സഖാവ് കെ.കെ.എസ്. ദാസ് 2024 ഏപ്രിൽ 25-ന് ഓർമ്മയായി.നക്സൽ ബാരിയിലെ വസന്തത്തിന്റെ ഇടിമുഴക്കം കേട്ടുണർന്നകേരളത്തിലെ ദലിത് യൗവനത്തിൽ കെ.കെ.എസ്. ദാസും ഉണ്ടായിരുന്നു. നക്സൽ ബാരിയുടെ പശ്ചാത്തലത്തിൽ 1970-ൽ രൂപീകരിക്കപ്പെട്ട CPI (ML) മുന്നോട്ടുവച്ച കാർഷിക വിപ്ലവത്തിന്റെ വക്താവായിരുന്നു കെ.കെ.എസ്. ദാസ്. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയിലും അംഗമായിരുന്നില്ലെങ്കിലും ദാസ് എന്നും മാർക്സിസം ലെനിനിസം മാവോചിന്ത ഉയർത്തിപ്പിടിച്ചു. തന്റെവിപ്ലവസങ്കല്പങ്ങളോട് ഒത്തുപോകുന്നിടംവരെ ഡോ. ബി.ആർ. അംബേദ്കറെ അതിനുള്ളിലേക്ക് വ്യാഖ്യാനിച്ചു. ജീവിതാന്ത്യം വരെ ദാസ് ഒരു കമ്മ്യൂണിസ്റ്റായിരുന്നു.
വിവിധ ചിന്താധാരകളിലൂടെ കടന്നുവന്നവരാണ് '70 കളിലേയും '80 കളിലേയും ദലിത് നേതാക്കൾ. കെ.കെ.എസ്. ദാസും ഡോ. കെ.കെ. മന്മഥനും കെ.കെ. കൊച്ചും ഈ ലേഖകനുമെല്ലാം മാർക്സിസ്റ്റ് ചിന്താധാരയിലൂടെ കടന്നുവന്നവരാണ്. വർഗത്തോടൊപ്പം ജാതിയും പ്രശ്നവത്കരിക്കപ്പെട്ടപ്പോൾ ജാതിക്ക് നൽകേണ്ടിവന്ന പ്രാധാന്യമാണ് വേറിട്ടൊരു ചിന്തയിലേക്കും പ്രവർത്തനത്തിലേക്കും ഇവരെ നയിച്ചത്. അത്തരത്തിൽ മാർക്സിസ്റ്റ് ചിന്താധാരയിലൂടെ കടന്നുവന്ന വിദ്യാസമ്പന്നരായ ദലിത് യുവാക്കളുടെ മുൻകൈയിലാണ് 1970-കളുടെ തുടക്കത്തിൽ സീഡിയൻ സർവ്വീസ് സൊസൈറ്റി രൂപീകരിക്കപ്പെട്ടത്. രാഷ്ട്രീയ ഉള്ളടക്കത്തിന്റെ കാര്യത്തിൽ CPI (ML) ന്റെ മറ്റൊരു പതിപ്പായിരുന്ന സീഡിയൻ സംഘടനാനിർമ്മാണത്തിന്റെ കാര്യത്തിലും അവർ CPI (ML) ന്റെ കേഡർ സ്വഭാവം മാതൃകയാക്കി. പാർട്ടിലൈനും സായുധമാർഗ്ഗവും അംഗീകരിക്കുമ്പോഴും പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുന്നത് കുടുംബത്തെയും പുതിയ തൊഴിൽസാധ്യതകളെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ഭയത്താൽ നക്സലൈറ്റ് പ്രസ്ഥാനത്തിൽ അംഗങ്ങളായി മാറാൻ കഴിയാതെപോയ ദലിത് യുവാക്കളുടെ സംഘടനയായിരുന്നു അത്. സീഡിയൻ രൂപീകരിക്കപ്പെട്ടതിനു പിന്നാലെ അതിന് നേതൃത്വം നൽകിയ സർക്കാർ ജീവനക്കാരല്ലാത്ത പലരും സർക്കാർ ജീവനക്കാരായി മാറുന്നതും റാഡിക്കൽ മാർക്സിസ്റ്റ് ചിന്ത കൈവിടാതെ തന്നെ പ്രായോഗിക ഇടപെടലുകളിൽനിന്ന് അകന്നുനില്ക്കുന്നതുമാണ് കണ്ടത്. ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയവും അതിന്റെ പ്രയോഗവും തമ്മിലുള്ള അന്തരം അവരെ പ്രതിസന്ധിയിലാക്കി. വാക്കും പ്രവൃത്തിയും രണ്ടായി. രാഷ്ട്രീയം വാക്കുകളിലൊതുങ്ങി.
