ഡൽഹി യൂണിവേഴ്സിറ്റിയിലെ ഭാഷാശാസ്ത്രവിഭാഗത്തിൽപ്രൊഫസർ ആയ ഹാനി ബാബുവിനെ ഭീമകൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ജൂലൈ ഇരുപത്തിയെട്ടാംതിയ്യതി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) അറസ്റ്റ് ചെയ്തത് വലിയ വാർത്തയായി തീർന്നതാണല്ലോ. ഈ ഘട്ടത്തിൽ ഹാനി ബാബുവിനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലത്തെ കുറിച്ചും കുറച്ചു കൂടെ ആഴത്തിൽ ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. കോഴിക്കോട്, കണ്ണൂർ, ഹൈദരാബാദ്, ഡൽഹി എന്നിങ്ങനെയുള്ള State/Cetnral യൂണിവേഴ്സിറ്റികളിൽ, മണ്ഡൽ അനന്തര കാലത്തു ആദ്യമായി കടന്നുവന്ന ഒബിസി വിദ്യാർത്ഥികളിൽ ഒരാൾ എന്ന നിലയിലും, അദ്ധ്യാപിക എന്ന നിലയിലും ഉണ്ടായിട്ടുള്ള തിരിച്ചറിവുകളുടെ വെളിച്ചത്തിൽ കൂടിയാണ് ഞാൻ ഇത് എഴുതുന്നത്.
സംവരണത്തിലൂടെ, കാഞ്ചാ ഐലയ്യ 'അഗ്രഹാരങ്ങൾ' എന്നു വിശേഷിപ്പിച്ച ഇന്ത്യൻ അക്കാദമിയിലേക്ക് കടന്നു വരുന്നവിദ്യാർത്ഥികളും അധ്യാപകരും ആദ്യം തന്നെ മനസിലാക്കുന്ന ഒരു സത്യമുണ്ട്; ഇവിടെ സംവരണത്തിലൂടെ എത്തുന്നവരെ നേരിടുന്നത് നിരവധി തരത്തിലുള്ള തരംതിരിക്കലുകളും കുത്തുവാക്കുകളും ഒരു തരത്തിലും സ്വന്തമായ ഒരു സ്വത്വം ഉറപ്പിക്കാൻഅനുവദിക്കാത്ത സങ്കീർണമായ ഘടനകളുമാണ്. ഇതുകൊണ്ടുതന്നെ പലരും തങ്ങളുടെ സ്വത്വം മറച്ചുപിടിക്കാൻ നിർബന്ധിതരാവുകയും, യോഗ്യത (merit) എന്ന ചോദ്യ ചിഹ്നത്തെ നിരന്തരം അഭിമുഖീകരിച്ചുകൊണ്ട് അത് തെളിയിക്കുന്നതിന് സദാ ബാധ്യസ്ഥരാവുകയും ചെയ്യുന്നുണ്ട്. അങ്ങനെ തങ്ങളുടെ വ്യക്തിപരമായ ഉന്നമനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വളരെ പരിമിതമായ ചില അക്കാദമിക കൊക്കൂണുകളിലേക്ക് (cocoon) ഒതുങ്ങുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. ഇത്തരംസമുദായങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികളോഅധ്യാപകരോ നേരിടുന്ന ജാതീയമായ വിവേചനങ്ങളെ കണ്ടില്ലെന്നു നടിച്ചു മാറിനിൽക്കുന്നവരാണ് ന്യൂനപക്ഷത്തിൽതന്നെ ഉള്ള ഭൂരിപക്ഷം പേരും. ഇതിൽ തന്നെ പലരും, പ്രത്യകിച്ചും ഒ ബി സി വിഭാഗത്തിൽപെട്ടവർ ജാതിയോ, ജാതീയതയോ അക്കാദമിക തലത്തിൽ ഇല്ല എന്ന് സ്വയം പറഞ്ഞു വിശ്വസിച്ച്, തങ്ങൾക്കു മാത്രംഇടം കണ്ടെത്തുന്നവരും ആണ്. മറ്റു ചിലരാകട്ടെ, കാൻഷി റാം (Kanshi Ram) പറഞ്ഞത് പോലെ, സവർണപദ്ധതികൾക്കുള്ളിൽ കുടുങ്ങി, ഇവിടെ ഒരു സങ്കടകരമായ ഒരുചംച്ച (Chamcha) ജീവിതവും ജീവിച്ചു തീർക്കുന്നു. വളരെ ചുരുക്കം പേരാണ് ഈ മേഖലയിൽ തങ്ങളുടേതായ ഒരു രാഷ്ട്രീയം ഉയർത്താനും,സംവരണത്തിലൂടെ വരുന്നവരുടെ അവകാശങ്ങൾക്കു വേണ്ടി നിലനിൽക്കാനും ശ്രമിക്കുന്നതും അതിൽ ലക്ഷ്യം കാണുന്നതും. ഇങ്ങനെ ചെയ്യാൻ ശ്രമിച്ച്, അതിൽ ഒരു വലിയ തോതിൽ തന്നെ വിജയിച്ച ഒരാളാണ് ഹാനിബാബു.
