തുടക്കം

Short Story

തുടക്കം


Painting is an illusion, A piece of magic. so what you see is not what you see

Philip Godson

മണിക്കൂറുകളോളമുള്ള ഒരേയിരിപ്പായിരുന്നു അത്, എങ്കിലും ഉന്‍മാദമുണ്ടാക്കുന്നത്. ഇടയ്ക്ക് അരീജ് നിറങ്ങളാല്‍ നിറഞ്ഞിരിക്കുന്ന തന്റെ മുറിയിലൂടെ പലതവണ അങ്ങോളമിങ്ങോളം നടക്കുക മാത്രം ചെയ്തു.

കാനനം. ഇരുട്ടിലൂടെ തണുപ്പ് ഊര്‍ന്നിറങ്ങുന്നു. ആണുങ്ങളും പെണ്ണുങ്ങളും കുഞ്ഞുങ്ങളും എല്ലാമുണ്ടതില്‍. മുപ്പതോളം പേര്‍, അതില്‍ത്തന്നെ യൗവനയുക്തരും ആരോഗ്യദൃഢഗാത്രരും ക്ഷീണിതരും. രണ്ട് സ്ത്രീകള്‍ അവരുടെ കൊച്ചുകുഞ്ഞുങ്ങളെയും കൊണ്ട് മുലപ്പാല്‍ കുടിക്കാനെന്നോണം മാറി കുനിഞ്ഞിരിക്കുന്നു. ആരണ്യകത്തിലെ നിഴല്‍ത്തണുപ്പില്‍ അവര്‍ വളരെ സ്‌നേഹത്തോടെ കൂട്ടംകൂടി നിന്നു. കറുത്തു തിളങ്ങുന്ന ദേഹങ്ങള്‍, ചുറ്റും കറുത്തിരുണ്ട രാത്രി. എല്ലാരുടെ മുഖങ്ങളിലും ചിരിയുടെ വെട്ടം തെളിഞ്ഞു കാണാം. അവര്‍, ആ മുപ്പതാളുകള്‍. ഒരനുഷ്ഠാനച്ചടങ്ങെന്ന പോലെ ബഹുവര്‍ണത്തിലുള്ള കാട്ടുവാസികളുടേതെന്ന് തോന്നുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. പത്തോളം തീക്കുന്തങ്ങള്‍ പലയിടങ്ങളിലായി കത്തിച്ചുവെച്ചിട്ടുണ്ട്. കടുംനിറത്തില്‍ ഇരുട്ട് പരന്നത് കൊണ്ടായിരിക്കാം തീയ്ക്കും ഒരു കടുംമഞ്ഞ നിറമുണ്ട്. ആ കൂട്ടത്തിന് നടുവിലായി കാട്ടിലെ നല്ല ഉശിരന്‍ വിറകുകള്‍ കത്തിയമരുന്നു. ആദ്യം വരച്ചത് മനുഷ്യരെത്തന്നെയാണ്. വ്യത്യസ്ത മുഖങ്ങളുടെ സ്‌കെച്ചുകള്‍. പിന്നീട് തീ. അത് മനുഷ്യരിലും താളലയഭാവങ്ങളിലുമെല്ലാമുണ്ട്. എല്ലാവരുടെയും മുഖത്ത് ആനന്ദത്തിന്റ അലകള്‍ മിന്നിത്തിളങ്ങുന്നു.


Related Articles