അരുണ എന്ന് പേരുള്ള ഒരു പെണ്‍കുട്ടി ഒരു ദിവസം അവളുടെ ഗ്രാമത്തിലെ വായനശാലയില്‍നിന്ന് ഒരു പുസ്തകം എടുത്തു കൊണ്ടുവന്നു. അവള്‍ക്ക് 12 വയസ്സേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പലപ്പോഴും ബാലസാഹിത്യത്തിന്റെ അലമാരിയിലല്ല അവള്‍ പുസ്തകങ്ങള്‍ തെരഞ്ഞത്. കുട്ടികള്‍ക്കുവേണ്ടിയുള്ള പുസ്തകങ്ങള്‍ പോലെതന്നെ മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള പുസ്തകങ്ങളും അവള്‍ക്ക് ഇഷ്ടമായിരുന്നു. അതുകൊണ്ട് അരുണ മാലിയുടെ കഥകളും പള്ളിയറ ശ്രീധരന്റെ കണക്ക് വിശേഷങ്ങളും വായിച്ചു. അതേ ഉത്സാഹത്തോടെ ബഷീറിന്റെയും മാധവിക്കുട്ടിയുടെയും മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെയും കഥകളും പി കുഞ്ഞിരാമന്‍ നായരുടെയും വൈലോപ്പിള്ളിയുടെയും അയ്യപ്പപ്പണിക്കരുടെയും കവിതകളും എല്ലാം വായിച്ചു.
അരുണ ഒരിക്കലൊരു സാഹസം ചെയ്തു. "യുദ്ധവും സമാധാനവും' മലയാളതര്‍ജ്ജമ വായനശാലയില്‍നിന്നെടുത്തു. ആയിരത്തില്‍ ചില്വാനം പേജുകളും ഒരു കിലോയോളം തൂക്കവുമുള്ള നോവല്‍ അവളുടെ കൈയില്‍ കൊടുത്തുകൊണ്ട് വായനശാലയുടെ സെക്രട്ടറി ചോദിച്ചു, "അരുണേ, നിനക്കിത് വായിച്ചുതീര്‍ക്കാന്‍ പറ്റുമോ? അതും പോട്ടെ, നീ ഇതെങ്ങനെ വീട് വരെ ചുമക്കും?'' അരുണ നാണിച്ചുകൊണ്ട് പറഞ്ഞു, "ഞാന്‍ ശ്രമിച്ചുനോക്കാന്‍പോകുകയാണ്, അങ്കിളേ.''
അവളത് വീട്ടിലെത്തിച്ച് വായന തുടങ്ങി. രണ്ടു തവണ പുസ്തകത്തിന്റെ വായ്പക്കാലാവധി പുതുക്കേണ്ടിവന്നു. അച്ഛനും അമ്മയും മുത്തശ്ശിയും ചേച്ചിയും അനുജനും പലതവണ അവളെ നോക്കി മൂക്കില്‍ കൈവച്ച് അതിശയിച്ചു. പക്ഷേ, അഞ്ച് ആഴ്ചകൊണ്ട് അവള്‍ "യുദ്ധവും സമാധാനവും' വായിച്ചുതീര്‍ത്തു. എന്നിട്ട് മുഖം നിറയെ പുഞ്ചിരിയും, ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്ന ഒരു പുതിയ ലോകവുമായി, ആ തടിയന്‍ പുസ്തകവും തോളില്‍വച്ച് വായനശാലയില്‍ കയറിച്ചെന്നു. സെക്രട്ടറി സന്തോഷത്തോടെ പറഞ്ഞു, "മിടുക്കി! ഇതിന്റെ കഥ എനിക്ക് പറഞ്ഞുതരണം, കേട്ടോ! കാരണം എനിക്ക് ഇത് വായിച്ചുതീര്‍ക്കാന്‍ പറ്റില്ല. ഇനി നീ കൊച്ചുകുട്ടിയല്ല, സമ്മതിച്ചുതന്നിരിക്കുന്നു!'' അരുണ വീണ്ടും നാണിച്ചു.
