പാതിയോളം നരച്ച മീശയും താടിയുംകൊണ്ട് മുഖത്തിന്റെ മുക്കാൽ ഭാഗത്തോളം മറച്ചുനടന്ന ആ എഴുത്താശാനെ നാട്ടിലെ ഇടവഴികളിൽ കണ്ടുതുടങ്ങിയത് പത്ത് നാല്പത് കൊല്ലങ്ങൾക്കു മുൻപായിരുന്നു. പല്ല് തേയ്ക്കാൻ മാവില ഉപയോഗിച്ചിരുന്നതൊക്കെ ആളുകൾ മറന്നുതുടങ്ങിയിരുന്ന അക്കാലത്ത് അയാൾ വഴിയരികുകളിലേക്ക് ചാഞ്ഞുവീണുകിടന്ന മാങ്കൊമ്പുകളിൽനിന്ന് കൈ എത്തിച്ച് ഇല പറിക്കുന്നതും അതു കൊണ്ട് പല്ലും തേച്ച് പായൽ മൂടി ജീർണ്ണാവസ്ഥയിൽക്കിടന്ന അമ്പലക്കുളത്തിൽ കുളിക്കാനിറങ്ങുന്നതുമൊക്കെക്കണ്ട് കൗതുകം തോന്നി ഇതാരപ്പാ? എന്നൊരു സംശയത്തോടെ നാട്ടുകാർ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴേക്കുതന്നെ നാലഞ്ച് വീടുകളിൽ പോയി കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിച്ചുതുടങ്ങിക്കൊണ്ട് കക്ഷി എഴുത്താശാൻ എന്ന മേൽവിലാസം സമ്പാദിച്ചുകഴിഞ്ഞിരുന്നു. പ്രേതബാധയുണ്ടെന്ന പേരുദോഷത്താൽ ഏറെക്കാലം ആളൊഴിഞ്ഞു കിടന്നിരുന്ന പാടത്തിറമ്പത്തെ ഒറ്റമുറിവീട്ടിൽ വാടകക്കാരനായി പാർപ്പുമുറപ്പിച്ചിരുന്നു. പ്രായത്തെവെന്ന ദേഹപുഷ്ടി ഉടുപ്പൊന്നുമിടാതെ അതേപടി പ്രദർശിപ്പിച്ചു നടന്നിരുന്ന അയാൾ അക്ഷരമാലയിലെ അക്ഷരങ്ങൾ ഓരോന്നും ഉരുവിട്ടിരുന്നത് കാലികൾ മുക്രയിടുംപോലെയുള്ള ഒരൊച്ചയിലായിരുന്നു. അതിനാൽ അങ്ങേരുടെ അക്ഷരജ്ഞാനം ആ നാലഞ്ച് വീടുകളിലൊതുങ്ങാതെ ഏതാണ്ട് നാടാകെത്തന്നെ മുഴങ്ങിക്കേൾക്കുകയും ചെയ്തിരുന്നു. അതാണ് അറിവിന്റെ പരമകാഷ്ഠയെന്ന് തോന്നിപ്പോകുന്നവിധത്തിലാണ് ഔ, അം, അ എന്നിങ്ങനെ അകാരാദിയിലെ അന്ത്യാക്ഷരങ്ങൾ അയാൾ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തിരുന്നത്. കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്ക് കക്ഷി കുഞ്ഞുങ്ങളെ മാത്രമല്ല അക്ഷരജ്ഞാനികളല്ലാത്ത പ്രായംചെന്നവരെയും താഴ്ന്ന സ്ഥായിയിലുള്ള മറ്റൊരൊച്ചയിൽ അക്ഷരങ്ങൾ പഠിപ്പിച്ചിരുന്നതായി കേൾക്കാനായി. അങ്ങനെ പോകെപ്പോകെ മുതിർന്ന കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ മാത്രം ഹിന്ദി പരിജ്ഞാനവും അയാൾക്കുണ്ടെന്നറിഞ്ഞു. നാട് സമ്പൂർണ്ണസാക്ഷരതയിലേക്ക് കുതിച്ചുകൊണ്ടിരുന്ന കാലമായിരുന്നതുകൊണ്ട് അതെല്ലാം ഉടനുടൻ പരക്കെ പറയപ്പെട്ട് ആശാനെ സകലരും അറിയുമെന്നുമായി.
മാവിലകൊണ്ടുള്ള പല്ലുതേയ്പ്പിനു പുറമേ പ്രാചീനം എന്നുപോലും പറയാവുന്ന വേറോരോ പ്രകൃതങ്ങളും ആശാൻ പ്രദർശിപ്പിച്ചിരുന്നു. കാതിൽ കടുക്കനിട്ട്, കമണ്ഡലു പോലൊരു പാത്രം കൈയിൽ തൂക്കിപ്പിടിച്ച്, കട്ടിക്കവറിട്ട പുരാണപുസ്തകങ്ങൾ കക്ഷത്തിൽ ഇടുക്കിപ്പിടിച്ച് നടന്ന്... അങ്ങനെ ചില സാത്വിക വേഷംകെട്ടലുകളും... അതിനും പുറമേ കുളിക്കാനിറങ്ങിയാൽ തല മാത്രം പുറത്തുകാട്ടി കണ്ണടച്ച് ധ്യാനനിമഗ്‌നനായെന്നപോലെയൊരു മുങ്ങിക്കിടപ്പും കുളിച്ചു കയറിയിട്ട് കുളത്തിലേക്കിറങ്ങുന്ന പടവുകളിലിരുന്നുള്ള സൂര്യനമസ്‌കാരവും വീട്ടുമുറ്റത്തിറങ്ങിനിന്ന് യോഗാഭ്യാസവുമൊക്കെ... നാട്ടുകാരുടെ ലോഹ്യംചോദ്യങ്ങളോ ചോദ്യം ചെയ്യലോ നിരുത്സാഹപ്പെടുത്താനുള്ള അടവായിരുന്നിരിക്കാം വഴിയിലൂടെ നടക്കുമ്പോൾ വായ നിറയെ മുറുക്കാൻ നിറച്ച് കവിളല്പം വീർപ്പിച്ചായിരുന്നു മിക്കവാറും അങ്ങേരുടെ നടപ്പ്. താമസസ്ഥലത്താകട്ടെ അപരിചിതർ ആരെക്കണ്ടാലും കുത്താനിട്ടോടിക്കുന്ന ഒരു പശുക്കിടാവിനെയും വളർത്തിയിരുന്നു. അതും അത്തരം അന്വേഷണക്കാരെ അകറ്റിനിർത്താൻതന്നെ ആയിരുന്നിരിക്കണം.
