കോഴിക്കോട് എൻ ജി.ഒ ക്വാർട്ടേഴ്സ് ഗവ. ഹൈസ്കൂളിൽ പഠിച്ച് എസ് എസ് എൽ സി പരീക്ഷ ജയിച്ച റോക്ഷത്ത് ഖാത്തൂൻ എന്ന ബംഗാളി പെൺകുട്ടി തന്റെ സ്കൂളിലെ മലയാളിക്കുട്ടികളെ പിന്നിലാക്കി ഫുൾ എ പ്ലസ് നേടിയ ഒരു വാർത്ത കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതു കണ്ടു. റോക്ഷത്ത് ഖാത്തൂന്റെ ഫുൾ എ പ്ലസിന് പത്തരമാറ്റുണ്ടാകുന്നത് ആ സ്കൂളിൽ മറ്റാർക്കും ഫുൾ എ പ്ലസ് ലഭിച്ചില്ല എന്നതിനാലാണ്. ആ കുട്ടിയുമായി നടത്തുന്ന അഭിമുഖത്തിൽ അവൾ പറഞ്ഞ ഒരു കാര്യം 'ബംഗാളി അല്ലേ നീ' എന്നു പറഞ്ഞ് സ്കൂളിലെ മറ്റു കുട്ടികൾ അവളെ കളിയാക്കാറുണ്ട് എന്നതാണ്. ബംഗാളിയാണെന്നതിൽ തനിക്ക് അഭിമാനമേയുള്ളൂ എന്നാണ് റോക്ഷത്ത് തന്നെ കളിയാക്കിയവരോട് മറുപടി പറയുന്നുണ്ടെങ്കിലും അപഹസിക്കപ്പെട്ടു എന്നൊരുഭാവം അവൾക്ക് വിട്ടുമാറുന്നില്ല. റോക്ഷത്തിനെപ്പോലെ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്ന നിരവധി അന്യസംസ്ഥാനക്കാരുടെ മക്കളുണ്ടാവാം. അവരുടെ ഇടയിൽ നിന്ന് മലയാളത്തിൽ പോലും ഏ പ്ലസ് കിട്ടുന്ന കുട്ടികൾ ഉണ്ടായിയെന്നും വരാം. ഈ കുട്ടികളെയൊക്കെ 'ബംഗാളി' എന്ന് വിളിച്ച് അപമാനിക്കാമോ? അല്ലെങ്കിൽ എപ്പോൾ മുതലാണ് 'ബംഗാളി' എന്നത് അപമാനദ്യോതകമായ പ്രയോഗമായി മലയാളികൾ ഉപയോഗിച്ചു തുടങ്ങിയത്? ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ തേടി വന്ന്, കുടുംബമായി താമസിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസം നടത്തുകയും ചെയ്യുന്നവരോട് ഇത്രമേൽ പുച്ഛവും വെറുപ്പുമൊക്കെയുണ്ടാകാൻ എന്താവും കാരണം? എന്തടിസ്ഥാനത്തിലാണ് ഈ മനുഷ്യരോട് അവഗണനയും അസഹിഷ്ണുതയും അയിത്തവുമൊക്കെ മലയാളികൾ കാണിക്കുന്നത്?
