കാലം ബ്ലോക്ക്ബസ്റ്ററാക്കിയ നായകൻ

Society

കാലം ബ്ലോക്ക്ബസ്റ്ററാക്കിയ നായകൻ


വിഎസ് മരിച്ചു എന്ന ഒരു മെസേജ് ആദ്യമായി വരുന്നത് പഴയ ഒരു പാർട്ടി സമ്മേളനക്കാലത്തെ വൈകുന്നേരമാണ്. "തീർന്നെടാ നിൻ്റെ വി.എസ്.!" എന്നായിരുന്നു അത്. നിന്നെക്കൊണ്ടൊക്കെ പറ്റുമെങ്കിൽ നീ തീർക്കെടാ എന്ന് മറുപടി അയക്കുന്ന പ്രായമാണത്. ആ മറുപടിക്കപ്പുറത്ത് അവരും ഇപ്പുറത്ത് ഞങ്ങളുമായി ജീവിച്ച കൗമാരത്തിൻ്റെ പേരാണ് എനിക്ക് വി.എസ്.

കണ്ണേ കരളേ എന്നു വിളിച്ച് തെരുവിലിറങ്ങാൻ വിഎസിനെന്നും അയാളുടെ പിള്ളേരുണ്ടായിരുന്നു. നോക്കെത്താത്ത ദൂരത്തോളം നീണ്ടു കിടന്നിരുന്ന ആ ആൾക്കൂട്ടത്തിൽ ഒരു പൊട്ടുപോലെ ഞാനുമുണ്ടായിരുന്നു. പലയിടങ്ങളിൽ നിന്ന് പുറപ്പെട്ട ജാഥകളായിരുന്നു ആ ആൾക്കൂട്ടമത്രയും. ആ ജാഥകൾ നയിച്ചവർ പലരും മതിയാക്കിപ്പോയപ്പോഴും നിരാശാഭരിതരാവാതെ നിന്ന നിരാലംബരുടെ ഒരു നിരയുണ്ട്, അവരുടെ പ്രതീക്ഷയായിരുന്നു വി.എസ്.

പ്രതീക്ഷകൾ മരിക്കുമ്പോഴാണ് വി.എസ് മരിക്കുന്നതെന്നാണ് എൻ്റെ തോന്നൽ. വി.എസ്. ആയിരുന്നോ, പ്രതീക്ഷകളായിരുന്നോ ആദ്യം മരിച്ചതെന്ന് ഞാനിരുന്ന് ആലോചിക്കുകയായിരുന്നു. മോഹൻലാലിനു വേണ്ടി എം.ടി. എഴുതിയ ഒരു തലവാചകമുണ്ട്, കൊല്ലാനവനും ചാവാതിരിക്കാൻ ഞാനും. വി.എസ്. ജീവിതത്തിന് അടിമുടിയിടാവുന്ന തലക്കെട്ട് അതാണ്, കൊല്ലാനവരും ചാവാതിരിക്കാൻ അയാളും. ആരോടൊക്കെയാണ് പോരാടിയത് ! ആരെല്ലാമായിരുന്നു ശത്രുപക്ഷത്ത് !! കാലം ബ്ലോക് ബസ്റ്ററാക്കിയ ചില സിനിമകളുണ്ട്. തലപ്പൊക്കമുള്ള വില്ലനാനകളെ കേവലം ഒരു തോട്ടിമുനമ്പിൽ നിർത്തുന്ന നായകന്മാരുടെ വീരഗാഥകളാണ് അവയേറെയും. അലകിൻ കഷണത്തിൽ കെട്ടിയ ഒരു കൊടിയേ കൈയ്യിൽ ഉണ്ടായിരുന്നുള്ളൂ. തോക്കേന്തിയവരെ മുതൽ തിടമ്പേറ്റിയവരെ വരെ നിയന്ത്രിക്കാൻ അയാൾക്ക് അതുമതിയായിരുന്നു.


Related Articles