ഒരു തീവണ്ടി തടഞ്ഞു കൊള്ളയടിക്കാൻ രാജൻ അവസാനം തീരുമാനിച്ചു. യുവവിപ്ലവകാരികൾ തീവണ്ടി തടഞ്ഞു മുദ്രാവാക്യം വിളിക്കുന്ന ചിത്രം രാജൻ പത്രങ്ങളിൽ കണ്ടിരുന്നു. യാത്രാതടസ്സംവന്ന പ്രധാന വ്യക്തികൾ അക്ഷമരായി പാളത്തിലൂടെ നടന്നുപോകുന്നു. പ്രധാന വ്യക്തികളേ, രാജൻ പറഞ്ഞു, ഞാൻ തീവണ്ടി തടയുമ്പോൾ നിങ്ങളെന്നോടു ക്ഷമിക്കണമേ. നിങ്ങൾക്ക് ഒരു പഠനവസ്തുവായി മാത്രം എന്നെ കരുതണമേ. ഒരു ഗിനിപ്പന്നി എങ്ങനെയോ പാളത്തിൽ കയറിക്കൂടിയെന്നു മാത്രം കരുതണമേ. വിപ്ലവത്താലും ആസൂത്രണത്താലും ഒരുപോലെ മറക്കപ്പെട്ടവനാണു ഞാൻ. രണ്ടിൽനിന്നും മുതലെടുക്കാനുള്ള മിടുക്ക് എനിക്കില്ലായിരുന്നു. മുദ്രാവാക്യം വിളിച്ചു നിങ്ങളെ ഞാൻ മിനക്കെടുത്തുകയില്ല. എന്റെ കൊച്ചുകുട്ടിയായ മകന്റെയും അവന്റെ അമ്മയുടെയും എന്റെയും വിശപ്പടക്കാനുള്ള മൂലധനം സമ്പാദിക്കാനായി വേഗം നിങ്ങളെ കൊള്ളചെയ്യുക മാത്രം ചെയ്യും. ശല്യപ്പെടുത്തുന്നതിൽ നിങ്ങളെന്നോടു ക്ഷമിക്കണമേ. വിപ്ലവകാരികളേ, രാജൻ പറഞ്ഞു: മുദ്രാവാക്യം വിളിക്കാതെ ഞാൻ ഒറ്റയ്ക്ക് തീവണ്ടി തടയുന്നതും മൂലധനം സംഭരിക്കുന്നതും നിങ്ങൾ പൊറുക്കണമേ. മുദ്രാവാക്യങ്ങളുടെ അതിരില്ലാത്ത അർത്ഥവ്യാപ്തിക്കടുത്ത് എന്റെയും എന്റെ വിശക്കുന്ന കുടുംബത്തിന്റെയും ആശകൾ കടുകുമണികളെപ്പോലെ ചെറുതാണ്. ഞങ്ങളുടെ തളർന്ന ശബ്ദങ്ങൾക്ക് ഒരു നിലവിളിയുയർത്താൻപോലും കെല്പില്ല. കടുകുമണികളുടെ ഈ നിശ്ശബ്ദവിപ്ലവം നിങ്ങൾ പൊറുക്കണമേ. ഒരു വലിയ വിഷാദത്തിന്റെ പിടിയിലമർന്നുകൊണ്ട് രാജൻ പുരാതനമായൊരു ഇടിമുഴക്കത്തിന്റെ മാറ്റൊലിപോലെ പഴയ കവിതയുടെ വരികൾ തനിക്കുള്ളിലുയരുന്നതു കേട്ടു:പാവങ്ങൾ ചത്തിടുകിലെന്തു പിറക്കിലെന്തി
പ്പാഴ്വാക്കിതിന്നരുൾക മാപ്പ് മനീഷിമാരെ.
എന്റെ തീവണ്ടി, നിലവിളിക്കുന്ന ഇരുമ്പുപാളങ്ങളിൽ തീപ്പൊരികളുയർത്തിക്കൊണ്ട്, യാത്രക്കാരെ ഇരിപ്പിടങ്ങളിൽ കുലുക്കിക്കൊണ്ട്, അതിന്റെ നെഞ്ചിടിപ്പിന്റെ ഗംഭീരമായ അലയടികളിൽ എന്നെ കെട്ടിപ്പുണർന്നുകൊണ്ട്, എന്റെ ഉയർത്തിപ്പിടിച്ച കൈകളുടെ ഇംഗിതമറിഞ്ഞ്, ആമ്പൽപ്പാടങ്ങൾക്കു മേലെ വന്നു നിൽക്കും. അപ്പോൾ അപ്പു കൈയിലെ അപകടത്തിന്റെ പകിട്ട ണിഞ്ഞ കടലാസുപൊതി തലയ്ക്കു മീതെ ഉയർത്തിപ്പിടിച്ചു വിളിച്ചു പറയും: "ഇത് ബോംബാണ്.' തീവണ്ടിയുടെ അക്ഷമമായ ആരവത്തിനുമേലേ അവന്റെ തളർന്ന, വിശന്ന, കൊച്ചുശബ്ദം ഉയരുമോ? താൻ ഡ്രൈവറോടു പറയും: "ബോംബെറിയാൻ ഞങ്ങൾക്ക് ഇഷ്ടമില്ല. പക്ഷേ, വണ്ടിയനക്കിയാൽ ഈ കുഞ്ഞ് ബോംബെറിയും. അവൻ പാവമാണ്. പക്ഷേ, അവനു വിശക്കുന്നു. നിങ്ങൾ ക്ഷമിക്കണമേ.' എന്നിട്ട്, പാടത്തെ കാറ്റിന്റെയും വെയിലിന്റെയും നടുവിൽനിന്ന്, ആകാശത്തിലെ പറക്കുന്ന മേഘങ്ങളുടെ കീഴിൽ ആമ്പൽപ്പൂക്കൾ താഴെയെല്ലാം ഓളമടിക്കുകയും ചിരിക്കുകയുംചെയ്യവേ, താൻ തീവണ്ടിക്കുള്ളിലേക്ക് ഒരു പ്രാണിയെപ്പോലെ പിടിച്ചുകയറും. അതിന്റെ നീണ്ട നടപ്പാതയിലൂടെ ഒരു കൊള്ളക്കാരനായി യാത്ര ആരംഭിക്കും. തന്റെ കൈയിലെ നീട്ടിപ്പിടിച്ച തുരുമ്പിച്ച പിശ്ശാങ്കത്തി വണ്ടിക്കുള്ളിലെ പേടിയാർന്ന നോട്ടങ്ങൾക്കും പിശുപിശുക്കലുകൾക്കും ഇടയിലൂടെ ഒരു ഭീകരനായ അപരിചിതനെപ്പോലെ വഴിതെളിച്ചു പോകും. പക്ഷേ, എന്റെ കൂട്ടുകാരേ, നല്ല മനുഷ്യരേ, ഇതു ഞാൻ മാത്രമാണ്; നിങ്ങളുടെ രാജൻ. ഈ തുരുമ്പിച്ച പിശ്ശാങ്കത്തി എന്റെ വിശപ്പിന്റെ മുനയാണ്. നിങ്ങൾ ഭയപ്പെടല്ലേ! ഈ കുഞ്ഞോ, ഞാനോ യഥാർത്ഥത്തിൽ നിങ്ങളെ ഉപദ്രവിക്കില്ല.
