ചെസ്സ് കളിയ്ക്കുള്ള കൂട്ടാളിയായിട്ടാണ് സെന്‍ എന്ന മുന്‍ പട്ടാളക്കാരന്‍ വൈഭവ് മിത്രനെ വാടകയ്‌ക്കെടുക്കുന്നത്. സ്വയം വാടകയ്ക്ക് കൊടുത്ത് വരുമാനമുണ്ടാക്കിയിരുന്ന ചെറുപ്പക്കാരനായ വൈഭവ് മിത്രന്റെ വാടകക്കരാറില്‍ ആദ്യവ്യവസ്ഥ താന്‍ പൂർണ്ണമായും നിഷ്‌ക്രിയനായിരിക്കും എന്നതായിരുന്നു. അതുകൊണ്ട് ബുദ്ധി ഉപയോഗിച്ചുള്ള ചെസ്സുകളിക്രിയ അയാളില്‍നിന്നും പ്രതീക്ഷിക്കേണ്ടതില്ലായിരുന്നു. എതിർപക്ഷത്ത് കേവലമായൊരു ഭൗതികസാന്നിദ്ധ്യം മാത്രമായിരുന്നു അയാൾ. കളിഭ്രമക്കാരനായ സെന്‍ തന്റെ വക്രബുദ്ധിയിലെ കരുനീക്കങ്ങൾ എതിരാളിക്കു വേണ്ടിക്കൂടി നടത്തി സ്വയം വിജയപ്രതീതി തീർത്ത് സന്തോഷിക്കുകയായിരുന്നു പതിവ്.
വൈഭവിനെ വാടകയ്‌ക്കെടുത്തിട്ടുള്ള പട്ടാളക്കാരന്‍ ഏതെങ്കിലുമൊരു നേരത്താവും ചെസ്സ് ബോർഡുമായി അയാൾക്കു മുന്നിലെത്തുക. പിന്നെ മതിയാകുംവരെ കളിയാണ്. രാത്രി ഭക്ഷണത്തിനു മുമ്പും പിമ്പുമായി പട്ടാളക്കാരന്‍ നന്നായി മദ്യം സേവിക്കുകയും അതിന്റെ അബോധത്തില്‍ ഉറങ്ങിപ്പോവുകയും ചെയ്യും. കാലം, അതിനുള്ളില്‍ നിറച്ച സുഖദുഃഖങ്ങളും സന്ദിഗ്ദ്ധതകളും വിഷമസന്ധികളുമായി തന്റെ ജീവിതത്തിന്റെ ഇരുവശങ്ങളിലൂടെ കടന്നുപോകുന്നത് പട്ടാളക്കാരന്‍ ഗൗനിച്ചതേയില്ല.
വാടകക്കാരനും ഉടല്‍ ഉടമയും തമ്മില്‍ വാടകക്കരാർ ഒപ്പിടുന്ന നേരത്തുപോലും പരസ്പരം അറിയാന്‍ ശ്രമിച്ചില്ല. ഒരേ ഒരു കാര്യമാണ് വാടകക്കാരന്‍ കുശലമായി ചോദിച്ചത്: “ഫാദർ എന്തു ചെയ്യുന്നു?”
