എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നത്തിന് ഒരു പരിഹാര മുണ്ടായി. ഒരു സായാഹ്നത്തിൽ ഞാൻ തുണികൾ ഇസ്തിരിയിടുമ്പോഴായിരുന്നു അത്. വളരെ ലളിതവും ധീരവും ആയിട്ടാണ് ഞാൻ അതിനെ കണ്ടത്. ഞാൻ നേരേ സന്ദർശനമുറിയിലെത്തി, ടെലിവിഷൻ കണ്ടുകൊണ്ടിരിക്കുന്ന ഭർത്താവിനോടു പറഞ്ഞു: "എനിക്കു സ്വന്തമായി ഒരു ഓഫീസ് വേണമെന്നു തോന്നുന്നു.''
അതു ഗംഭീരമായ ഒരു ആശയമായിട്ടാണ് എനിക്കു തോന്നിയത്. എന്തിനാണ് എനിക്ക് ഒരു ഓഫീസ്? എനിക്കു നല്ലൊരു വീടുണ്ട്. അത് എല്ലാ സുഖസൗകര്യങ്ങളുള്ളതും ധാരാളം സ്ഥലമുള്ളതും ആണ്. അതിനു മനോഹരമായ ഒരു കടൽദൃശ്യമുണ്ട്. ഭക്ഷണം കഴിക്കാനും ഉറങ്ങാനും കളിക്കാനും സുഹൃത്തുക്കളോടു സംസാരിക്കാനും അതിൽ സൗകര്യമുണ്ട്. എനിക്ക് ഒരു പൂന്തോട്ടവുമുണ്ട്. ഒന്നിനും കുറവില്ല.
