ചരിത്രത്തിന്റെ പുനർവായന അനിവാര്യമാക്കുന്ന ചില സന്ദർഭങ്ങളുണ്ട്, നിർഭാഗ്യവശാൽ, അത്തരം ഒരു ചരിത്രസന്ദർഭത്തിലാണ് രാജ്യം. ബ്രാഹ്‌മണ്യം (ഹിന്ദുത്വഫാഷിസം), സാമ്രാജ്യത്വം എന്നീ ഇഴപിരിയാത്തദ്വന്ദ്വങ്ങൾക്കെതിരേയും അതിനെ താങ്ങിനിർത്തുന്ന അനേകം ഘടകങ്ങൾക്കുമെതിരേയും ജനത്തിന്റെ ചെറുത്തുനില്പും വിശാലമായ ഐക്യവും അവശ്യമായ ഘട്ടമാണിത്. അതിനാൽതന്നെ 'അംബേദ്കറിസ്റ്റു'കൾക്കും 'കമ്യൂണിസ്റ്റു'കാർക്കുമിടയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന കടുത്ത വൈര്യം മറ്റുപലതിലെന്നപോലെ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ട്. ഗാന്ധിയെയും സോഷ്യലിസ്റ്റുകളെയും മതവാദികളെയും ഒക്കെ ഡോ. ബി.ആർ. അംബേദ്കർ കണക്കിന് വിമർശിച്ചിട്ടുണ്ട്. എന്നാൽ വർത്തമാനകാലത്ത് അത്തരം വിമർശനങ്ങൾ ഒന്നും പരിഗണിക്കപ്പെടുന്നില്ല. പകരം കമ്യൂണിസ്റ്റുകാർക്കെതിരേയുള്ള വിമർശനങ്ങൾ മാത്രം ഉയർത്തിക്കാട്ടപ്പെടുന്നു. ചില 'അംബേദ്കറിസ്റ്റുകൾ' കമ്യൂണിസത്തെ ദലിതരുടെ മുഖ്യ ശത്രുവായി മാറ്റിയിട്ടുമുണ്ട്. കമ്യൂണിസ്റ്റുകാർ അംബേദ്കറോട് വലിയ അപരാധം കാട്ടുകയും 1952-ലെ തെരഞ്ഞെടുപ്പിൽ 'തോല്പിച്ച'തടക്കം നിരവധി ദ്രോഹങ്ങൾ ചെയ്തുവെന്നുമെന്നുമാണ് ഈ വാദത്തിന്റെ അടിത്തറ. അംബേദ്കർ കമ്യൂണിസ്റ്റുകാരെ 'ബ്രാഹ്‌മണ ബാലൻമാരാണ്' എന്ന് വിമർശിച്ചിട്ടുണ്ടുപോലും. ഫലത്തിൽ 'അംബേദ്കറിസ്റ്റുകൾക്കും' അവരുടെ രാഷ്ട്രീയപാർട്ടികൾക്കും സംഘടനകൾക്കും ഹിന്ദുത്വവാദികളുമായിവരെ കൈകോർക്കാം; പക്ഷേ, കമ്യൂണിസം പറ്റില്ല. സമകാലീന സമരങ്ങളെയും ഐക്യങ്ങളെയും വലിയ രീതിയിൽ അപകടപ്പെടുത്തുന്നുവെന്നതിനാൽതന്നെ, ഇപ്പോൾ നമുക്ക് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യനാളുകളെയും അംബേദ്കറുടെ പ്രവർത്തനങ്ങളെയും പരിശോധിക്കാം.
ഒളിവിലെ പാർട്ടിയും അംബേദ്കർ എന്ന മന്ത്രിയും
അംബേദ്കറും കമ്യൂണിസ്റ്റുകാരും തമ്മിൽ ഒന്നിക്കാനും ഐക്യപ്പെട്ട് പ്രവർത്തിക്കാനും സാധ്യത ചരിത്രപരമായിത്തന്നെ കുറവായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ.) രൂപീകരിക്കപ്പെട്ടത് 1921-ലാണെങ്കിലും ഭരണകൂട അടിച്ചമർത്തലും മറ്റുംമൂലം 1930-കളുടെ ഒടുവിലാണ് അവർ സജീവമാകുന്നത്. ശരിക്കു പറഞ്ഞാൽ, 1939 മുതൽ. ആദ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിലും (ഐ.എൻ.സി.) 1934-ൽ രൂപീകരിക്കപ്പെട്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലുമാണ് (സി.എസ്.പി.) കമ്യൂണിസ്റ്റു പ്രവർത്തകർ തുടർന്നത്. 1939 മധ്യത്തോടെയാണ് കമ്യൂണിസ്റ്റുകാർ സി.എസ്.പി. പൂർണമായി വിടുന്നത്. കമ്യൂണിസ്റ്റ് പാർട്ടി 1934 ജൂലൈ 23-ന് നിരോധിക്കപ്പെട്ടു. 1942 ജൂലൈ 23-നാണ് കമ്യൂണിസ്റ്റ് പാർട്ടിക്കു മേലുള്ള നിരോധനം സർക്കാർ നീക്കിയത്. അതായത്, എട്ട് വർഷം സി.പി.ഐ. നിരോധനത്തിലാണ് പ്രവർത്തിച്ചത്.
