അവൾക്കു പിന്നിൽ കൂട്ടനിലവിളിയുയർന്നു എന്നൊക്കെ എഴുതിയാൽ കഥയാണെങ്കിൽപോലും അത് അതിശയോക്തി കലർന്ന പ്രസ്താവമാണ്. നിലവിളിയോളമെത്തുന്ന ഒരു കൂട്ടക്കരച്ചിലുണ്ടായി എന്നത് സത്യം. ഉദ്യോഗം എന്ന നല്ല കാര്യത്തിനു വേണ്ടിയാണെങ്കിൽ പോലും കുടുംബത്തിൽ ഇതാദ്യമായി ഒരു ഇളവരശി വീടുവിട്ടു പോവുകയാണ്, മുക്കും മൂലയുമറിയാത്ത ചെന്നൈ പോലൊരു മഹാനഗരത്തിലേക്ക്. എങ്ങനെ കരയാതിരിക്കും? അമ്മ തുടങ്ങിവെച്ചത് അനിയത്തിമാരും യഥാക്രമം ജ്യേഷ്ഠനും അച്ഛനും ഏറ്റെടുത്തു. അങ്ങനെ അഞ്ചുപേരുടെ ശബ്ദം ഒന്നിനൊന്ന് ഉച്ചത്തിലുയർന്നപ്പോൾ അതൊരു കൂട്ടകരച്ചിലിന്റെ പ്രതീതിയുളവാക്കി.
ഹേമ ഒരിറ്റു കണ്ണീർ വാർത്തില്ല. അവൾ ആശിച്ചു കിട്ടിയതായിരുന്നു ആ ജോലി. പ്രായത്തിന്റെ അർഹത നേടിയ അന്നു തൊട്ട് ബാങ്ക്, ഇൻഷൂറൻസ്, റെയിൽവെ പരീക്ഷകൾ ഒന്നു വിടാതെ എഴുതിയത് കുട്ടിക്കാലം തൊട്ടേ ഉദ്യോഗസ്ഥയാവണം എന്ന ലക്ഷ്യം മുന്നിൽനിന്ന് നയിച്ചതുകൊണ്ട്. ഒന്നിലും നെല്ലിപ്പടി കാണാതെ നിരാശയായപ്പോൾ അച്ഛൻ ബുദ്ധി പറഞ്ഞു.
''ടി.ടി.സി മുടിച്ച് ടീച്ചർ വേലക്ക് ട്രൈ പണ്ണേൻ...''
