ഒന്ന്
സായാഹ്നങ്ങളിൽ സമീപത്തുള്ള ജലാശയത്തിൽ നിന്നും പുറപ്പെടുന്ന നിർമ്മലമായൊരു കാറ്റ് ഒടുവിൽ വന്നെത്തുന്നത് ഞങ്ങളുടെ ഫ്ലാറ്റിലെ ബാൽക്കണിയിലാണ്. സദാസമയവും ഈർപ്പം അനുഭവപ്പെടുന്ന അവിടെ നിൽക്കുമ്പോൾ നഗരത്തിന്റെ ഒത്ത നടുക്ക് തുനുതുനെ ഇലകളുള്ള ഒരു വലിയ ആൽമരം കാണാമായിരുന്നു. ഒരു കാലഘട്ടത്തിൽ ഞാനതിന് തുടർച്ചയായി വെള്ളം നൽകിയതായി തോന്നി. പൊടുന്നനെ, അങ്ങനെയല്ലെന്ന് ഓർമ്മപ്പെടുത്താനെന്നവണ്ണം ജോലി ചെയ്യുന്ന ഓഫീസിൽ നിന്ന് മരുമകളുടെ ഫോൺകോൾ വന്നു. "പപ്പാ മെഡിസിൻ മറക്കരുത്."
കിടപ്പുമുറിയിൽ ഒരരികിലായി ഭിത്തിയോടുറപ്പിച്ച ഷെൽഫ് അപ്പോൾ ഞാനോർത്തു. അതിൽ കൃത്യം സെക്കന്റ് ഡ്രോയിൽ മരുന്നുണ്ട്. ബോംബെയിൽ നിന്ന് റിട്ടയറായി പൂനെയിൽ വരുന്നതിനു മുൻപേ മധുരം ഒഴിവാക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. ഇപ്പോൾ തീരെയില്ലെന്നു തന്നെ പറയാം. മരുന്നു കഴിക്കാനുള്ള ഒരുക്കത്തിൽ ഷെൽഫിന് ഇടതുഭാഗത്തായി ഹാങ്ങ് ചെയ്തിരിക്കുന്ന ഫോട്ടോയിലേക്ക് ആ നിമിഷം ആരായിരുന്നാലും നോക്കിപ്പോകും. കാരണം ആ വിധമാണ് അതിന്റെ തൂക്കം. ബോംബെയിലെ ഫ്ലാറ്റിൽ നിന്ന് കാഴ്ചയെത്തുന്ന നഗരത്തിൽ, ശല്യമില്ലാതെ ഒഴുകുന്നൊരു നദിയുടെ സമീപം നിന്നിരുന്ന ആൽമരത്തിന് ചുവട്ടിലായി ഞാൻ ബ്ലാക്ക് സ്യൂട്ട് ധരിച്ച് നിൽക്കുന്നൊരു കളർ ഫോട്ടോയായിരുന്നു അത്. അപ്പോൾ, ആൽമരം യഥാർത്ഥത്തിൽ ബോംബെയിലായിരുന്നെന്ന് എനിക്ക് ഓർമ്മവന്നു. ഞാനതിനെ ഇവിടെ സങ്കൽപ്പിക്കുകയാണ് ചെയ്തത്. അങ്ങനെയെങ്കിൽ ജലാശയമോ! അതും ആ വിധം തന്നെ.
