അയഥാർത്ഥമായ ജീവിതശൈലിയിൽ പെട്ടുപോകുന്ന കുട്ടിഇൻഫ്ലുവൻസർമാർ

Society

അയഥാർത്ഥമായ ജീവിതശൈലിയിൽ പെട്ടുപോകുന്ന കുട്ടിഇൻഫ്ലുവൻസർമാർ


കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ഡിജിറ്റൽ ലോകത്തുണ്ടായ സോഷ്യൽ മീഡിയയുടെ വളർച്ച നമ്മൾ ചിന്തിക്കുന്നതിനുമപ്പുറമാണ്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ യുവാക്കൾക്ക് അവസരങ്ങളുടെ പുതിയൊരു ലോകമാണ് തുറന്ന് നൽകിയത്. ഒരു ക്യാമറയുടെയോ, മൊബൈൽ ഫോണിന്റെയോ മുന്നിലിരുന്നുകൊണ്ട് ആർക്ക് വേണമെങ്കിലും ദശലക്ഷക്കണക്കിന് അനുയായികളെ ഉണ്ടാക്കാൻ കഴിയുന്ന, അനുയായികൾ കൂടുന്നതിനനുസരിച്ച് ബാങ്ക് ബാലൻസ് കൂട്ടാൻ സഹായിക്കുന്ന മാന്ത്രിക വേദികളായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മാറിയിട്ട് അധികകാലമായിട്ടില്ല. കുറച്ചുകാലം മുൻപ് വരെ സെലിബ്രിറ്റി എന്ന പദത്തിന്റെ നിർവചനത്തിൽ സിനിമാതാരങ്ങൾ, കായികതാരങ്ങൾ, ഗായകർ, രാഷ്ട്രീയക്കാർ തുടങ്ങിയ എണ്ണപ്പെട്ട ചില വിഭാഗങ്ങൾ മാത്രമാണ് ഉൾപ്പെട്ടിരുന്നതെങ്കിൽ സോഷ്യൽ മീഡിയയുടെ ഉയർച്ച "ഇന്റർനെറ്റ് സെലിബ്രിറ്റികൾ" അല്ലെങ്കിൽ ഓൺലൈൻ സെലിബ്രിറ്റികൾ എന്ന ഒരു പുതിയ വിഭാഗത്തെ സൃഷ്ടിച്ചിട്ടുണ്ട്. ഓൺലൈൻ ഇൻഫ്ലുവെൻസേർസ് അല്ലെങ്കിൽ ഇന്റർനെറ്റ് സെലിബ്രറ്റികൾ എന്നറിയപ്പെടുന്ന ഈ വിഭാഗത്തിൽ നല്ലൊരു ശതമാനവും കുട്ടികളാണ്. കിഡ്‌ഫ്ലുവൻസർ എന്ന് വിളിക്കപ്പെടുന്ന ഇത്തരം കുട്ടി ഇൻഫ്ലുവെൻസേഴ്‌സിന്റെ ഓൺലൈൻ പ്രശസ്തിയുടെ ഇരുണ്ട ലോകത്തെ തുറന്നുകാട്ടുന്ന ഒരു നെറ്റ്ഫ്ലിക്സ് ഡോക്യുസിരീസ് “ബാഡ് ഇൻഫ്ലുവെൻസ് ദി ഡാർക്ക് സൈഡ് ഓഫ് കിഡ്‌ഫ്ലൂയൻസിംഗ്” Bad Influence: The Dark Side of Kidfluencing. ഡോക്യുസിരീസ് എന്നാൽ ഒരു പ്രത്യേക വിഷയത്തെക്കുറിച്ചോ യഥാർത്ഥ സംഭവങ്ങളെക്കുറിച്ചോയുള്ള വസ്തുതാപരമായ വിവരങ്ങൾ സീരിയലൈസ് ചെയ്ത ഫോർമാറ്റിൽ അവതരിപ്പിക്കുന്ന പ്രോഗ്രാമാണ്.

ഇന്റർനെറ്റിലെ പ്രശസ്ത സെലിബ്രിറ്റിയായ പൈപ്പർ റോക്കെല്ലിനെയും അവളുടെ അമ്മയും മാനേജരുമായ ടിഫാനി സ്മിത്തിനെയും ചുറ്റിപ്പറ്റിയുള്ള  ആരോപണങ്ങളാണ് ബാഡ് ഇൻഫ്ലുവൻസിന്റെ പ്രമേയം. പൈപ്പർ റോക്കെൽ സ്മിത്ത്, യൂട്യൂബ്, ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഗണ്യമായ ജനപ്രീതിയുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റിയായ പെൺകുട്ടിയാണ്. “ദി സ്ക്വാഡ്" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ താരങ്ങൾക്കൊപ്പം അവൾ ചെയ്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അവളുടെ അമ്മ ടിഫാനി സ്മിത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ വൈകാരികവും, ശാരീരികവുമായ ചൂഷണങ്ങളെ കുറിച്ചും പൈപ്പറിന്റെ സഹതാരങ്ങളോടും ആരാധകരോടും ടിഫാനി നടത്തിയ ലൈംഗികമായ ഇടപെടലുകളെ കുറിച്ചും സ്‌ക്വാഡിലെ പൈപ്പറിന്റെ സഹതാരങ്ങൾ നടത്തിയ വെളിപ്പെടുത്തലുകൾ ഇപ്പോൾ പുറത്തു വരികയും പൈപ്പർ അതൊക്കെ ശരി വെയ്ക്കുകയും ചെയ്തു. ഈ ആരോപണ പ്രത്യാരോപണങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയിരിക്കുന്ന ഡോക്യുസിരീസ് താരതിളക്കത്തിന്റെയും ഗ്ലാമറിന്റെയും സോഷ്യൽ മീഡിയ പാളികൾക്കകത്ത് കുട്ടികൾ നേരിടുന്ന ചൂഷണത്തിന്റെ കഥകളാണ് നമ്മോട് പറയുന്നത്.


Related Articles