2022 ജനുവരിയ്ക്കും ഏപ്രിലിനുമിടയിൽ രണ്ടു കവികൾക്ക് അവരുടെ കവിതകളുടെ ആസ്വാദനം ഞാൻ എഴുതിക്കൊടുത്തിരുന്നു. അതിൽ ആദ്യത്തെയാളുടെ കവിതകളുടെ സമാഹാരത്തിൽ ആസ്വാദനം അച്ചടിച്ചു വന്നു. പുസ്തകം പുറത്തുവന്ന് നാലു മാസം കഴിഞ്ഞപ്പോൾ ആ കവി ഹൃദയാഘാതം വന്നു മരിച്ചു പോയി.
രണ്ടാമത്തെയാളുടെ കവിതകളുടെ സമാഹാരം അച്ചടികാത്ത് പുസ്തകശാലയുടെ ഡസ്‌കിൽ കുറേക്കാലമായി ഇരിക്കുന്നുണ്ടായിരുന്നു. അയാൾക്കായി എഴുതിക്കൊടുത്ത കുറിപ്പും പുസ്തകത്തിനകത്ത് ഉപയോഗിക്കും എന്ന് പുസ്തകശാലക്കാർ എന്നെ അറിയിച്ചിരുന്നു. പക്ഷെ പുസ്തകം ഇറങ്ങുന്നതിന് മുന്നേ അയാൾ ശ്വാസകോശ സംബന്ധമായ അസുഖം രൂക്ഷമായി മരിച്ചു പോയി.
കവിതകൾ സമാഹരിച്ചു പുസ്തകമാക്കുമ്പോൾ അതിൽ ചേർക്കാനായി ആസ്വാദനക്കുറിപ്പ് വേണം എന്നു പറഞ്ഞ് എന്നെ തേടിവന്ന മൂന്നാമത്തെ കവി ബൈജു മാധവനായിരുന്നു. ഒരു തിങ്കളാഴ്ച വൈകുന്നേരം ഓഫീസിൽ നിന്നും വരുന്ന നേരത്ത് എന്നെയും കാത്ത് ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു ബൈജു. കൈയിൽ ഒരു പ്ലാസ്റ്റിക്ക് കവറിൽ ഡി റ്റി പ്പി ചെയ്‌തെടുത്ത തന്റെ കവിതകളുടെ ഒരു വലിയ കെട്ടും ഉണ്ടായിരുന്നു.
