രണ്ടായിരത്തിപ്പതിനെട്ടിലെ വെള്ളപ്പൊക്കത്തിന് കുട്ടനാട്ടിലെ മുഴുവൻ മനുഷ്യരെയും കുഞ്ഞുകുട്ടിപരാധീനങ്ങളെയും സർവ്വജീവിവർഗങ്ങളെയും ആലപ്പുഴയിലേക്കും ചങ്ങനാശ്ശേരിയിലേക്കും കുടിയൊഴിപ്പിച്ച ദിവസം രാത്രി നാട്ടിൽ അവശേഷിച്ച ഒരേയൊരു മനുഷ്യൻ, യമഹാവള്ളം ഓടിക്കുന്ന ജീസ്‌മോൻ, പമ്പയാറിന് നടുവിലൂടെ പത്തായത്തിന്റെ വലിപ്പമുള്ള ഒരു പിയാനോ ഒഴുകിവരുന്നതു കണ്ടു.
"ശരിക്കും ഒരു പിയാനോ തന്നെ!''
ഒരാഴ്ചയായി നിന്നുപെയ്ത മഴ അരമണിക്കൂർ തോർന്ന സമയമായിരുന്നു. ആ സമയം മുതലാക്കി ആകാശത്ത് പ്രത്യക്ഷനായ ചന്ദ്രൻ ആറ്റിലേക്ക് വെട്ടം കോരിയൊഴിച്ചതിനാൽ കണ്ടത് കൃത്യമാണെന്ന കാര്യത്തിൽ ജീസ്‌മോന് ഉറപ്പുണ്ട്.
വെള്ളം തെങ്ങിനും മേലെയും ഉയർന്ന് പൊങ്ങിയ ആ പാതിരാത്രിയിൽ, താഴെ മുക്കം റൈസ് മില്ലിനു മുകളിലെന്ന് കരുതാവുന്നിടത്ത് തുഴച്ചിലിനിടയിൽ കിട്ടിയ ഒരു പട്ടിയോടൊപ്പം യമഹാവള്ളത്തിൽ ആകാശത്തേക്ക് നോക്കി കിടക്കുകയായിരുന്നു ജീസ്‌മോൻ. ജലപ്പരപ്പിനു മേലെ ഒന്നുമില്ലാത്തവിധം, ചക്രവാളം വരെ പരന്നു കിടക്കുന്ന പമ്പ. അറ്റമില്ലാത്ത ജലം സൃഷ്ടിച്ച ആ മഹാവൃത്തത്തിന്റെ എല്ലാ അതിരിലും സ്പർശിച്ചു കിടക്കുന്ന ആകാശം. ആകാശമേതാ നദിയേതാ എന്ന് തിരിച്ചറിയാത്തവിധം രണ്ടും കൂടിക്കലർന്ന് കിടന്നു.
