അംബേദ്ക്കറിലെ ഗാന്ധി

Society

അംബേദ്ക്കറിലെ ഗാന്ധി


ഗാന്ധിയെയും അംബേദ്ക്കറെയും കുറിച്ച് ദലിത് സ്വത്വവാദികളടക്കമുള്ള ലിബറൽ രാഷ്ട്രീയക്കാരും സ്റ്റാലിനിസത്തെ പിന്തുടരുന്ന ഇന്ത്യൻ മാർക്‌സിസ്റ്റുകളും വച്ചു പുലർത്തുന്ന ധാരണകളെ ആകെയുലയ്ക്കുന്ന ഒരു അഭിപ്രായമാണ് ഞാൻ അഭിമുഖസംഭാഷണത്തിൽ പ്രകടിപ്പിച്ചത്. അതുകൊണ്ട് കുന്നുകുഴി എസ് മണി, രാധാകൃഷ്ണൻ ചെറുവല്ലി തുടങ്ങിയവരുടെ കത്തുകളിൽ (പച്ചക്കുതിര ഓഗസ്റ്റ് 2015) പ്രകടമാകുന്ന അസ്വസ്ഥത തികച്ചും സ്വാഭാവികമാണ്. അത്തരം പല കത്തുകളും ഇ-മെയിലുകളും എനിക്ക് കിട്ടിക്കഴിഞ്ഞു. എന്നാൽ ഇതോടൊപ്പം എന്റെ അഭിപ്രായത്തിന്റെ പുതുമയേയും കാലിക പ്രാധാന്യത്തേയും എടുത്തു പറഞ്ഞുകൊണ്ടുള്ള അഭിനന്ദനങ്ങളും എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നു. ഏതായാലും ഈ വിഷയത്തെക്കുറിച്ച് ഇന്ന് നിലനിൽക്കുന്ന ധാരണയിൽ നിന്ന് വ്യത്യസ്തമായ ഒരു പുതിയ ദിശയിലുള്ള ചിന്തയ്ക്ക് തുടക്കം കുറിക്കാൻ സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി പറയുന്നു.

പുതിയ ദിശയിലുള്ള ചിന്ത എന്നു പറയുമ്പോൾ അത് മലയാളത്തെ സംബന്ധിച്ചുമാത്രമാണ്. ഗാന്ധിയെക്കുറിച്ചോ അംബേദ്ക്കറെക്കുറിച്ചോ ഒന്നുമറിയാത്ത ഒരു പൊട്ടനാണ് ഞാനെന്നും തീവ്രവാദ രാഷ്ട്രീയത്തിൽനിന്ന് ഗാന്ധിക്കുപിന്നിൽ ഒളിക്കാൻ ശ്രമിക്കുന്ന ഒരു ഭീരുവാണ് ഞാനെന്നും പറയുന്ന 'പണ്ഡിത' സുഹൃത്തുക്കൾ ധരിക്കുന്നത് ഗാന്ധി അംബേദ്ക്കർ ബന്ധത്തിന്റെ പുതിയ സാധ്യതയെക്കുറിച്ചുള്ള അന്വേഷണങ്ങൾ എന്തോ പുതിയ കാര്യമാണെന്നാണ്. അതായത് അജ്ഞനും ഭീരുവുമായ ബി രാജീവന്റെ ഒരു ഉൾവിളി മാത്രമാണെന്നാണ്. എന്നാൽ വസ്തുത അതല്ല. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ചിന്താലോകത്ത് വളരെ സജീവമായി ചർച്ച ചെയ്യപ്പെടുന്ന ഒരാശയമാണിത്. അന്തരിച്ച പ്രസിദ്ധ ദലിത്‌രാഷ്ട്രീയ ചിന്തകനായ ഡി ആർ നാഗരാജിന്റെ സംഭാവനകളാണ് ഈ രംഗത്ത് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. (Flaming Feet and Other Essays. Listening to the Loom എന്നീ കൃതികൾ കാണുക).

ഡി.ആർ. നാഗരാജ്‌
ഡി.ആർ. നാഗരാജ്‌

Related Articles