പ്രബിത
പമ്പയാറ്റിൽ കോതറജെട്ടിയിൽ നിന്ന് ആയിരത്തൊമ്പതാം പാടത്തേക്ക് പോകുന്ന വഴിയിലാണ് പ്രബിത കുളിക്കുന്ന കുളിപ്പുര. പത്ത് നൂറ് വർഷം മുമ്പേയുള്ള കുട്ടനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കുളിപ്പുരകളിലൊന്നാണത്. ആറ്റിലേക്ക് ഇറക്കിക്കെട്ടിയിരിക്കുന്ന ആ കുളിപ്പുരയ്ക്ക് പത്തിരുപത് കൽപ്പടിയുണ്ടായിരുന്നുവെന്ന് പ്രായമായവർ പറയാറുണ്ട്. ഏതായാലും ഇപ്പോൾ ഏഴ് പടിയേ കാണാൻ കഴിയൂ. കുളിപ്പുരയുടെ നാലാം പടിയിൽ തന്നെ ജലം കേറിക്കിടക്കുന്നു. അടുത്ത പടിയിൽ ഇറങ്ങിയാൽ അരയറ്റമാകും വെള്ളം. ഏഴാം പടിയിൽ കഴുത്തറ്റം. എത്രയോ തലമുറകളിലെ പെണ്ണുങ്ങൾ കുളിച്ച്കുളിച്ച് ആ പടികൾക്കൊക്കെ പെൺശരീരങ്ങളുടെ ഉയർച്ചതാഴ്ചകളായി. ഒരു ചെറിയ മറവ് നൽകി പെണ്ണുങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ ആറ്റിൽ താഴേക്ക് ചെരിച്ചാണ് കുളിപ്പുരയുടെ ഓടിട്ട മേൽക്കൂര.
അതൊക്കെ നിൽക്കട്ടെ പ്രബിതയിലേക്ക് വരാം. പ്രബിതയുടെ കുളിസീൻ കാണാൻ നേരെ എതിർവശത്തുള്ള ആറ്റിലേക്ക് വളർന്ന് പന്തലിച്ച് കിടക്കുന്ന കൈതക്കാടിനകത്ത് കൊച്ചുവള്ളത്തിൽ ഷൈജു കേറിക്കിടക്കാറുണ്ട്. ഷൈജു അതിനെപ്പറ്റി എന്നോട് പറഞ്ഞത് ഇപ്രകാരമാണ്. നട്ടുച്ചയ്ക്ക് പ്രബിത കുളിക്കാൻ വരുമ്പോൾ പമ്പയാറ് അനക്കമില്ലാതെയാണ് കിടക്കുക. മീൻപിടുത്തക്കാരും കക്കാവാരുകാരും കട്ടകുത്തുകാരും വെയിലിൽ പൊള്ളാതിരിക്കാനും ഭക്ഷണം കഴിക്കാനും കരയ്ക്ക് കേറി കിടക്കുന്ന സമയമാണത്. മത്സ്യങ്ങളും ആമയും പുളകനടക്കമുള്ള ഉരഗജീവികളും പോളകളും ജലസസ്യങ്ങളും കൊടുംവെയിലിന്റെ ആലസ്യത്തിൽ ജലത്തിനടിയിലും പ്രതലത്തിലും ഉറക്കം പിടിക്കും. അപ്പോളാണ് പ്രബിത കുളിക്കാൻ വരുന്നത്. ശ്വാസം പിടിച്ച് നിൽക്കുമ്പോൾ നഗ്‌നത ആറ്റുവാളയായി പകുതി ജലത്തിൽ മുങ്ങി പടിയിൽ നീണ്ട് നിവർന്ന് കിടക്കും. ആറും തീരവും പ്രപഞ്ചം മുഴുവനും നിശ്ചലതടാകം പോലെ കിടക്കുന്ന ആ നേരത്ത് പ്രബിതയിലേക്ക് നോക്കി അനക്കമില്ലാതെ കൊച്ചുവള്ളത്തിൽ ഷൈജു അത്യധികമായ ലഹരി അനുഭവിക്കും. ഒരോളം പോലുമില്ലാതെ നദിയും മനസ്സും നിശ്ശബ്ദമാകും. ധ്യാനം പോലെ മത്ത് പിടിക്കുന്ന സമയം തന്നെയത്.
