കറുപ്പിനോടെന്തിനിത്ര വെറുപ്പ്?

Society

കറുപ്പിനോടെന്തിനിത്ര വെറുപ്പ്?


‘കറുപ്പനുഭവം’ ജീവിതത്തിൽ ഒരിക്കലെങ്കിലും അറിഞ്ഞിട്ടില്ലാത്തവർ ആരുമുണ്ടാവില്ല. കറുത്തവർ കറുത്തവരായതുകൊണ്ടും വെളുത്തവർ മാനവികതയുടെ ഔന്നത്യത്തിലേക്ക് കണ്ണ് തുറക്കു​മ്പോഴും അവരതറിയും! സ്വയം വെളുത്തവർ മാത്രമായി, ആ നിറത്തിന് അധിനിവേശം പകർന്നേകിയ പ്രതാപ​ത്തിൽ അഭിരമിച്ചുകൊണ്ട് കഴിഞ്ഞുകൂടിയാൽ, വെളു​ത്തവർക്ക് ശരിക്കുള്ള കറുപ്പിനെ കാണാൻ കഴിയില്ല. അവർ കാണുക കറുപ്പിനെക്കുറിച്ചുള്ള നാനാവിധ മുൻവിധികളായി​രിക്കും. അതോടെ ഒരു നിറം, നിറമെന്ന നിലവിട്ട്, ആധിപത്യ വിധേയത്വങ്ങൾ ഉത്പാദിപ്പിക്കുന്ന നിലപാടുകളുടെ ചുരുക്കെഴുത്തുകളാവും! കറുപ്പിനോട് ആഭിമുഖ്യം പുലർത്തുന്ന വെളു​ത്തവർപോലും ‘കറുപ്പിനഴകേഴി​നപ്പുറം’ കടക്കില്ല. ‘ഏഴക​ളുടെ’ പതിനാലഴകും പരമാവധി എവിടംവരെ പോവുമെന്ന് ‘സാമാന്യ​ബോധം’ മുമ്പേതന്നെ തിട്ടപ്പെടുത്തിയിട്ടുള്ള​തിനാൽ, ‘കറുപ്പിന് ഏഴഴകെന്ന്’ നീട്ടിപ്പാടാൻ ആർക്കും പ്രയാസ​മുണ്ടാവില്ല.

‘കറുത്തവനാണെങ്കിലും കള്ളനല്ല, നല്ല വൃത്തിയും വെടിപ്പു​മു​ള്ളവനാണ്’, എന്നൊക്കെയുള്ള പ്രശംസകൾപോലും, കറു​പ്പിൽ പ്രാഥമികമായി എന്തോ കുഴപ്പമുണ്ടെന്ന പ്രതീതിയിൽ​നിന്നും മുക്തമല്ല. ഇത് മനസ്സിലാക്കാൻ ‘വെളുത്തവനാണെങ്കിലും കള്ള​നല്ല, വെളുത്തവനാണെങ്കിലും നല്ല വൃത്തിയും വെടിപ്പുമുള്ളവനാണ്’ തുടങ്ങിയ ഭാഷാപ്രയോഗങ്ങളുടെ അഭാവം ശ്രദ്ധിച്ചാൽ മതി! കറുത്തവർക്കുമാത്രമായി നൽകുന്ന സ്‌പെഷ്യൽ പരിഗണന​യുടെ ‘ഗുട്ടൻസ്’ അതോടെ പുറത്തുചാടും. ആദ്യം കറുത്തവരിൽ ‘കള്ളനെ’ കാണുക, പിന്നീട് വലിയൊരു ഔദാര്യംപോലെ ആ ഇല്ലാത്ത കള്ളനെ തള്ളിക്കളയുക! നിറ​ത്തിന്റെ പേരിൽ ചുമ്മാ ഒരാളെ കുറ്റവാളിയാക്കുന്നത് ആര്? പിന്നെ അവരെ കുറ്റവിമുക്തമാക്കുന്നതും ആര്? ഇതു രണ്ടും ചെയ്യുന്നത് ഒരേ കൂട്ടർ! ഒരു കാര്യം വ്യക്തം. ഇതിൽ കറുത്തവർ​ക്കൊരു പങ്കുമില്ല! വെളുത്തവർക്കെന്നപോലെ കറുത്തവർക്കും കള്ളനാവുകയോ കള്ളനാവാതിരിക്കുകയോ ചെയ്യാം. അതിൽ നിറം വാദിയോ പ്രതിയോ അല്ല. ഓരോരുത്തരുടെയും സ്വഭാവവും നിലപാടും സമീപനവു​മാണ് പ്രശ്‌നം. എന്നാൽ വർത്തമാനകാല അവസ്ഥ അപഗ്രഥിച്ചാൽ, കറുത്തവരെ അപേ​ക്ഷിച്ച് വെളുത്തവർക്കാണ്, കള്ളത്തരവും കൊള്ളരുതായ്മയും കാട്ടാൻ കൂടുതൽ സൗകര്യം. വെളുത്തു കൊഴുത്ത് പാന്റ്‌സും കോട്ടും ഇട്ട് ടൈ കെട്ടി ചളപള ഇംഗ്ലിഷ് പറയുന്ന ഒരു ‘നാടൻ​കള്ളനെ’ ഉൾക്കൊ​ള്ളാൻമാത്രം നമ്മുടെ ‘ധാർമ്മിക​ബോധം’ ഇപ്പോഴും വളർന്നിട്ടില്ല. (ബോഡിഷെയിമിങ് ഉദ്ദേശിച്ചിട്ടില്ല!).

സർവ്വനിറങ്ങൾക്കും തുല്യനിലയിൽ നൃത്തമാടാൻ കഴിയും​വിധം നമ്മുടെ ജീവിതം വിസ്തൃതമാണെന്നിരിക്കെ, എങ്ങനെ​യാണ് (നമുക്കിടയിൽ) കറുപ്പിനോട് ഇത്രമാത്രം വെറുപ്പ് വളർന്നുവന്നത്? സൂക്ഷ്മമായി ചിന്തിച്ചാൽ, കറുപ്പിന്റെ വിപ​രീതം വെളുപ്പല്ല, രണ്ടിനും ഒരു വിപരീതമുണ്ടെങ്കിൽ, അത് ‘അധിനിവേശ​മാണ്’. എലിയെ പുലിയാക്കാനും പൂച്ചയെ നരി​യാക്കാനും പാവം പശുവിനെ ഭീകരജന്തുവാക്കാനും കഴിയുന്ന അധികാരംതന്നെ​യാണ്, കറുപ്പിനെ ഉള്ളതിനെക്കാൾ കുറവാക്കിയതും, വെളുപ്പിനെ ഉള്ളതിനെക്കാൾ കൂടുതലാക്കിയതും! വെളുപ്പിൽ പലപ്രകാരേണ അധിനിവേശം ഉണ്ടാക്കിത്തീർത്ത ‘കൂടുതലാണ്’, ‘കറുപ്പിൽ' കുറവായി മാറിയത്. എല്ലാ കൊള്ള​രുതായ്മകളും കറുപ്പിന്റെ ചുമലിലും കൊള്ളാവുന്നതെല്ലാം വെളുപ്പിന്റെ തലയിലും കയറ്റി​വെച്ചതിന്റെ പിറകിൽ, പത്തിവിടർത്തിയാടുന്നത് കീഴടക്കലിന്റെ പ്രത്യയശാസ്ത്രങ്ങളാണ്. പേരറിയുന്നവരും പേരറിയാത്തവരുമായ എത്രയെത്രയോ മനുഷ്യരുടെ കറുപ്പനുഭവത്തിന്റെ എരിച്ചിലും നീറ്റലും മനസ്സിലാക്കാൻ മുൻവിധികളെ മറിച്ചിടാനുള്ള ഒരല്പം കരുത്ത് മതി. വർണ്ണബോധത്തിൽ മാറ്റമുണ്ടാക്കാനാവാത്ത ഏതൊരവ​സ്ഥയും മാനവികതയ്ക്ക് മുറിവുണ്ടാക്കും. ആ മുറിവിന്റെ ആഴം എത്രയെന്ന് അവിശ്വസനീയമാംവിധം അനുഭവിപ്പിക്കുന്ന ഒരു പുസ്തകമാണ് ജോൺ ഹൊവാർഡ് ഗ്രിഫിന്റെ ‘എന്നെപ്പോലെ കറുത്ത’ (Black like me) എന്ന, കറുപ്പനുഭവത്തിന്റെ അഗ്നിയിൽ വെന്ത പൊള്ളിപ്പിടയുന്ന ആത്മാവിഷ്‌കാരം.


Related Articles