പാമ്പ്‌

Short Story

പാമ്പ്‌


''ന്താന്നറീല… ഒര് പൊറുതി കിട്ടണില്ല. വല്ലിച്ച ഏനക്കേടെന്തോ മുമ്പില് വന്ന് പാത്തുനിക്കണ തോന്നല്.. മല കറ്ത്ത് പൊകഞ്ഞ് നിക്കണ കണ്ടില്ലേ യ്യ്? കടന്നലുംകൂട് എളക്യേ ചേല്ക്ക് ഒര് മൂളല് കേക്കണ് ണ്ടാ..?''

തിമിരപ്പാട വീണ കണ്ണുകൾ പുറത്തേക്കു തള്ളി വെച്ച്, ആകാശത്തൂന്നോ ഭൂമീന്നോ പൊട്ടിയിറങ്ങി വരാൻ പോണ എന്തിനെയോ കാതോർത്തിരുന്ന് പിറുപിറുക്കാൻ തുടങ്ങിയിട്ട് നാലു നാള് തികഞ്ഞതേയുള്ളൂ. ചാമിയുടെ തിണ്ണയിലിരിപ്പും പിറുപിറുക്കലും ഒരു നിത്യപ്പതിവാണെന്നേ എല്ലാവരും കരുതിയുള്ളൂ. പക്ഷേ, രാത്രി മൂത്തനേരത്ത് പടിഞ്ഞാറെ തൊടിയിലെ മധുരപ്പുളിമരം പെരയുടെ മോളിൽക്കൂടി ചെരിഞ്ഞ് തെക്കുകിഴക്കേ മൂലയിലെ വളയൻ തെങ്ങിനെ കെട്ടിപ്പിടിച്ചു നിന്നു. നിന്ന നിൽപ്പിൽ ബോറടിച്ച് കാലൊന്നു മാറ്റി വെച്ചതുപോലെയായിരുന്നു അത്. ചെറിയോരനക്കം പോലും ആരും കേട്ടില്ല.

കണ്ണുകാണാ വെളുപ്പിനാണ് കാർത്തുവിന്റെ മുറ്റമടിക്കല്. മുണ്ടൊന്ന് മുറുക്കിക്കുത്തി ഒരു വെറ്റിലക്കീറും അടയ്ക്കപ്പൊട്ടും ചതച്ചു വായിലിട്ടാണ് ചൂലെടുക്കല്. മുറ്റം വട്ടമെത്തിയിട്ടും കാർത്തുവിന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. കാരണം, അധികമായി ഒരു പുളിയില പോലും ആ മുറ്റത്തു വീണിരുന്നില്ല. ചൂല് തെങ്ങിൻ മൂട്ടില് കുത്തിച്ചാരിവെച്ച് നേരെ പോയി അടുക്കളച്ചായ്പ്പിന്റെ തിണ്ണയിലിരുന്നു. ചാക്കിൽ കെട്ടിവെച്ച പൂളക്കിഴങ്ങിലേക്കും കോഴിക്കൂട്ടിലേക്കും നോക്കി എന്തൊക്കെയോ വിചാരപ്പെട്ട് ഒരേ ഇരിപ്പായിരുന്നു. ഇത്തരം സംഭവങ്ങളോട് കലപിലാ പ്രതികരിച്ച് ബഹളം വെക്കാറുള്ള കോഴികളും അന്ന് മൗനം പൂണ്ടു. ചാമിമൂപ്പരെ പോലെ അവരും തങ്ങൾ കാത്തിരുന്ന എന്തോ ഒന്നിന്റെ വരവായി അതിനെ കരുതി.


Related Articles