വാഷിങ്മെഷീന്റെ മിടിപ്പുനിന്ന ഹൃദയവാതിൽ തുറന്ന് കൂടിക്കുഴഞ്ഞ തുണികൾ ഓരോന്നായി ജിനു വിടർത്തിയെടുത്തു. പതിവുപോലെ ബീനയുടെ അടിപ്പാവാടയുടെ വള്ളികേറിക്കുരുങ്ങി വസ്ത്രങ്ങളെല്ലാം ബോളുപോലെയായിട്ടുണ്ട്. ഇത്തരം കുരുക്കുകളെപ്പോലെ ജിനു വെറുക്കുന്ന മറ്റൊന്നുമില്ല. പാഴ്സലൂണ് വാങ്ങുമ്പോൾ ഹോട്ടലുകാരിടുന്ന കെട്ട് ഒരിക്കലും അഴിച്ചെടുക്കാൻ കഴിയാതെ കത്തികൊണ്ടു മുറിക്കുകയാണ് പതിവ്. കല്ലൂപ്പാറയിലെ ഹോട്ടലുകാരും അങ്ങനെതന്നെയാണ് റബ്ബർബാന്റ് കെട്ടുന്നത്.
കുരുക്കുകൾപോലെയാണ് ജീവിതം ഒന്നഴിച്ചെടുക്കുമ്പോഴാകും മറ്റൊരു കുരുക്കിൽപെടുന്നത്. ദാമ്പത്യജീവിതമെന്നാൽ ഒരു കെട്ടാണെന്നും ആണിന്റെയും പെണ്ണിന്റെയും കഴുത്തിൽ അദൃശ്യമായ ഒരു കയറുണ്ടെന്നും ഇടവകവികാരി ഫാദർ തോമസ് കോഴിമല പറഞ്ഞത് ജിനുവിന് ഓർമ്മവന്നു. കുറ്റിയിൽ വട്ടം തിരിയുന്ന പശുവിനെപ്പോലെയാണ് വധുവും വരനും. ഒരുപടികൂടെ കടന്ന് പാലപ്പത്തിലേക്കു കോഴിക്കറി ഒഴിക്കുന്നതിനിടയിൽ അച്ചൻ വധൂവരന്മാരോടായി നർമ്മം കലർന്ന പല വളിപ്പുകഥകളും പറഞ്ഞു. അച്ചന്റെ സാരോപദേശങ്ങൾ ഇടവകജനങ്ങൾ ക്കിടയിൽ പലവിധത്തിലുള്ള പ്രതികരണങ്ങൾക്കും ഇടയാക്കാറുണ്ട്. ഈയിടെ അച്ചൻ നടത്തിയ ഒരു പ്രസംഗഭാഗം സോഷ്യൽ മീഡിയയിൽ ഒന്നു വൈറലാവുകയും ചെയ്തതോടെ ഫാദർ കോഴിമലയെ കഥാസന്ദർഭത്തിൽ ജിനു വീണ്ടുമോർത്തു.
മിന്നുകെട്ടുന്ന സമയത്ത് ബീന തലകുനിച്ചപ്പോഴും കോട്ടിട്ട് വിയർത്തു നിന്നപ്പോഴും കൈതച്ചക്കയുടെ രൂപമുള്ള കുപ്പിയിൽ നിന്നും സ്ട്രോയിട്ട് തലമുട്ടിച്ച് ജ്യൂസ് കുടിച്ചപ്പോഴും അങ്ങനെ തോന്നിയിരുന്നു.
