വിക്ടർ കഫേ

Short Story

വിക്ടർ കഫേ


ഒരു കാപ്പിക്കട തുടങ്ങുകയെന്നത് എന്റെ ഏറ്റവും വലിയ മോഹമായിരുന്നു. ഒരു സാധാരണ കാപ്പിക്കടയിൽ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. ലോകത്തിലെ പേരുകേട്ട കാപ്പിയൊക്കെയും എന്റെ കടയിൽ കിട്ടണമെന്നും തീർച്ചപ്പെടുത്തിയിരുന്നു. പുറംനാട്ടിൽ പണിയെടുത്തുണ്ടാക്കിയ പണംകൊണ്ട് രണ്ടും കല്പിച്ച് ഞാനൊരെണ്ണമങ്ങ് തുടങ്ങുകയും ചെയ്തു. നമ്മൾ ഏറ്റവുമധികം സ്‌നേഹിക്കുന്നത് നമ്മളെത്തന്നെയായതുകൊണ്ട് ഞാനതിന് സ്വന്തം പേരു തന്നെയാണ് ചാർത്തിയത്. വിക്ടർ കഫേ. പെണ്ണും പെടക്കോഴിയുമൊന്നും ഇല്ലാത്തതുകൊണ്ട് അതിലാർക്കും പരിഭവമില്ലായിരുന്നുതാനും. വിക്ടർ കഫേ അത്ര വിശാലമൊന്നുമായിരുന്നില്ല. കൊച്ചിപോലൊരു നഗരത്തിൽ അങ്ങനെയൊന്ന് തുടങ്ങാനുള്ള ആസ്തിയൊന്നും എനിക്കുണ്ടായിരുന്നില്ലെന്നും ഓർക്കണം.

ഇന്റീരിയർ ഡിസൈൻ ചെയ്തത് ഞാൻതന്നെയായിരുന്നു. പലപ്പോഴായി ശേഖരിച്ച മനോഹരമായ അഞ്ച് കളിമൺ ഭരണികൾ ചുവരുകളിൽ തുരന്നിറങ്ങിയ ചതുരങ്ങളിൽ പ്രതിഷ്ഠിച്ച് ചാഞ്ഞും ചരിഞ്ഞും നോക്കി ഞാൻ ആത്മാവിൽ നിറവുള്ളവനായി. കടയുടെ കട്ടിച്ചില്ലുവാതിൽ തുറന്ന് അകത്തേക്ക് കാലെടുത്തു വയ്ക്കുന്ന ആരേയും ഓർമ്മയിലേക്കോ മറവിയിലേക്കോ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലുള്ള ചായങ്ങളാണ് ഞാൻ ചുവരുകളിൽ പൂശിയത്. ഒരു ചുവരിന്റെ മുകളിൽനിന്ന് വളരെ പ്രസന്നമായ ഒരിളംനീലനിറം താഴേയ്ക്ക് പടർന്നിറങ്ങി ഗാഢമായിത്തീരുമ്പോഴേക്കും എന്തോ മറവിയിലാണ്ടുപോയ പലതും നിങ്ങൾ വീണ്ടെടുത്തു കഴിഞ്ഞിരിക്കും. മറ്റൊരു ചുവരിന്റെ താഴെനിന്ന് വിളറിയ ഒരു മഞ്ഞനിറം നിങ്ങൾക്ക് വേണ്ടാത്ത ഓർമ്മകൾ വാരിയെടുത്ത് മുകളിലേക്ക് പോകുന്തോറും ഇരുണ്ടുവരുന്ന മഞ്ഞയിൽ മറയും. കാഷ്‌കൗണ്ടറൊരുക്കുന്നതിലാണ് ഞാൻ പിശുക്കില്ലാതെ ഭാവന ചെലവാക്കിയത്. അവിടെ മറ്റൊരുമല്ലല്ലോ ഇരിക്കുന്നത്. എന്റെ പിന്നിലെ ചുവരിൽ കിട്ടാവുന്നതിൽ മികച്ച മഴച്ചിത്രങ്ങളാണ് നിന്നുപെയ്യുന്നത്. ഇടവപ്പാതിയിൽ മേഘങ്ങളുടെ തിരശ്ശീല വകഞ്ഞുമാറ്റി ഒരു മഴ തിമർത്ത് ഭൂമിയിലേക്ക് ഇറങ്ങിവരുമ്പോഴാണ് ഞാനും ഒപ്പംകൂടിയത്. മഴയുടെ വായ്ത്താരിയിൽ വിസ്മയിച്ച് നിശ്ശബ്ദനായിപ്പോയ എന്നെ തലകീഴായി തൂക്കിപ്പിടിച്ച് ചന്തിയിൽ ആഞ്ഞൊരടി തന്നാണ് ഡോക്ടർ കരയിച്ചത്. പിന്നെ ആകാശത്ത് മഴയൊരുക്കം തുടങ്ങുമ്പോഴേക്കും കണ്ണുംകാതും തുറന്ന് വയ്ക്കുന്നത് എന്റെ ശീലമായി.

മഴച്ചിത്രങ്ങൾ കാപ്പിക്കടയുടെ ചുവരുകളിൽ തൂക്കിയ അന്നുതന്നെ മഴക്കോട്ടും തൊപ്പിയുമണിഞ്ഞ് ഒരാൾ കയറിവന്നു. അയാളുടെ മഴക്കോട്ടിൽ നിന്നു വെള്ളം വാർന്നു വീഴുന്നതുകണ്ട് എനിക്ക് ഈറപിടിച്ചു. അയാളോട് 'പുറത്തു പോകൂ' എന്ന് കർക്കശനാവാൻ ഞാൻ തീവ്രമായി ആഗ്രഹിച്ചു. പക്ഷേ, അയാളുടെ കണ്ണുകൾ ആഹ്ലാദത്തിന്റെ രണ്ട് നക്ഷത്രങ്ങളാവുന്നത് കണ്ടപ്പോൾ വാക്കുകൾ എന്റെ തൊണ്ടയിൽ സ്തംഭിച്ചുനിന്നു. ചിത്രങ്ങൾ കണ്ടുകഴിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കിയ അയാൾ ഒരുനിമിഷം പകച്ചുനിന്ന് കുറ്റബോധത്തോടെ തലകുനിച്ചു. ഇതൊക്കെയും എന്റെ അവസാനകാല ചിത്രങ്ങളാണ് എന്ന് പിറുപിറുത്ത് പുറത്തേയ്ക്കിറങ്ങി. അയാൾ നിന്ന സ്ഥലത്ത് വെള്ളം ഒരു തുള്ളിയും വീണിട്ടില്ലെന്നുകണ്ട് എനിക്ക് ഭയം കൊണ്ട് കുളിർത്തുവന്നു.


Related Articles