വരാൽ

''ഇങ്ങനെ ചെകിളചേർത്ത് അമർത്തി പിടിക്കണം കേട്ടോടാ മൈകുണാഞ്ചാ.'' തോട്ടിൽ പൊത്തിയ ഒറ്റാലിന്റെ വായിലൂടെ തപ്പിയെടുത്ത വരാലിനെ വലതുകയ്യിൽ ഉയർത്തിക്കാട്ടി കുഞ്ഞപ്പച്ചായൻ പറഞ്ഞു.

വരാൽ ഒന്നു പിടച്ചു. പിന്നെ അയാടെ കയ്യിലിരുന്നു വില്ലുമാതിരി വളഞ്ഞ് കണ്ണു തുറിച്ചു. അതിനു തൊട്ടു മുമ്പ് എന്റെ കയ്യീന്ന് ഒരു വരാൽ വഴുതി രക്ഷപ്പെട്ടിരുന്നു. ഒറ്റാലിൽനിന്ന് അയാൾ പൊക്കിയെടുത്തു തോട്ടുവക്കത്തേക്കിട്ട വരാലിനെ സഞ്ചിയിലേക്ക് എടുത്തിടുന്നേനെടേലാണ് ചാടിപ്പോയത്. അതോണ്ട് കുഞ്ഞപ്പച്ചായൻ വരാലിനെ പൊക്കുന്ന വിധമറിയാൻ ശ്രദ്ധിച്ചു. ഏതു മീനിനെ പിടിച്ചെടുക്കുമ്പോഴും തള്ളവെരലും ചൂണ്ടുവെരലും കൊണ്ട് തലയിലമർത്തണം. എന്നിട്ട് തള്ളവെരലുകൊണ്ട് ചെകിള ലേശമൊന്നു പൊന്തിക്കണം. തള്ളവെരലിലാണ് ഒടുക്കത്തെ സൂത്രം. ഞാൻ വലതുകയ്യിലെ തള്ളവെരൽ തിരിച്ചും മറിച്ചും നോക്കി.

എന്റെ തള്ളേടെ കൊണം കൊണ്ടാ അപ്പൻ തൂങ്ങിച്ചത്തേന്ന് നാട്ടുകാരു പറേന്നത് പെട്ടെന്നോർത്തു. കൈ ചന്തിപ്പുറകിലേക്കു വലിച്ച് തള്ളവെരലു മറച്ചു.


Related Articles