ഒരു ചെറിയ കാറ്റിൽ പോലും പറന്നു പോകുന്നു എന്നതായിരുന്നു ഉള്ളു പൊള്ളയായ മനുഷ്യന്റെ പ്രശ്‍നം. കാറ്റുകൾ തന്റെ ലക്ഷ്യം തെറ്റിക്കാൻ വരുന്ന മർദ്ദനോപകരണങ്ങളാണെന്ന് അയാൾ കരുതി. കാറ്റുകളെ ഭയന്ന് മുറിക്കുള്ളിൽ അടച്ചിരിക്കാൻ അയാൾ ഇഷ്ടപ്പെട്ടു. അഥവാ നിർബന്ധിതനായി. എന്നാൽ ഭാരമില്ലായ്മ ഒരവസ്ഥയായി അയാൾ അനുഭവിക്കുന്ന കാര്യം സദാസമയവും മുറിക്കുള്ളിൽ സ്വയം അടച്ചിട്ടിരിക്കുന്നതിനാൽ ആരും അറിഞ്ഞുമില്ല.
ഭാരമില്ലായ്മ അയാൾ ആദ്യമായി അനുഭവിച്ചത് ഒരു പൊതുതെരഞ്ഞെടുപ്പുകാലത്തായിരുന്നു. രാഷ്ട്രീയപാർട്ടികളുടെ പ്രചരണ വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്ന, പാർട്ടി സ്ഥാനാർത്ഥികൾ തങ്ങളുടെ വാഗ്ദാനങ്ങൾ നിർലോഭം വർഷിച്ചുകൊണ്ടിരുന്ന, വിവിധ വർണ്ണങ്ങളിൽ കൊടികൾ ചങ്ങാത്ത മുതലാളിത്തത്തിൽ ഉയരത്തിലുയരത്തിൽ ഉലഞ്ഞുപാറിക്കൊണ്ടിരുന്ന, ഒരു തെരഞ്ഞെടുപ്പ് കാലത്ത്. വോട്ടിംഗ് സ്റ്റേഷനിലേക്ക് പോകുമ്പോൾ തന്റെ ശരീരം ചെറുതായി വിറയ്ക്കുന്നത് വോട്ട് ചെയ്യാൻ പോകുന്നതിന്റെ പരിഭ്രമം കൊണ്ടായിരിക്കും എന്ന് അയാൾ കരുതി. അത് ഭാരം കുറയുന്നതിന്റെ തുടക്കമാണെന്ന് അയാൾക്ക് അറിയില്ലായിരുന്നു. വോട്ടിംഗ് മെഷീനിന്റെ അടുത്തു നിൽക്കുമ്പോൾ ഏതെങ്കിലും ഒരു സ്ഥാനാർത്ഥിയുടെ പേരിനു നേരെ ചൂണ്ടുവിരൽ അമർത്താൻ സാധിക്കാതെ അയാൾ വിറച്ചു. അന്നേരം റൂമിൽ ശക്തിയായ കാറ്റ് വീശുന്നുണ്ടായിരുന്നു. വിരൽ ഓരോ തവണയും യന്ത്രത്തിന് നേരെ നീട്ടുമ്പോഴേക്കും കാറ്റ് ഉള്ളു പൊള്ളയായ മനുഷ്യന്റെ ലക്ഷ്യങ്ങളെ ചിതറിച്ചു കൊണ്ടിരുന്നു. നിശ്ചിത സമയം കഴിഞ്ഞിട്ടും യന്ത്രത്തിൽ നിന്ന് വോട്ട് രേഖപ്പെടുത്തപ്പെട്ട ശബ്ദം കേൾക്കാതെ വന്നതോടെ പോളിംഗ് ഉദ്യോഗസ്ഥർ അക്ഷമരായി.
