തമിഴ്നാട്ടിലെ വെല്ലൂർ സെൻട്രൽ ജയിലിൽ പേരറിവാളനെ കാണാൻ പോകുന്നതിന്റെ തലേന്ന് കൊച്ചിയിൽ ഒരു പകൽമുഴുവൻ അമ്മ അർപ്പുതമ്മാൾ എന്നോടൊപ്പമുണ്ടായിരുന്നു. ഇടയ്ക്കിടെ മഴ പെയ്തുകൊണ്ടിരുന്ന രണ്ടായിരത്തിപ്പതിമൂന്ന് ഡിസംബറിലെ അവസാന പകലുകളിലൊന്ന്. രാജീവ്ഗാന്ധി കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന പേരറിവാളന്റെ നിർബന്ധിത തടവ് അപ്പോഴേക്കും ഇരുപത്തിരണ്ട് വർഷം പൂർത്തിയായിരുന്നു. അതായത് ഏത് നിമിഷവും തന്നെ ഭരണകൂടം തൂക്കിലേറ്റും എന്ന തിരിച്ചറിവോടെ, ഭീതിയോടെ, നിവർന്നുകിടക്കാൻ ഇടമില്ലാത്തൊരു സെല്ലിൽ ഒരു മനുഷ്യനെ അടച്ചിട്ടിട്ട് ഇരുപത്തിരണ്ട് വർഷമായിരുന്നുവെന്ന് അർത്ഥം.
അതിനും ഒരു മാസം മുമ്പ്, എ.ജി. പേരറിവാളൻ എന്ന മനുഷ്യന്റെ ജീവനെയും ജീവിതത്തെയും എത്ര നിസ്സാരമായും കരുണാരഹിതമായുമാണ് ഭരണകൂടവും അന്വേഷണോദ്യോഗസ്ഥരും പത്തൊമ്പതാം വയസ്സുമുതൽ തൂക്കുകയറിൻ തുമ്പത്ത് രണ്ട് ദശാബ്ദത്തിലധികം തടവിലിട്ടിരിക്കുന്നത് എന്ന് തെളിയിച്ചുകൊണ്ട് മുൻ സിബിഐ എസ്.പി,വി. ത്യാഗരാജൻ ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. രാജീവ് ഗാന്ധി കൊല്ലപ്പെട്ട് കൃത്യം ഇരുപതു ദിവസം കഴിഞ്ഞപ്പോൾ പേരറിവാളനെ അറസ്റ്റ് ചെയ്ത് ടാഡ കോടതിയുടെ കസ്റ്റഡിയിൽ വച്ച് ഭീകരമായി മർദ്ദിച്ച സിബിഐ സംഘത്തിലെ അംഗമായിരുന്നു ത്യാഗരാജൻ.
എൽടിടിഇ പ്രവർത്തകനായ ശിവരശന് താൻ വാങ്ങി നൽകിയ രണ്ട് ബാറ്ററികൾ രാജീവ് ഗാന്ധിയെ കൊല്ലാൻ വേണ്ടിയായിരുന്നുവെന്നോ, ബെൽറ്റ് ബോംബ് പ്രവർത്തിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നോ ഒന്നും തനിക്കറിയില്ലായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിനിടെ പേരറിവാളൻ തന്നോട് പറഞ്ഞതെന്ന് ത്യാഗരാജൻ ഒരു മാധ്യമപ്രവർത്തകനോട് പശ്ചാത്താപത്തിന്റെ ഭാഷയിൽ വെളിപ്പെടുത്തിയിരുന്നു. പക്ഷേ പേരറിവാളന്റെ ആ മൊഴി രേഖപ്പെടുത്താതെ പകരം, ബാറ്ററി വാങ്ങിയത് ബോംബുണ്ടാക്കാനാണെന്ന് തനിക്കറിയാമായിരുന്നുവെന്ന് പേരറിവാളൻ പറഞ്ഞുവെന്ന രീതിയിലാണ് ത്യാഗരാജൻ എഴുതിച്ചേർത്തത്. കുറ്റസമ്മതമൊഴി ദുർബലമാകാതിരിക്കാനും കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടുവെന്ന് പൊതുസമൂഹത്തിന് മുന്നിൽ പ്രതീതിയുണ്ടാക്കാനും ഒരന്വേഷണ ഉദ്യോഗസ്ഥൻ നീചമായി നടത്തിയ തിരിമറി. ആ തിരിമറിക്ക് ജീവിച്ചിരിക്കുന്ന ഈ ഉദ്യോഗസ്ഥൻ ശിക്ഷയുടെ ഭാഗമാകേണ്ടതല്ലേ എന്ന ചോദ്യം ഇവിടെ നിന്ന് പൊരിയട്ടെ. നക്‌സൽ വർഗ്ഗീസിനെ വെടിവെച്ചുകൊന്ന കേസിൽ രാമചന്ദ്രൻ നായരുടെ പിൽക്കാലവെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുൻ പോലീസുദ്യോഗസ്ഥനായ ലക്ഷ്മണയ്ക്ക് ജയിലിൽ കിടക്കേണ്ടി വന്നതിന്റെ ഓർമ്മ പ്രചോദനമായി ഉള്ളതുകൊണ്ടാണ് ആ ചോദ്യം ഇവിടെ നിന്ന് പൊരിയട്ടെ എന്നെഴുതിയത്.
