കിളിമലയിലെ താന്നിത്താഴെ തറവാടിന്റെ പല ശാഖകളിലായി, പല നാടുകളിലായി, ഇപ്പോള്‍ ആയിരത്തഞ്ഞൂറുപേരെങ്കിലും ഉണ്ടാവും. ചെന്നൈയിലും മുംബൈയിലും ബാംഗ്ലൂരിലും എന്നു വേണ്ട സകലമാന ഇന്ത്യന്‍ നഗരങ്ങളിലും താന്നിത്താഴെക്കുടുംബക്കാര്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഗള്‍ഫ് നാടുകളിലും അയര്‍ലണ്ടിലും അമേരിക്കയിലും ആസ്‌ട്രേലിയയിലുമൊക്കെ ദശകങ്ങള്‍ക്കുമുമ്പേ എത്തിപ്പെട്ട് നാടിനെ മിക്കവാറും മറന്ന മട്ടില്‍ കഴിയുന്ന വേറേ കുറെ പ്പേരുമുണ്ട്. എല്ലാവരെയും വിളിച്ചു കൂട്ടി ഒരു കുടുംബസംഗമം നടത്തുക അസാധ്യമാണെന്ന് അറിയാതെയല്ല തീയൂര്‍ ഹൈസ്‌കൂളിലെ ടി. ദിനേശന്‍ എന്ന താന്നി ദിനേശന്‍ മാഷ് ആ സാഹസത്തിന് ഒരുങ്ങിപ്പുറപ്പെട്ടത്. മൂപ്പരുടെ പ്രകൃതം അതാണ്. അസാധ്യമായതിനുമേല്‍ കൈവെക്കുക. എങ്ങനെയെങ്കിലും അതിനെ സാധ്യമാക്കുക.
ഒരു കൊല്ലത്തിലധികം അധ്വാനിച്ചാണ് ദിനേശന്‍ മാഷ് തന്റെ തറവാട്ടുകാരില്‍ തൊണ്ണൂറ് ശതമാനത്തിന്റെയും അഡ്രസ്സും അവരില്‍ ഒട്ടുമിക്കപേരുടെയും ഫോണ്‍ നമ്പറും സംഘടിപ്പിച്ചത്. ഫോണ്‍വിളിക്കും കത്തെഴുത്തിനുമായി മൂപ്പര്‍ ഭേദപ്പെട്ട തുക ചെലവഴിച്ചു. പലരെയും നേരില്‍ ചെന്നുകണ്ടു. ഇത്രയുമൊക്കെ പണിപ്പെട്ടതിന് ഫലമുണ്ടായി. കിളിമല സര്‍വീസ് ബാങ്കിനടുത്തുള്ള വിശാലമായ ഗ്രൗണ്ടില്‍ പന്തല്‍ കെട്ടി എണ്ണൂറ് കസേരകളും നാലുപേര്‍ക്കുവീതം സുഖമായി ഇരുന്നുണ്ണാവുന്ന ഇരുനൂറ് ഡൈനിങ് ടേബിളുകളും വാടകയ്‌ക്കെടുത്ത്, മൂന്നു നേരത്തെ ഭക്ഷണത്തിനുള്ള ഏര്‍പ്പാടും ആവശ്യത്തിന് താല്‍ക്കാലിക ശൗചാലയങ്ങളുമൊക്കെ ഒരുക്കി നടത്തിയ സംഗമത്തില്‍ പങ്കെടുക്കാന്‍ ഒന്നര വയസ്സുള്ള കുട്ടി മുതല്‍ നൂറ്റി രണ്ടു വയസ്സുള്ള കോരുക്കാരണവര്‍വരെ എഴുനൂറ്റിപ്പതിനൊന്നുപേര്‍ എത്തിച്ചേര്‍ന്നു.
രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒന്നര കഴിയുംവരെ തറവാടിന്റെ വിവിധ ശാഖകളുടെ പ്രതിനിധികളായ പതിനൊന്നുപേരുടെ പ്രസംഗമായിരുന്നു. "ഇനിയും നീട്ടിക്കൂടല്ലോ. ഒരുപാട് പരിപാടികള്‍ ബാക്കിയുള്ളതല്ലേ'’ എന്നു പറഞ്ഞാണ് മിക്കവരും പ്രസംഗം അവസാനിപ്പിച്ചത്. ഉച്ചയൂണിനുശേഷം സ്ത്രീകളുടെ ആറ് ബാച്ചുകള്‍ അവതരിപ്പിച്ച സംഘഗാനവും എട്ടുപേരുടെ കവിതാലാപനങ്ങളും കഴിയുമ്പോള്‍ മണി നാലര. അടുത്ത പരിപാടി ചായകുടിയും ഇലയട, നെയ്യപ്പം തുടങ്ങിയവ കഴിക്കലും.
