കേരളം മറന്നുവെച്ച ചരിത്രശക്തിയാണ് തപസ്വി ഓമൽ. പത്തനംതിട്ടയിൽ കുറിയന്നൂർ മയിലാടുംപാറയിൽ 1875-ൽ തപസ്വി ഓമൽ ശിവലിംഗപ്രതിഷ്ഠ നടത്തി. റാന്നി വലിയകുളത്തും ഓമൽ ശിവനെ പ്രതിഷ്ഠിച്ചു. ഒന്നര നൂറ്റാണ്ടുമുമ്പ് ഓമൽ പൊളിച്ചെഴുതിയ സാമൂഹിക സങ്കല്പങ്ങളെ ചരിത്രകേരളം ശ്രദ്ധിച്ചില്ല. അറിവിലൂടെയാണ് ലോകം മാറുന്നത് എന്ന് കണ്ടറിയാനുള്ള ആധുനികതാബോധം ദളിത് സമൂഹത്തിന് കൈവരാൻ കാലമെടുത്തു. അടുത്തകാലത്ത് പുറംലോകത്തിനുകിട്ടിയ ചില സൂചനകൾക്കപ്പുറം, ഈ ലേഖകൻ നടത്തിയ അന്വേഷണങ്ങൾ ഓമൽ നിർവ്വഹിച്ച ചരിത്രദൗത്യത്തിന്റെ മഹാഗൗരവം ബോധ്യപ്പെടുത്തുകയാണ്. ആരായിരുന്നു തപസ്വി ഓമൽ? ആ ജീവിതത്തിന്റെ നവോത്ഥാനമൂല്യം എന്താണ്? എന്തുകൊണ്ടാണ് ചരിത്രത്തിലെ നിശ്ശബ്ദതയായി ആ ദളിത് സന്ന്യാസി മാറ്റപ്പെട്ടത്? പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലൂടെ, ഇരുൾ വീണ ഒരു സമൂഹത്തെ ഒപ്പംകൂട്ടി നടന്ന ഓമലിന്റെ ജീവിതം മറവിയിൽനിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരികയാണ് ഈ അന്വേഷണം.
ഓമലിന്റെ ചരിത്രം തേടി
എൺപതുകളുടെ അവസാനത്തോടെയാണ് മലയാളത്തിലെ ചില പത്രങ്ങളിൽ ഓമൽ നടത്തിയ ചരിത്രവിപ്ലവത്തിന്റെ സൂചനകൾ പ്രത്യക്ഷപ്പെട്ടത്. 1988 മാർച്ച് 25-ാം തീയതിയിലെ 'ജന്മഭൂമി' പത്രത്തിന്റെ ഒന്നാം പേജിൽ 'നൂറ്റിപ്പതിമൂന്ന് വർഷംമുമ്പ് ഹരിജൻ നടത്തിയ ശിവലിംഗപ്രതിഷ്ഠ' എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 1989 മാർച്ച് 2-ാം തീയതി 'മലയാള മനോരമ' ദിനപത്രത്തിൽ 'ഓർമയിൽനിന്ന് ഓമലിന്റെ ശിവപ്രതിഷ്ഠ' എന്ന റിപ്പോർട്ടുണ്ടായിരുന്നു. 'കേരള കൗമുദി'യിൽസാംചെമ്പകത്തിൽ എഴുതിയ 'തപസ്വിഓമലും ശിവപ്രതിഷ്ഠയും' (സ്മൃതികൾ സ്പന്ദനങ്ങൾ എന്ന പരമ്പരയിൽ) എന്ന കുറിപ്പും കൗതുകമുണർത്തി. അപ്പോഴും നമ്മുടെ സാംസ്കാരികലോകം ഓമൽചരിത്രത്തിൽ ശ്രദ്ധവെച്ചില്ല. ഓമലിന്റെ നാലാം തലമുറയിൽപ്പെട്ട എം.കെ. കേശവൻ, കുറവൻകുഴിച്ചിറയിൽ ഓമൽ എന്നിവരുടെ വാമൊഴികളും വിദ്വാൻ കെ.കെ. ശങ്കരനാരായണപിള്ളയുമായി നടത്തിയ സംഭാഷണവുമായിരുന്നു പത്രറിപ്പോർട്ടുകളുടെ ചരിത്രബലം. കുറിയന്നൂർ കരിപ്പള്ളിൽ തറവാട്ടിൽനിന്ന് തപസ്വി ഓമലിനെക്കുറിച്ചുള്ള കുറിപ്പുകൾ ഈയിടെ കണ്ടെടുത്തതോടെ ഇരുണ്ടുപോയ വഴിതെളിഞ്ഞു. 1952-ൽകരിപ്പള്ളിൽ കുടുംബാംഗമായവിദ്വാൻ കെ.കെ. ശങ്കരനാരായണപിള്ള എഴുതിവെച്ച കുറിപ്പുകൾപലതും നശിച്ചുപോയെങ്കിലും അവശേഷിച്ചവ പകർത്തി സൂക്ഷിക്കാൻ മകൻ നന്ദകുമാറിനു കഴിഞ്ഞു. തുരുത്തിപ്പള്ളിൽ നാരായണൻവൈദ്യൻ എഴുതിയ 'ഗാനമഞ്ജരി' എന്ന കൃതിയിലെ ഓമൽ കീർത്തനമാണ് മറ്റൊരു പ്രധാന രേഖ. അയ്യപ്പസേവാസംഘം കുറിയന്നൂർ ശാഖയുടെ പ്രവർത്തന ഡയറി (1972)യും ഓമൽചരിത്രത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. കുറിയന്നൂരിലെമ്പാടും തപസ്വി ഓമലിനെക്കുറിച്ചുള്ള വാമൊഴിക്കഥകൾ പടർന്നുകിടക്കുന്നു. മുത്തശ്ശിയായ നങ്ങേലിയമ്മയിൽനിന്നാണ് ഓമലിനെക്കുറിച്ചുള്ള ചരിത്രവിവരങ്ങൾ ലഭിച്ചതെന്ന് കുറിപ്പുകളുടെ ആമുഖത്തിൽ കെ.കെ. ശങ്കരനാരായണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയിലെ കുട്ടനാട്ടിൽനിന്ന് കുറിയന്നൂരിലേക്ക് എത്തിയവരാണ് ഓമലിന്റെ പൂർവ്വികർ.
