മാപ്പപേക്ഷ നൽകാൻ പറഞ്ഞതായി യാതൊരു സൂചനകളുമില്ല.

വാസ്തവത്തിൽ ഇത്തരം പ്രസ്താവനകൾകൊണ്ട് ആർ.എസ്സ്.എസ്സും, ബി.ജെ.പി.യും അടങ്ങുന്ന സംഘപരിവാർ ലക്ഷ്യമിടുന്നത് ദേശീയ സ്വാതന്ത്ര്യസമരത്തിൻ ബ്രിട്ടീഷ് സർക്കാറിനോട് ചേർന്ന് പ്രവർത്തിച്ച സവാർക്കറെ ഗാന്ധിക്ക് സമശീർഷനാക്കുക മാത്രമല്ല, ആർ.എസ്സ്. എസ്സിന്റെ ഹിന്ദുത്വയെന്ന സിദ്ധാന്ത സംഹിതയെ ഇന്ത്യൻ ജനാധിപത്യത്തിന് മേൽ അടിച്ചേൽപ്പിക്കുകയും സ്വാതന്ത്ര്യസമരത്തിന്റെയും ഗാന്ധിയുടെയും ഓർമ്മകൾ ഇല്ലാതായ ഒരു തലമുറയെ തങ്ങളിലേക്കാകർഷിക്കുകയുമാണ്.


Related Articles